ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ വിദേശികൾക്ക് പകരം ഒമാനികളെ നിയമിക്കും
മസ്കത്ത്: ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ മുൻപ് വിദേശികൾ ചെയ്തിരുന്ന ജോലിക്ക് പകരമായി സ്വദേശികളെ നിയമിക്കും. 63 സ്വദേശികൾക്കാണ് ആരോഗ്യ മന്ത്രാലയം ജോലി വാഗ്ദാനം ചെയ്തത്. ലാബ് ടെക്നീഷ്യൻ, ഡെന്റൽ ടെക്നീഷ്യൻ എന്നീ ജോലികളിൽ ആരോഗ്യ മന്ത്രാലയത്തിന്റെ വിവിധ സ്ഥാപനങ്ങളിൽ വന്ന ഒഴിവിൽ നിയമനം നേടാൻ സന്നദ്ധരായ ഒമാനികളുടെ പേര് വിവരം ഒരു പ്രസ്താവനയിലൂടെ മന്ത്രാലയം പുറത്തു വിട്ടു.
ഈ തസ്തികകളിൽ ജോലി ചെയ്യാമെന്ന് അംഗീകരിച്ച സ്വദേശികൾ രണ്ട് ആഴ്ചക്കുള്ളിൽ മന്ത്രാലയത്തിന്റെ കീഴിലുള്ള തൊഴിൽ വകുപ്പിൽ റിപ്പോർട്ട് ചെയ്യണമെന്നും പ്രസ്താവനയിൽ പറയുന്നു. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് തീരുമാനം
ഒഴിവ് വന്ന 63 തസ്തികകളിൽ 60 എണ്ണവും ലാബ് ടെക്നിഷ്യൻ ജോലിക്കാർക്ക് ഉള്ളതാണ്. 3 ഒഴിവുകൾ ഡെന്റൽ ടെക്നീഷ്യന്മാർക്കും. ജോലി ചെയ്യാൻ സന്നദ്ധരായ 63 പേരിൽ 60 പേരും സ്ത്രീകളാണ്.
ഈ വര്ഷം ഫെബ്രുവരിയിൽ 200 വിദേശി നേഴ്സുമാർക്ക് പകരം മന്ത്രാലയം സ്വദേശി നേഴ്സുമാരെ നിയമിച്ചിരുന്നു. റോയൽ ഹോസ്പിറ്റൽ, ബുറൈമി, ഖസബ്, ജലൻ ബാനി, ബു അലി, സൊഹാർ, ഹൈമ, ഖൗല, സീബ്, ബോഷർ എന്നിവിടങ്ങളിലുള്ള ഹോസ്പിറ്റലുകളിലും, ക്ലിനിക്കുകളിലുമാണ് സ്വദേശി നേഴ്സുമാരെ നിയമിച്ചത്.
കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 550 വിദേശി നേഴ്സുമാർക്ക് പകരം സ്വദേശി നേഴ്സുമാരെ നിയമിച്ചിട്ടുണ്ടെന്നും, തുടർന്നും സ്വദേശി വൽക്കരണത്തിന്റെ ഭാഗമായി പൊതു മേഖലയിലും സ്വകാര്യ മേഖലയിലും സമാന നടപടികൾ ഉണ്ടാവുമെന്നും മന്ത്രാലയം അറിയിച്ചു.
ഒമാനിലെ പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വർഷം തോറും നിരവധി പേരാണ് ബിരുദം നേടി പുറത്തിറങ്ങുന്നത്. ഇത് മൂലം കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി തൊഴിൽ മേഖലയിലെ ചില വിഭാഗങ്ങളിൽ ഓമനികളുടെ എണ്ണം വർധിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa