Monday, September 23, 2024
OmanTop Stories

ഒമാനിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് പിഞ്ചു കുഞ്ഞടക്കമുള്ള ഇന്ത്യൻ കുടുംബത്തെ കാണാതായി

മസ്കത്ത്: ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 28 ദിവസം പ്രായമായ പിഞ്ചു കുഞ്ഞടക്കം ഇന്ത്യൻ കുടുംബത്തിലെ ആറ് പേർ ഒലിച്ചു പോയി. ഇവർ സഞ്ചരിച്ചിരുന്ന കാർ വാദി ബനീ ഖാലിദിൽ വെച്ച് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒലിച്ചു പോവുകയായിരുന്നു.

ഒമാനിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ സർദാർ ഫസൽ അഹ്മദും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ഒഴുകിപ്പോവുന്നതിനിടയിൽ ഒരു മരത്തിൽ പിടിത്തം കിട്ടിയ സർദാർ രക്ഷപ്പെടുകയായിരുന്നു.

എന്നാൽ ഇദ്ദേഹത്തിന്റെ ഭാര്യ അർഷി, പിതാവ് ഖാൻ, മാതാവ് ശബാന, 4 വയസ്സുകാരി മകൾ സിദ്ര, 2 വയസ്സുകാരൻ മകൻ സൈദ്, 28 ദിവസം മാത്രം പ്രായമുള്ള മകൻ നൂഹ് എന്നിവർ മലവെള്ള പാച്ചിലിൽ ഒലിച്ചുപോയി.

ഇവരെ കുറിച്ച് ഇത് വരെ ഒരു വിവരവും ഇല്ല. ഇന്നലെയും ഇന്നുമായി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഒഴുക്കിൽ പെട്ട ആറ് പേരും മരിച്ചിട്ടുണ്ടാവും എന്നാണ് അധികൃതരുടെ നിഗമനം.

പുതുതായി ജനിച്ച കുട്ടിയെ കാണാൻ വേണ്ടിയാണ് സർദാറിന്റെ മാതാപിതാക്കൾ നാട്ടിൽ നിന്നും ഒമാനിലേക്ക് വന്നത്. ഇന്ന് നാട്ടിലേക്ക് തിരിച്ചു പോവാനിരിക്കെയാണ് ഈ ദാരുണ സംഭവം. സംഭവത്തെ കുറിച്ച് സർദാർ വിവരിക്കുന്നത് ഇങ്ങനെ.

“മഴയുടെ ഒരു ലക്ഷണവും ഇല്ലാതിരുന്ന ദിവസം എല്ലാവരും കൂടെ പുറത്തു കാഴ്ചകൾ കാണാൻ ഇറങ്ങിയതായിരുന്നു. എന്നാൽ ഞങ്ങൾ വാദിയിൽ എത്തിയ ഉടനെ ആകാശം മേഘാവൃതമാവുകയും, ചെറിയ തോതിൽ മഴ പെയ്യാനും തുടങ്ങി. ഉടനെ തന്നെ ഞാൻ കാർ ഒരിടത്ത് പാർക്ക് ചെയ്തു. ചില ആളുകൾ അവിടെ നിന്ന് വേഗത്തിൽ തിരിച്ചു പോവുന്നത് കണ്ടു. എന്നാൽ ഞങ്ങൾ അത് അത്ര കാര്യമായി എടുത്തില്ല.

മഴ തുടങ്ങി ഏകദേശം പത്ത് മിനിറ്റോളം ഞങ്ങൾ അവിടെ നിന്നു. അപ്പോൾ ഒരു ഒമാനി പൗരൻ വന്ന് ഇവിടെ നിൽക്കുന്നത് അപകടമാണെന്ന് ഞങ്ങളോട് പറഞ്ഞപ്പോൾ ഞങ്ങൾ തിരിച്ചു പോവാൻ തീരുമാനിച്ചു. അവിടെ നിന്നും പുറത്ത് കടക്കാൻ ഒരേ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ.

എന്നാൽ അപ്പോഴേക്കും മലവെള്ളം ഇരച്ചു വരാൻ തുടങ്ങി. അടുത്തുള്ള ഉയർന്ന പ്രദേശത്ത് കയറി നിൽക്കാൻ ഞങ്ങൾ തീരുമാനിച്ചെങ്കിലും പിന്നീട് ചെറിയ കുട്ടിയെ മഴ കൊള്ളിക്കുന്നത് അപകടമാവും എന്ന് വിചാരിച്ച് കാറിൽ തന്നെ ഇരിക്കുകയായിരുന്നു.

എന്നാൽ മഴ ശക്തമാവുകയും വെള്ളത്തോടൊപ്പം കാർ നീങ്ങാനും തുടങ്ങിയപ്പോൾ, ഇനിയും കാറിൽ ഇരിക്കുന്നത് അപകടമാണെന്ന് മനസ്സിലാക്കി ഞങ്ങൾ പുറത്തിറങ്ങാൻ തീരുമാനിച്ചു.

ഡോർ തുറന്ന ഉടനെ എന്റെ മകൾ പുറത്തേക്ക് തെറിച്ചു. അവളെ പിടിക്കാൻ എന്റെ പിതാവും പുറത്തേക്ക് ചാടി. രണ്ടുപേരും ഒലിച്ചു പോയി. അവരെ നോക്കി കരയാനല്ലാതെ മറ്റൊന്നിനും ഞങ്ങൾക്ക് കഴിയില്ലായിരുന്നു. ഉടനെ വെള്ളം ശക്തമായി ഒഴുകി വരികയും എല്ലാവരും വെള്ളത്തിലേക്ക് വീഴുകയും ചെയ്തു.

മൂന്ന് നാല് പ്രാവശ്യം ഞാൻ വെള്ളത്തിൽ കിടന്ന് തിരിഞ്ഞു മറിഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഒരു ഈത്തപ്പന മരത്തിൽ എനിക്ക് പിടുത്തം കിട്ടുകയും അതിൽ പിടിച്ച് ഞാൻ പാറയിൽ ചവിട്ടി മുകളിലേക്ക് കയറുകയും ചെയ്തു. കുറച്ചു കയറിയപ്പോൾ വെള്ളത്തിൽ നിന്ന് സ്വല്പം അകലത്തിൽ എത്തിയ ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ചളി കലർന്ന വെള്ളം അല്ലാതെ ഒന്നും കാണാൻ കഴിഞ്ഞില്ല.

എന്റെ മാതാപിതാക്കളും, എന്റെ കുടുംബവും എനിക്ക് നഷ്ടപ്പെട്ടു. എന്റെ മകൾക്ക് നാല് വയസ്സ് മാത്രമാണ് പ്രായം. അവൾ ഇനി ഒരിക്കലും തിരിച്ചു വരില്ല. ആർക്കും ഇതുപോലെ ഒരു ഗതി വരുത്തല്ലേ എന്നാണ് എന്റെ പ്രാർത്ഥന”.

രക്ഷാപ്രവർത്തകർ ശനിയാഴ്ച വൈകുന്നേരം തന്നെ ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും രാത്രിയായതോടെ നിർത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ മുതൽ വീണ്ടും തിരച്ചിൽ ആരംഭിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇവർ സഞ്ചരിച്ചിരുന്ന വാഹനം സിവിൽ ഡിഫൻസ് കണ്ടെത്തിയിരുന്നു.

മഴ ശക്തമായി തുടരുന്നതിനാൽ ജനങ്ങളോട് വീടുകളിൽ തന്നെ കഴിച്ചുകൂട്ടാനും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q