സൗദിയിൽ പൊതു സ്ഥലങ്ങളിൽ മാന്യതയും മര്യാദയും ഉറപ്പ് വരുത്താനുള്ള നിയമം നടപ്പിലാക്കൽ ആരംഭിച്ചിട്ടില്ലെന്ന്
പൊതു സ്ഥലങ്ങളിൽ മാന്യതയും മര്യാദയും ഉറപ്പ് വരുത്തുന്നതിനുള്ള നിയമം പ്രാബല്യത്തിൽ വന്നെങ്കിലും നടപ്പിലാക്കൽ ആരംഭിച്ചിട്ടില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച മുതൽ ഈ നിയമം നടപ്പിലാക്കൽ ആരംഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയവും ടൂറിസം വകുപ്പും ചേർന്നാണു പരിശോധനയും പിഴയുമെല്ലാം തീരുമാനിക്കുകയെന്നും സൗദിയിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതേ സമയം നിയമം നടപ്പിലാക്കൽ ആരംഭിച്ചിട്ടില്ലെങ്കിലും താമസിയാതെ തന്നെ നിയമം നടപ്പാക്കുന്നതിനെക്കുറിച്ചുള്ള തീയതി പ്രഖ്യാപിക്കുമെന്നും ആഭ്യന്തര മന്താലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്.

രാജ്യത്തെ പൊതു സ്ഥലങ്ങളിൽ മാന്യതയും മര്യാദയും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള വ്യവസ്ഥയാണിത്. നിയമം ലംഘിക്കുന്നവർക്ക് 5000 റിയാൽ വരെയും ആവർത്തിക്കുന്നവർക്ക് ഇരട്ടി തുകയും പിഴ ചുമത്തും.

മാന്യതക്ക് നിരക്കാത്ത നിലക്കുള്ള വസ്ത്രങ്ങൾ ധരിച്ച് പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെടുക, പൊതു സ്ഥലങ്ങളിലോ വാഹനങ്ങളിലോ എന്തെങ്കിലും എഴുതുകയോ വരക്കുകയോ ചെയ്യുക, മറ്റുള്ളവർക്ക് ശല്യമാകുന്ന തരത്തിലുള്ള വാക്കുകൾ പൊതു സ്ഥലത്ത് പ്രയോഗിക്കൽ തുടങ്ങിയവയടക്കമുള്ള പൊതു മര്യാദക്ക് നിരക്കാത്ത വിവിധ പ്രവർത്തനങ്ങൾ പിഴ ലഭിക്കാവുന്ന സംഗതികളാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa