ഇഖാമയുള്ളവർക്ക് അതിഥികളെ കൊണ്ട് വരാനുള്ള വിസയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
ഇഖാമയുള്ള വിദേശികൾക്ക് സ്വന്തം ഉത്തരവാദിത്വത്തിൽ സൗദിയിലേക്ക് അതിഥികളെ കൊണ്ട് വരാനുള്ള ആതിഥേയ വിസയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറബ് മാധ്യമങ്ങൾ പുറത്ത് വിട്ടു.
90 ദിവസത്തേക്ക് സ്വന്തം ഉത്തരവാദിത്വത്തിൽ അതിഥികളെ സൗദിയിലേക്ക് കൊണ്ട് വരുന്നതിനുള്ള ആതിഥേയ വിസ നടപ്പാക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഹജ്ജ് ഉംറ കമ്മിറ്റി ഭാരവാഹി സൂചന നൽകിയിരുന്നു.
അബ്ഷിറിൽ അപേക്ഷിക്കുന്നതിലൂടെ വിസ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ഹജ്ജ് ഉംറ മന്ത്രാലയവും ജവാസാത്തും ആവിഷ്ക്കരിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പദ്ധതി പ്രകാരം ഒരാൾക്ക് 5 ആളുകളെ വരെ കൊണ്ട് വരാം. സ്വദേശികൾക്ക് ഏതൊരാളെയും കൊണ്ട് വരാൻ സാധിക്കും. അതേ സമയം വിദേശികൾക്ക് അടുത്ത ബന്ധുക്കളെയാണു കൊണ്ട് വരാൻ അനുമതിയുണ്ടാകുക എന്നാണു സൂചന.
ആതിഥേയ വിസക്ക് 500 റിയാൽ ആയിരിക്കും ഫീസ് എന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരാൾക്ക് വർഷത്തിൽ ചുരുങ്ങിയത് 3 തവണ സൗദിയിലേക്ക് വരാൻ സാധിക്കുന്ന രീതിയിലാണു വിസ ക്രമീകരിച്ചിട്ടുള്ളത്.
സൗദിയിലെത്തുന്ന അതിഥികൾക്ക് രാജ്യത്തെവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യവും സഞ്ചാരാനുമതിയും ടൂറിസം ഇവന്റുകളിലും മറ്റും പങ്കെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും.
വിസ ഫീസിനെക്കുറിച്ചും മറ്റു നിയമാവലികളെക്കുറിച്ചുമുള്ള ഔദ്യോഗിക പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്കകം വരുമെന്നാണു പ്രതീക്ഷ. വിസിറ്റിംഗിനു കുടുംബത്തെ കൊണ്ട് വരാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ നിരവധി പ്രവാസികൾക്ക് ആതിഥേയ വിസ വലിയ അനുഗ്രഹമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa