സൗദി അറേബ്യ ഇപ്പോഴും വിദേശികളായ തൊഴിലന്വേഷകരുടെ ഏറ്റവും വലിയ അഭയകേന്ദ്രം
ജിദ്ദ: നിതാഖാത്തും ലെവിയും ഫാമിലി ലെവിയും തുടങ്ങി വിവിധ തരത്തിലുള്ള തടസ്സങ്ങൾ ഉന്നയിക്കുംബോഴും സൗദി അറേബ്യ ഇപ്പോഴും വിദേശികളായ തൊഴിലന്വേഷകരുടെ ഇഷ്ട ഭൂമിയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സൗദി തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിദ്ധ്യം വലിയ തോതിൽ വർദ്ധിക്കുകയും നിരവധി വിദേശികൾ ഫൈനൽ എക്സിറ്റിൽ രാജ്യം വിടുകയും ചെയ്തിട്ടും ഇപ്പോഴും ഗൾഫിൽ ജോലിയന്വേഷിക്കുന്നവർക്ക് സൗദി അറേബ്യ വലിയ അവസരങ്ങളാണു ഒരുക്കിയിട്ടുള്ളതെന്ന് കണക്കുകൾ പരിശോധിക്കുംബോൾ വ്യക്തമാകുന്നു.
2019 ൽ മാത്രം സൗദി അറേബ്യയിലേക്ക് 12 ലക്ഷം തൊഴിൽ വിസകളാണു തൊഴിൽ മന്ത്രാലയം ഇഷ്യു ചെയ്തതെന്ന് സൗദി തൊഴിൽ മന്ത്രി പ്രഖ്യാപിച്ചത് ഈ മണ്ണിൽ അവസരങ്ങൾ ഇനിയും ഏറെയാണെന്നതിൻ്റെ തെളിവാണ്.
2018 ൽ സൗദി തൊഴിൽ മന്ത്രാാലയം ഇഷ്യു ചെയ്തിരുന്നത് 6 ലക്ഷം വിസകൾ മാത്രമായിരുന്നു എന്നത് ഈ സന്ദർഭത്തിൽ പ്രത്യേകം ഓർക്കേണ്ടതുണ്ട്.
കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി വിസകൾ ഈ വർഷം ഇഷ്യു ചെയ്തത് സൗദി അറേബ്യ നിക്ഷേപകർക്കും സംരഭകർക്കും വലിയ പ്രതീക്ഷ നൽകുന്നുണ്ടെന്നതിൻ്റെ തെളിവാണ്.
നിലവിൽ ഏഴ് ലക്ഷത്തോളം ഫ്രീലാൻസ് തൊഴിലുകൾ സൗദി അറേബ്യയിൽ ലഭ്യമാണെന്നും പക്ഷേ അവ ക്രമീകരിക്കപ്പെടേണ്ടതുണ്ടെന്നും തൊഴിൽ മന്ത്രി അഹമദ് അൽ റാജ്ഹി പറഞ്ഞു.
സ്വകാര്യ മേഖലയിൽ ആറു ലക്ഷത്തോളം തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി മന്ത്രാലയം പരിശ്രമിച്ചിട്ടുണ്ട്. ഇതിൽ ഒന്നേമുക്കാൽ ലക്ഷത്തോളം തൊഴിലുകൾ സൗദിവത്ക്കരിച്ചിട്ടുണ്ടെന്നും തൊഴിൽ മന്ത്രി അറിയിച്ചു. വ്യവസായ മേഖലക്കുള്ള ലെവി ഒഴിവായതോടെ വരും വർഷങ്ങളിലും ഇനിയും തൊഴിലവസരങ്ങൾ വർധിക്കുമെന്നത് തീർച്ചയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa