ജിദ്ദയിൽ നിന്ന് മക്കയിലേക്ക് 35 മിനുട്ട് കൊണ്ടെത്താൻ സഹായിക്കുന്ന റോഡിൻ്റെ നിർമ്മാണം പകുതിയിലധികം പൂർത്തിയായി
ജിദ്ദ: ജിദ്ദയിൽ നിന്ന് മക്കയിലേക്കുള്ള പുതിയ റോഡിൻ്റെ നിർമ്മാണം 52 ശതമാനത്തിലധികം പൂർത്തിയായതായി അധികൃതർ അറിയിച്ചു.
നാലു ട്രാക്കുകളുള്ള പുതിയ റോഡിൻ്റെ ആകെ നീളം 72 കിലോമീറ്ററായിരിക്കും. റോഡ് നിലവിൽ വരുന്നതോടെ ജിദ്ദയിൽ നിന്ന് മക്കയിലേക്ക് വെറും 35 മിനുട്ട് കൊണ്ട് എത്തിച്ചേരാം.
ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിൽ നിന്നും ജിദ്ദ ജൗഹറ സ്റ്റേഡിയത്തിൽ നിന്നും വളരെ എളുപ്പത്തിൽ മക്കയിലേക്ക് എത്തിപ്പെടാൻ സാധിക്കുന്ന പുതിയ പാത ജിദ്ദയുടെ വടക്ക്,കിഴക്ക് ഭാഗത്തുള്ളവർക്ക് ഏറെ ഉപകാരപ്പെടും.
ജിദ്ദ എയർപോർട്ടിൽ വന്നിറങ്ങുന്ന ഉംറ തീർത്ഥാടകർക്കായിരിക്കും ഇത് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക. മറ്റു റോഡുകളിലെ ഗതാഗതത്തിരക്കുകളിൽ പെടാതെ തീർത്ഥാടകർക്ക് എളുപ്പത്തിൽ മക്കയിലെത്താൻ കഴിയും.
ജിദ്ദ ഹയ്യു നുസ്ഹയിലെ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് ബ്രിഡ്ജ് ഭാഗത്ത് നിന്ന് ആരംഭിക്കുന്ന റോഡ് മക്ക ഹയ്യുസലാമയിലെ തേർഡ് റിംഗ് റോഡിലാണു അവസാനിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa