സൗദിയിൽ കർഫ്യൂ സമയത്ത് പ്രവാസികൾ ശ്രദ്ധിക്കേണ്ടത്
ജിദ്ദ: സൗദിയിൽ കഴിഞ്ഞ ദിവസം മുതൽ വൈകുന്നേരം 7 മുതൽ രാവിലെ 6 വരെ കർഫ്യൂ നിലവിൽ വന്നതോടെ സുരക്ഷാ വിഭാഗം പരിശോധനയും ശക്തമാക്കിയിരിക്കുകയാണ്.
കർഫ്യൂ സമയത്ത് പുറത്തിറങ്ങുന്നവർക്ക് 10,000 റിയാൽ പിഴയും ആവർത്തിച്ചാൽ ഇരട്ടി തുകയും തടവ് ശിക്ഷയുമെല്ലാം അനുഭവിക്കേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
ഈ സമയത്ത് വെറുതെ പുറത്തിറങ്ങി പരീക്ഷണത്തിനു മുതിരുകയും അധികൃതരുടെ കണ്ണിൽപ്പെടുകയും ചെയ്താൽ നമുക്ക് നഷ്ടമാകുന്നത് 10,000 റിയാലായിരിക്കും.
അത്യാവശ്യം സാധനങ്ങൾ വാങ്ങണമെന്നുണ്ടെങ്കിൽ കർഫ്യൂ സമയം അല്ലാത്ത പകൽ 6 മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയം മാത്രം വിനിയോഗിക്കുന്നതായിരിക്കും നല്ലത്.
ഇന്ന് ഒരു പ്രവാസി സുഹൃത്തിൻ്റെ വോയ്സ് ക്ളിപ്പ് കേൾക്കാനിടയായി. 7 മണി കഴിഞ്ഞ് റൂമിലേക്ക് വാഹനവുമായി വന്നപ്പോൾ ഭാഗ്യം കൊണ്ടാണു റോഡ് ചെക്കിംഗിൽ നിന്ന് രക്ഷപ്പെട്ടതെന്നും അവസാനം റൂമിലേക്ക് കയറാനുള്ള ഒരുക്കത്തിനിടയിൽ പിടിക്കപ്പെടുകയും വാണിംഗ് തന്ന് വിടുകയും ചെയ്തുവെന്നായിരുന്നു വോയ്സ് ക്ളിപ്പ്. ഇത് പോലെ എപ്പോഴും വാണിംഗ് ലഭിക്കണമെന്നില്ല. മാത്രമല്ല കഴിഞ്ഞ ദിവസം തന്നെ പലർക്കും പിഴ ചുമത്തിയതായും റിപ്പോർട്ടുകളും ഉണ്ട്.
റൂമിലെ വെയ്സ്റ്റുകളോ മറ്റോ രാത്രി തന്നെ പുറത്തേക്ക് കൊണ്ട് പോയി ഒഴിവാക്കുന്ന പതിവുണ്ടെങ്കിൽ നിലവിലെ സാഹചര്യത്തിൽ അക്കാര്യങ്ങളെല്ലാം പകൽ സമയത്ത് ചെയ്യുകയായിരിക്കും നല്ലത്.
രാത്രി അത്യാവശ്യം ഭക്ഷണം വേണമെന്നുണ്ടെങ്കിൽ ആപ്പുകൾ വഴി ഡെലിവറി സംവിധാനം ചെയ്യുന്നതിനു നിലവിൽ വിലക്കില്ലെന്നതിനാൽ അത്തരം മാർഗ്ഗങ്ങൾ തേടുകയും ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പുറത്തേക്കിറങ്ങാതിരിക്കുകയും ചെയ്യുന്നതാണു നല്ലത്.
ബഖാലകളും സൂപർമാർക്കറ്റുകളും തുറക്കാൻ അനുമതിയുണ്ടെങ്കിലും അവിടെ സാധനങ്ങൾ വാങ്ങാൻ പോകാൻ എല്ലാവർക്കും കർഫ്യൂ സമയത്ത് അനുമതിയില്ലെന്നത് ഓർക്കുക. കർഫ്യൂ സമയത്ത് ഇളവുള്ള, അധികൃതർ നേരത്തെ അറിയിച്ച നിർണ്ണായകമായ ജോലികൾ ചെയ്യുന്നവർക്ക് ആ സമയങ്ങളിൽ പുറത്തിറങ്ങുന്നതിനു അനുമതിയുള്ളതിനാൽ അത്തരക്കാർക്ക് മാത്രമേ ബഖാലാകളും സൂപർമാർക്കറ്റുകളുമെല്ലാം ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളൂ എന്നാണ് മനസ്സിലാകുന്നത്.
അതോടൊപ്പം , കർഫ്യൂ എങ്ങനെയുണ്ട്, ആരെങ്കിലും പുറത്തുണ്ടോ. പരിശോധനയൊക്കെ നടക്കുന്നുണ്ടോ എന്നൊക്കെ അറിയാനുള്ള ആകാംക്ഷകൾ ഒഴിവാക്കുന്നതും നല്ലതാണ്.
ചുരുക്കത്തിൽ രാജ്യത്തെ ഓരോ സ്വദേശിയുടെയും വിദേശിയുടെയും ആരോഗ്യ സുരക്ഷ ലക്ഷ്യമാക്കി സൗദി അധികൃതർ പ്രഖ്യാപിച്ച ഈ കർഫ്യൂ നിയമങ്ങൾ പാലിക്കുന്നതിലൂടെ കൊറോണയെ തുരത്തുന്ന പോരാട്ടത്തിൽ നമ്മളും ഒരു കണ്ണിയായി മാറുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa