സൗദിയിൽ ട്രാഫിക് പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ.
റിയാദ്: കോവിഡ്-19 മായി ബന്ധപ്പെട്ട് തലസ്ഥാന നഗരിയിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്തിയ ആൾ പിടിയിൽ.
കർഫ്യുവിന്റെ ഭാഗമായി സ്ഥാപിച്ച ചെക്ക് പോയിന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്തിയ യുവാവിനെയാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെ 11 മണിക്കായിരുന്നു അറസ്റ്റിനാസ്പദമായ സംഭവം. അമിത വേഗത്തിൽ കാറോടിച്ച് വന്ന 23 വയസ്സുകാരൻ ചെക്ക് പോയിന്റിൽ ഉണ്ടായിരുന്ന രണ്ട് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോകുകയായിരുന്നു.
ഗുരുതരപരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ഉടൻ തന്നെ അടുത്തുള്ള ആസ്പത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു.
പിടിക്കപ്പെടാതിരിക്കാൻ വേണ്ടി പ്രതി കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുവെക്കുകയും വാഹനംരൂപമാറ്റം വരുത്തുകയും ചെയ്തിരുന്നതായി പോലീസ് അറിയിച്ചു.
ഇന്നലെ ദുഹർ നമസ്കാരാനന്തരമാണ് മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ ഹാനി അൽ ഉസൈമിയുടെ മയ്യിത്ത് ഖബറടക്കിയത്. ഉത്തര റിയാദിലെ ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം നടന്നത്.
കോവിഡ്-19 ന്റെ വ്യാപനുവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പിതാവും അടുത്ത ബന്ധുക്കളും ട്രാഫിക് പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥരും മാത്രമാണ് കർമങ്ങളിൽ പങ്കെടുത്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa