സൗദിയിൽ പുതിയ രീതികളിലുള്ള വ്യാപക പരിശോധനകൾ ഫലം കാണുന്നു; കൊറോണ രോഗികളുടെ എണ്ണം 8000 കടന്നു
ജിദ്ദ: സൗദിയിലെ കൊറോണ-കോവിഡ്19 ബാധിച്ചവരെ കണ്ടെത്തുന്നതിനു അധികൃതർ പുതിയ രീതികൾ അവലംബിച്ചതിനു ഫലമുണ്ടാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം പുതിയ 1132 കോവിഡ് കേസുകളാാണു ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ 8274 ആയി ഉയർന്നിട്ടുണ്ട്. എന്നാൽ ഇതിൽ 6853 കേസുകൾ മാത്രമാണു ആക്റ്റീവ് ആയിട്ടുള്ളത്. പുതുതായി 280 പേർക്ക് കൂടി അസുഖം ഭേദമായതോടെ ആകെ 1329 പേർ ഇതിനകം രോഗമുക്തി നേടിയിട്ടുണ്ട് എന്നത് വലിയ ആശ്വാസം നൽകുന്നു.
5 മരണമാണു പുതുതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ ജിസാനിലുള്ള 34 വയസ്സായ ഒരു സൗദി പൗരനും നാലു വിദേശികളും ഉൾപ്പെടുന്നു. 3 പേർ മക്കയിലും ഒരാൾ ജിദ്ദയിലുമാണു മരിച്ചത്. 45 നും 80 നും ഇടയിലാണു മരിച്ച വിദേശികളുടെ പ്രായം. അവരിൽ അധികവും നേരത്തെ മറ്റു അസുഖങ്ങൾ ഉള്ളവരായിരുന്നു. നിലവിൽ 78 കേസുകൾ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
ശക്തമായ ഫീൽഡ് വർക്കും പരിശോധനകളുമാണു നടക്കുന്നത് എന്നതിൻ്റെ സൂചനയാണു വൈറസ് ബാധിതരുടെ എണ്ണം ഇപ്രകാരം വർധിക്കുന്നതിനു കാരണമായിട്ടുള്ളത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലും ലേബർ ക്യാംബുകളിലും വഴിയിൽ വെച്ചുമെല്ലാം പരിശോധനകൾ പുരോഗമിക്കുന്നുണ്ട്. ഇത് നിലവിൽ വൈറസ് ബാധിച്ചവരെയെല്ലാം പെട്ടെന്ന് കണ്ടെത്തുന്നതിനും അവരെ ഐസൊലേറ്റ് ചെയ്യുന്നത് വഴി മറ്റുള്ളവർക്ക് പകരുന്നത് ഒഴിവാക്കാനും തുടക്കത്തിലേ മികച്ച ചികിത്സ നൽകുന്നതിനും സഹായിക്കും.
മക്കയിലാണു പുതുതായി ഏറ്റവും കൂടുതൽ വൈറസ് ബാധിതരെ കണ്ടെത്തിയിട്ടുള്ളത്. 315 പേർക്കാണു മക്കയിൽ മാത്രം സ്ഥിരീകരിച്ചത്. ജിദ്ദ 236, റിയാദ് 225, മദീന 186, ദമാം 88, ജുബൈൽ 27, തബൂക്ക് 13, ത്വാഇഫ് 10, ഹുഫൂഫ് 6, ബുറൈദ 5, ഖോബാർ 4, ഖുൻഫുദ 4, ദഹ്രാൻ 2, അബ്ഹ 2, ബിഷ, അൽ മുളൈലിഫ്, ഖമീസ് മുഷൈത്ത്, തുറൈബാൻ, ഉനൈസ, ജിസാൻ, ബുകൈരിയ, ഹായിൽ, അൽ ജഫർ എന്നിവിടങ്ങളിൽ ഓരോ കേസ് വീതം എന്നിങ്ങനെയാണു മറ്റു ഭാഗങ്ങളിലെ വൈറസ് ബാധിതരുടെ വിവരങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa