സൗദി പൗരന്മാരെ തിരിച്ചെത്തിക്കാനായി ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വിമാന യാത്ര നടത്തി സൗദി എയർലൈൻസ്; ഇതാണ് ഒരു രാജ്യത്തിന്റെ കരുതൽ
റിയാദ്: മണിക്കൂറുകൾ നീണ്ട തുടർച്ചയായ യാത്രക്ക് ശേഷം സൗദി അറേബ്യൻ എയർലൈൻസ് വിമാനം വെള്ളിയാഴ്ച വൈകുന്നേരം റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. അമേരിക്കയിൽ കുടുങ്ങിയ 187 സൗദി പൗരന്മാരെ തിരിച്ചെത്തിക്കാൻ അമേരിക്കയിലേക്കും തിരിച്ച് സൗദിയിലേക്കുമായി 35 മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള യാത്രയാണു സൗദിയ വിമാനം നടത്തിയത്.
ജിദ്ദയിൽ നിന്ന് ലോസ് ആഞ്ചൽസിലേക്കും തിരിച്ച് റിയാദിലേക്കും വന്ന വിമാനത്തിൽ 8 പൈലറ്റുമാരും 35 സഹായികളുമായിരുന്നു ഉണ്ടായിരുന്നത്. 4 എയർ ക്രൂ യാത്ര നയിച്ചു. ഒരു ഭാഗത്തേക്ക് മാത്രം ഏകദേശം 13,000 ത്തിലധികം കിലോമീറ്ററാണു വിമാനം പറന്നത്. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസായിരിക്കും ഇതെന്നാണു കരുതപ്പെടുന്നത്.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം ലോസ് ഏഞ്ചൽസിലേക്ക് തുടർച്ചയായി 17 മണിക്കൂറോളമാണു പറന്നത്. ലോസ് ആഞ്ചൽസ് ഏയർപോർട്ടിലെത്തി ഒന്നര മണിക്കൂറിനുള്ളിൽ സൗദി പൗരന്മാരെ വിമാനത്തിൽ കയറ്റി തിരിച്ച് വിമാനം റിയാദിലേക്ക് പറന്നു.
15 മണിക്കൂറിലധികം തുടർച്ചയായ പറക്കലിനുശേഷം, വിമാനം സൗദിയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചയുടനെ, സൗദി എയർ നാവിഗേഷൻ കമ്പനിയുടെ എയർ കൺട്രോളർ താഴെ പറയുന്ന സ്വാഗത വാചകത്തോടെ സൗദി പൗരന്മാരെ സ്വീകരിച്ചു.
”സൗദി സിവിൽ ഏവിയേഷൻ ആൻഡ് എയർ നാവിഗേഷൻ അതോറിറ്റി നിങ്ങളെ ഏറ്റവും വിലയേറിയ നാടിൻ്റെ ആകാശത്ത് സ്വാഗതം ചെയ്യുന്നു. രാജ്യം നിങ്ങളുടെ യാത്രയെ പടിപടിയായി പിന്തുടർന്നു. അഭൂതപൂർവമായ ഈ ചരിത്രനേട്ടത്തിന് ഞങ്ങൾ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു.”
തുടർന്ന് വിമാന യാത്രയെ നിയന്ത്രിച്ചവർക്കും അഭിവാദ്യം അർപ്പിക്കുകയുണ്ടായി: ”ഞങ്ങളുടെ സഹോദരന്മാർ നിങ്ങളുടെ കൂടെ സ്വദേശത്തേക്ക് മടങ്ങിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
നിങ്ങൾ വഹിക്കുന്ന ഉത്തരവാദിത്തത്തിന്റെ മനോഭാവം നിങ്ങൾ അഭിമാനപൂർവ്വം ലോകത്തിന് മുന്നിൽ പ്രകടിപ്പിച്ചു, നിങ്ങൾക്ക് നന്ദി, അഭിനന്ദനം, ദൈവം അനുഗ്രഹിക്കട്ടെ.” എന്നായിരുന്നു സന്ദേശം.
സൗദി പൗരന്മാരെ തിരികെയെത്തിക്കുന്നതിനായി സൗദി അധികൃതർ കാണിച്ച ഉത്തരവാദിത്വവും അർപ്പണവും ലോകത്തെ മറ്റു ഏത് രാജ്യങ്ങൾക്കും ഒരു പാഠമാണെന്ന് തന്നെ പറയാം. കാരണം അത്രമാത്രം കരുതലും സേവനങ്ങളുമാണു വിദേശത്ത് കുടുങ്ങിയ ഓരോ പൗരനും ഭരണകൂടം നൽകിയത്.
കൊറോണ കാരണം വിമാന ഗതാഗതം നിർത്തിവച്ചതിനെത്തുടർന്ന് കുടുങ്ങിപ്പോയ വിവിധ രാജ്യങ്ങളിൽ നിന്ന് മടങ്ങിവരാൻ തയ്യാറുള്ള സൗദി പൗരന്മാരെ തിരിച്ചെത്തിക്കാൻ സൽമാൻ രാജാവ് ഉത്തരവിട്ട പ്രത്യേക ക്രമീകരണത്തിന്റെ ഭാഗമായാണ് വിമാനം സർവീസ് നടത്തിയത്.
മടങ്ങിയെത്തിയ പൗരന്മാർ ഏറെ സന്തോഷം പ്രകടിപ്പിച്ചു, രാജ്യത്ത് എത്തുന്നതുവരെ വിദേശത്ത് താമസിക്കുന്നതിനിടെ അവർക്ക് ലഭിച്ച പരിചരണത്തിനും ശ്രദ്ധയ്ക്കും ഭരണകൂടത്തിന് നന്ദിയും അഭിനന്ദനവും അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa