ന്യൂയോർക്ക് ടൈംസ് കൊറോണ ബാധിച്ചെന്ന് വ്യാജ ആരോപണം ഉന്നയിച്ച റിയാദ് ഗവർണ്ണർ കൊറോണ ദുരിതബാധിതരെ സഹായിക്കാനുള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.
റിയാദ്: കൊറോണ ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണെന്ന് ന്യൂയോർക്ക് ടൈംസ് വ്യാജ വാർത്ത നൽകിയ റിയാദ് ഗവർണ്ണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ കൊറോണ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള ഖൈറാത് അൽ റിയാദ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ഏപ്രിൽ ആദ്യത്തിൽ ന്യൂയോർക്ക് ടൈംസ് റിയാദ് ഗവർണ്ണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് രാജകുമാരനടക്കം 150 സൗദി രാജകുമാരന്മാർ കൊറോണയുടെ പിടിയിലാണെന്ന് വ്യാജ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു.
എന്നാൽ ഈ റിപ്പോർട്ടിനെ ശക്തമായി വിമർശിച്ച് കൊണ്ട് തുർക്കി ബിൻ ഫൈസൽ രാജകുമാരൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 20 താഴെ രാജകുടുംബാംഗങ്ങൾക്ക് മാത്രമാണു വൈറസ് ബാധിച്ചിട്ടുള്ളതെന്നും ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ടിൻ്റെ രീതി സൗദിയെ ലക്ഷ്യം വെച്ചുള്ളതാണെന്നും തുർക്കി രാജകുമാരൻ പ്രസ്താവിച്ചിരുന്നു.

റിയാദ് മേഖലയിലെ കൊറോണ മൂലം ദുരിതബാധിതരായ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും യഖീൻ സേവനത്തിൽ രജിസ്റ്റർ ചെയ്തുകൊണ്ട് ആനുകൂല്യങ്ങളോ സഹായങ്ങളോ ലഭിക്കാനുള്ള അഭ്യർത്ഥനകൾ സമർപ്പിക്കുന്നതിനുള്ള പദ്ധതിയായിരുന്നു റിയാദ് ഗവർണ്ണർ ഉദ്ഘാടനം ചെയ്തത്.
സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെയും സാമൂഹിക സേവനങ്ങൾക്കുള്ള പിന്തുണയെ റിയാദ് ഗവർണ്ണർ പ്രത്യേകം പരാമർശിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa