സൗദിയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾ കയറിയ കടകൾ അടപ്പിച്ചു
റിയാദ്: സൗദിയിലെ ഷോപ്പിംഗ് മാളുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും കർഫ്യു ഇളവനുവദിച്ച സമയത്ത് നിബന്ധനകളോടെ തുറക്കാൻ അനുമതി നൽകിയത് കണിശമായിത്തന്നെ അധികൃതർ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.

15 വയസ്സിനു താഴെയുള്ള കുട്ടികൾ കയറി എന്ന നിയമ ലംഘനം ബോധ്യപ്പെട്ടതിനെത്തുടർന്ന് ഖുറയാതിലെ രണ്ട് ഷോപിംഗ് സെൻ്ററുകളാണു ഖുറയാത്ത് മുനിസിപ്പാലിറ്റി അധികൃതർ കഴിഞ്ഞ ദിവസം അടപ്പിച്ചത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായുള്ള സുരക്ഷാ നിർദ്ദേശങ്ങളിൽ കടകളിലേക്ക് 15 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ കൊണ്ട് പോകുന്നത് വിലക്കിയിരുന്നു.
പ്രസ്തുത നിയമം ലംഘിച്ച് 15 വയസ്സിനു താഴെയുള്ള കുട്ടികളെ പ്രവേശിപ്പിച്ച രണ്ട് ഷോപിംഗ് സെൻ്ററുകൾ അടപ്പിച്ചതായി ഖുറയാത്ത് ബലദിയ മേധാവി സുമൈഹാൻ അശംരിയാണു അറിയിച്ചത്. കടക്ക് പിഴയും ചുമത്തി.

ഇതോടൊപ്പം കൊറോണ വൈറസ് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാതിരുന്ന മറ്റു 8 കടകൾക്ക് പിഴയും ചുമത്തിയതായി ഖുറയാത് ബലദിയ അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa