കോവിഡ് 19; സൗദിയിൽ മരണ നിരക്ക് കുറയുന്നു; പുതിയ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.
ജിദ്ദ: സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിവസം തോറും വർധിച്ചു വരികയാണ്. എന്നാൽ രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവിനിടയിലും മരണ നിരക്ക് കുറയുന്നു എന്നത് ആശ്വാസം നൽകുന്നതാണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 1,645 പുതിയ കേസുകളാണ്. 7 പേർ മരണപ്പെട്ടു. ഇതോടെ ആകെ രോഗികളുടെ എണ്ണം 28,656 ആയി. 191 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 364,561 ആളുകളിലാണ് ഇതുവരെ കോവിഡ് ടെസ്റ്റ് നടത്തിയത്.
കുറച്ചു ദിവസങ്ങളായി 1,300 ന് മുകളിലായിട്ടായിരുന്നു ഓരോ ദിവസവും റിപ്പോർട്ട് ചെയ്തിരുന്ന കേസുകൾ. ഇത് ഇന്നലെ 1,500 ഉം ഇന്ന് 1,600 കടന്നിരിക്കുകയാണ്. എന്നാൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് മരണ നിരക്കിൽ വർദ്ധനവില്ല.

മക്കയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്, 287 കേസുകൾ. ദമ്മാമിലും, ജിദ്ദയിലും 261 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജുബൈലിൽ പുതിയ രോഗികളുടെ എണ്ണം 217 ആണ്.
342 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗവിമുക്തരായി. സൗദിയിൽ ആകെ രോഗവിമുക്തരായവരുടെ എണ്ണം 4,476 ആയി. 23,989 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa