ഇന്ത്യയുടെ അനുമതി ഇപ്പോഴും ലഭിച്ചില്ല; സൗദി എയർലൈൻസിന്റെ സ്‌പെഷ്യൽ ഫ്‌ളൈറ്റുകൾക്ക് പറക്കാനാകുന്നില്ല
ജിദ്ദ: ഇന്ത്യാ ഗവണ്മെൻ്റിൻ്റെ അനുമതി ഇനിയും ലഭിക്കാൻ വൈകുന്നതിനാൽ സൗദി എയർലൈൻസിൻ്റെ സൗദിയിൽ നിന്നുള്ള സ്പെഷ്യൽ വിമാനങ്ങൾക്ക് ഇന്ത്യയിലേക്ക് പറക്കാൻ സാധിക്കുന്നില്ല.
വിമാന യാത്രക്കുള്ള ടിക്കറ്റ് നിരക്കുകൾ വരെ സൗദിയ തയ്യാറാക്കിയിട്ടുണ്ടെന്നും എന്നാൽ ഇന്ത്യയുടെ അനുമതി ലഭിക്കാത്തത് സർവീസ് തുടങ്ങുന്നതിനു ഇപ്പോഴും തടസ്സമായി നിൽക്കുകയാണെന്നും ജിദ്ദയിലെ ട്രാവൽ ഏജൻ്റായ അബ്ദുറസാഖ് വിപി ഞങ്ങളോട് പറഞ്ഞു.
നിലവിൽ കേന്ദ്ര ഗവണ്മെൻ്റ് എയർ ഇന്ത്യ വഴി ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നുണ്ടെങ്കിലും സൗദി എയർലൈൻസിനു കൂടി അനുമതി ലഭിക്കുകയാണെങ്കിൽ കൂടുതൽ ഇന്ത്യക്കാർക്ക് സ്വദേശങ്ങളിൽ എത്താൻ ഈ സമയത്ത് സാധിക്കും.
അതേ സമയം സൗദിയ സ്പെഷ്യൽ ഫ്ളൈറ്റുകൾക്ക് അനുമതി ലഭിക്കാൻ വൈകുന്നത് സൗദിയിൽ നിന്ന് നാട്ടിലേക്ക് ചാർട്ടേഡ് ഫ്ളൈറ്റ് സർവീസുകൾ നടത്താൻ തീരുമാനിച്ച വിവിധ സംഘടനകൾക്കും ട്രാവൽ ഏജൻസികൾക്കും അതിൽ യാത്ര ചെയ്യാമെന്ന് കരുതിയിരുന്ന നൂറു കണക്കിനു പ്രവാസികൾക്കും തിരിച്ചടിയാകും.
നിലവിൽ ഇന്ത്യ ഗവണ്മെൻ്റ് നടത്തുന്ന സർവീസുകളുടെ എണ്ണം വലിയ തോതിൽ വർധിപ്പിക്കുകയോ മറ്റു എയർലൈനുകൾക്ക് ഇന്ത്യയിൽ ലാൻഡിംഗ് അനുമതി നൽകുകയോ ചെയ്യുക മാത്രമാണു ഈ അവസരത്തിൽ പ്രശ്ന പരിഹാരത്തിനു പോം വഴി.
ഗൾഫ് രാജ്യങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ ജോലിയില്ലാതെയും അസുഖങ്ങളും മറ്റുമായും കഷ്ടപ്പെടുന്ന നിരവധി പ്രവാസികൾക്ക് വേഗത്തിൽ നാടണയുന്നതിനു ഇന്ത്യാ ഗവണ്മെൻ്റിൻ്റെ ശ്രദ്ധ ഇക്കാര്യത്തിൽ പതിയേണ്ടിയിരിക്കുന്നു.
വിവിധ വിദേശ രാജ്യങ്ങളിലേക്ക് നിലവിൽ സൗദി എയർലൈൻസിൻ്റെ സ്പെഷ്യൽ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഔദ പദ്ധതി വഴി രെജിസ്റ്റർ ചെയ്തവരെയെല്ലാം സൗദിയയുടെ വിമാനങ്ങളിൽ അവരവരുടെ രാജ്യങ്ങളിൽ എത്തിക്കുന്നത് ദിവസങ്ങൾക്ക് മുംബേ ആരംഭിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa