വിലക്ക് ലംഘിച്ച് വിദേശികളുടെ ഒത്തുകൂടൽ; സൗദിയിൽ അനുശോചന ചടങ്ങിൽ പങ്കെടുത്ത ഓരോരുത്തർക്കും10,000 റിയാൽ വീതം പിഴ.
റിയാദ്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ നിലനിൽക്കെ, വിലക്ക് ലംഘിച്ച് ഒത്തുകൂടിയ വിദേശികൾക്ക് അധികൃതർ കനത്ത പിഴ ചുമത്തി.
അബഹയിലാണ് അനുശോചന ചടങ്ങിൽ പങ്കെടുത്ത 22 പേർക്ക് അധികൃതർ പിഴ ചുമത്തിയത്. ചടങ്ങിൽ പങ്കെടുത്ത ഓരോരുത്തർക്കും 10,000 റിയാൽ വീതം മൊത്തം 220,000 റിയാലാണ് പിഴ ചുമത്തിയത്.
5ൽ കൂടുതൽ പേർ ഒരുമിച്ചു കൂടുന്നതിന് ഈയിടെയായി സൗദിയിൽ നിരോധനം ഏർപ്പെടുത്തുകയും, നിയമലംഘകർക്ക് കനത്ത പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
കുടുംബങ്ങൾ തമ്മിലുള്ള ഒത്തുചേരലുകൾക്ക് 10,000 റിയാലാണ് പിഴ. ഇത് പ്രകാരമാണ് വിലക്ക് ലംഘിച്ച് അനുശോചന ചടങ്ങിൽ പങ്കെടുത്ത അറബ് വംശജരായ വിദേശികൾക്ക് പിഴ ചുമത്തിയത്.
വൈറസ് വ്യാപനത്തിനു നേരിട്ടു കാരണമായിട്ടുള്ള ഒത്തുചേരലുകൾ നിയന്ത്രിക്കുക എന്ന് ലക്ഷ്യമിട്ടാണ് പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതെന്നും, ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടാൽ വിവരമറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa