Sunday, November 24, 2024
Saudi ArabiaTop Stories

മതനിന്ദ; സൗദിയിൽ ജോലിയിൽ നിന്ന് പിരിച്ചു വിട്ടത് ഇന്ത്യൻ പ്രൊഫസ്സറെയെന്ന് സൂചന, വിദ്യാർത്ഥികൾക്ക് മാർക്ക് കുറച്ചു നൽകിയെന്നും പരാതി.

ജിസാൻ: സൗദിയിൽ ഇന്നലെ ജിസാൻ സർവകലാശാലയിൽ നിന്ന് പിരിച്ചു വിടപ്പെട്ട പ്രൊഫസ്സർ, ഇന്ത്യക്കാരനാണെന്നു സൂചന. സർവ്വകലാശാല അധികൃതർ ഔദ്യോഗികമായി ഇയാളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

എന്നാൽ സർവകലാശാലയുടെ ട്വിറ്റർ മെസ്സേജിന് താഴെ നീരജ് ബേദി എന്ന ഇന്ത്യൻ പ്രൊഫസറുടെ വർഗീയപരാമർശമുള്ള ട്വീറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളുമായി നിരവധി പേർ കമന്റ് രേഖപ്പെടുത്തിയതോടെയാണ് പിരിച്ചുവിടപ്പെട്ട പ്രൊഫസ്സർ ഇന്ത്യക്കാരനാണെന്ന് വ്യക്തമായത്.

നിരവധി പേർ ട്വിറ്ററിൽ ഇയാൾക്കെതിരെ പ്രതിഷേധവുമായി രംഗത്തു വന്നു. ട്വിറ്ററിൽ ഇയാൾ പോസ്റ്റ് ചെയ്ത വർഗീയ സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് പ്രതിഷേധവുമായി ആളുകൾ രംഗത്ത് വന്നത്.

ഇസ്ലാം മതത്തെ മോശമായി ചിത്രീകരിച്ചും, നരേന്ദ്രമോദിയെ പുകഴ്ത്തിയും, കൊറോണ പരത്തിയത് മുസ്ലിങ്ങളാണ് എന്ന രീതിയിലുമുള്ള മെസ്സേജുകളാണ് ഇയാൾ പോസ്റ്റ് ചെയ്തതായി പറയുന്ന സ്ക്രീൻഷോട്ടുകളിൽ കാണുന്നത്.

എന്നാൽ ഇയാളുടെ പേരിൽ പ്രചരിക്കുന്ന വർഗീയ പരാമർശങ്ങൾ പോസ്റ്റ് ചെയ്ത ട്വിറ്റർ അക്കൗണ്ട് ഇപ്പോൾ നിലവിലില്ല. പ്രതിഷേധം കനത്തതോടെ ഇയാൾ അക്കൗണ്ട് ഡിലീറ്റ് ആക്കി എന്നാണ് കരുതുന്നത്.

വർഷങ്ങളോളമായി ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും കൈപറ്റി ജിസാൻ യൂണിവേഴ്സിറ്റിയിൽ ഡിപ്പാർട്മെന്റ് മേധാവിയായി ജോലി ചെയ്തിരുന്ന ഇയാൾ വിദ്യാർത്ഥികൾക്ക് മാർക്ക് കുറച്ചു നൽകിയിരുന്നതായും പരാതിയുണ്ട്.

സർവകലാശാല ഇയാൾക്കെതിരിൽ നടപടി സ്വീകരിക്കുന്നതിന് മുൻപ് തന്നെ ഇയാൾക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതാണ് ഇയാളെ കുറിച്ച് അന്വേഷിക്കാൻ സർവകലാശാല അധികൃതരെ പ്രേരിപ്പിച്ചത്.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഇത്രയും ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരു പ്രൊഫസറുടെ അടുത്തു നിന്നും ഇത്തരത്തിലുള്ള വർഗീയ പരാമർശങ്ങൾ ഒരിക്കലും വരാൻ പാടില്ലാത്തതാണെന്ന് നിരവധി പേർ ട്വിറ്ററിൽ കുറിച്ചു.

സൗദിയിൽ ആദ്യമായാണ് ഉയർന്ന ജോലിയിലിരിക്കുന്ന ഒരു ഇന്ത്യക്കാരൻ ഇത്തരത്തിലുള്ള വർഗീയ പരാമർശത്തിന്റെ പേരിൽ നടപടി നേരിടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa