Sunday, November 24, 2024
Saudi ArabiaTop Stories

സ്ഥാപനങ്ങളിൽ കൊറോണ മുൻകരുതലുകൾ ലംഘിക്കുന്ന വിദേശികളെ എന്നെന്നേക്കുമായി നാടുകടത്തും; സൗദി ആഭ്യന്തര മന്ത്രാലയം.

റിയാദ്: കൊറോണ വൈറസുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ പ്രവാസികളെ നാടുകടത്തുകയും വീണ്ടും പ്രവേശിക്കുന്നത് വിലക്കുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം.

ശക്തമായ നിയന്ത്രണങ്ങളാണ് മന്ത്രാലയം ഇതു സംബന്ധിച്ച് പുറത്ത് വിട്ടിരിക്കുന്നത്. കടകൾക്ക് അകത്തോ പുറത്തോ വലിയ ഗ്രൂപ്പുകളായി ഒത്തുകൂടുന്ന പ്രവാസികളെ നാടു കടത്തും. കൂടാതെ ഇവരെ വീണ്ടും സൗദിയിലേക്ക് പ്രവേശിക്കുന്നത് വിലക്കുമെന്നും ചൊവ്വാഴ്ച മന്ത്രാലയം അറിയിച്ചു.

വാണിജ്യ സ്ഥാപനങ്ങൾക്കുള്ളിൽ നിശ്ചിത പരിധിയെക്കാൾ കൂടുതൽ ആളുകൾ അകത്തോ പുറത്തോ ഒത്തുകൂടുന്ന കടക്കാർക്കോ ജീവനക്കാർക്കോ പിഴ ഈടാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

സ്ഥാപനങ്ങൾക്കുള്ളിലെ നിശ്ചിത ശേഷി പരിധിക്ക് മുകളിലുള്ള ഓരോ വ്യക്തികൾക്കും  ആദ്യ തവണ 5,000 റിയാൽ പിഴ ഈടാക്കും. രണ്ടാം തവണ പതിനായിരം റിയാലും മൂന്നാം തവണ അതിന്റെ ഇരട്ടിയും ആവർത്തിച്ചാൽ ഒരു ലക്ഷം റിയാൽ വരെ പരമാവധി പിഴ ലഭിക്കും. കൂടാതെ സ്ഥാപന ചുമതലയുള്ള വ്യക്തിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യും.

ഒരു സ്വകാര്യമേഖല സ്ഥാപനം ആദ്യമായി ലംഘനം ആവർത്തിച്ചാൽ, സ്ഥാപനം മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടുമെന്നും നിയമലംഘനം രണ്ടാമതും ആവർത്തിച്ചാൽ, സ്ഥാപനം ആറുമാസത്തേക്ക് അടച്ചുപൂട്ടുമെന്നും മന്ത്രാലയം അറിയിച്ചു.

വിദേശിയാണ് നിയമലംഘനം നടത്തിയതെങ്കിൽ അയാളെ നാടുകടത്തുമെന്നും വീണ്ടും സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിനു സ്ഥിരമായി വിലക്കേർപ്പെടുത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

നിയന്ത്രണം ലംഘിച്ച് ഒത്തുകൂടലുകൾ സംഘടിപ്പിക്കുകയോ, പങ്കെടുക്കുകയോ, ക്ഷണിക്കുകയോ, ചെയ്യുന്ന ഏതൊരാളെയും സർക്കാർ നടപടികളുടെ ലംഘകനായി കണക്കാക്കുമെന്നും പിഴയും മറ്റു നിയമ നടപടികളൂം നേരിടേണ്ടിവരുമെന്നും അദ്ദേഹം പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വക്താവ് തലാൽ അൽ-ഷൽഹൂബ് സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യവും, കൊറോണ വൈറസ് പകർച്ചവ്യാധി പടരുന്ന സാഹചര്യത്തിൽ അഞ്ചിലധികം ആളുകൾ കൂടുന്നത് രാജ്യത്ത് നിരോധിച്ചിട്ടുണ്ടെന്നും ആവർത്തിച്ച് വ്യക്തമാക്കി.

ഏപ്രിൽ 25 ന്, വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ, കൊറോണ വൈറസ് നിയന്ത്രണങ്ങൾ ഭാഗികമായി ഒഴിവാക്കാൻ അധികൃതർ ഉത്തരവിട്ടിരുന്നു. മാളുകൾ, ഷോപ്പിംഗ് സെന്ററുകൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ സാമൂഹ്യ അകലവും ശുചിത്വ മുൻകരുതലുകളും ഉൾപ്പെടെയുള്ള കർശനമായ പ്രതിരോധ നടപടികൾ പിന്തുടർന്ന് വീണ്ടും തുറക്കാനും അനുവദിച്ചു.

മാളുകളും ഷോപ്പിംഗ് സെന്ററുകളും മെയ് 22 (റമദാൻ 29) വരെ തുറന്നിരിക്കുമെന്ന് വാണിജ്യ മന്ത്രാലയ വക്താവ് മെയ് 14 ന് പറഞ്ഞിരുന്നു.

15 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പ്രവേശനവും ഗ്രൂപ്പുകളായുള്ള ഷോപ്പിംഗും നിരോധിക്കുന്നതായും സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa