Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിലെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുഖ്യം: സല്മാൻ രാജാവ്

റിയാദ്: തിരു ഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ലോകമെമ്പാടുമുള്ള മുസ്‌ലിംകളോടും സൗദി പൗരന്മാരോടും സൗദിയിലെ വിദേശികളോടുമായി ഈദ് അൽ ഫിത്തർ ദിനത്തിൽ പ്രത്യേക പ്രസംഗം നടത്തി.

കൊറോണ വൈറസ് മൂലം ലോകം അഭൂതപൂർവമായ ആരോഗ്യ പ്രതിസന്ധി നേരിടുന്നുണ്ടെന്നും വൈറസ് വ്യാപനം നേരിടാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ഇത് ഞങ്ങളെ പ്രേരിപ്പിക്കുന്നുവെന്നും സൽമാൻ രാജാവ് പറഞ്ഞു.

പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷയും ആരോഗ്യവുമാണു തൻ്റെ പരിഗണനയിൽ പ്രധാനമെന്ന് സൽമാൻ രാജാവ് പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

വൈറസ് വ്യാപനം തടയുന്നതിനായി സൗദിയിലെ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച മുൻകരുതൽ, പ്രതിരോധ നടപടികൾ ആത്മാർത്ഥമായി പാലിച്ചതിന് സല്മാൻ രാജാവ് പൗരന്മാർക്കും വിദേശികൾക്കും നന്ദി പറഞ്ഞു.

സ്വന്തം സുരക്ഷയ്ക്കും ആരോഗ്യത്തിനും വേണ്ടിയാണെന്നതിനാൽ സാമൂഹിക അകലം പാലിക്കുന്നതിനുള്ള നടപടികളോട് പ്രതിബദ്ധത പുലർത്തി വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ ഈദ് ആഘോഷിക്കുന്ന ജനങ്ങളെ രാജാവ് പ്രത്യേകം അഭിനന്ദിച്ചു. ആരോഗ്യ മേഖലയിലെയും സുരക്ഷാ മേഖലയിലെയും പ്രവർത്തനങ്ങളെ രാജാവ് പ്രത്യേകം പുകഴ്ത്തി. മീഡിയാ ആക്റ്റിംഗ് മിനിസ്റ്റർ മാജിദ് അൽ ഖസബിയാണു രാജാവിൻ്റെ പ്രസംഗം വായിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്