Sunday, November 24, 2024
KuwaitTop Stories

കുവൈത്തിൽ കോവിഡ് ബാധിച്ച് നേഴ്സടക്കം 4 മലയാളികൾ മരിച്ചു; രാജ്യത്ത് ഇതുവരെ മരിച്ചത് 22 മലയാളികൾ.

കുവൈറ്റ് സിറ്റി: ഗൾഫ് രാഷ്ട്രങ്ങളിൽ കോവിഡ് മൂലം മരണത്തിനു കീഴടങ്ങുന്ന മലയാളികൾ തുടർക്കഥയാവുന്നു. സൗദിക്ക് പിറകെ കുവൈറ്റിലും മലയാളികളുടെ മരണ സംഖ്യ ഇരുപത് കടന്നു.

ഇതുവരെ കുവൈറ്റിൽ 22 മലയാളികൾ കോവിഡ് ബാധിച്ചത് മൂലം മരണപ്പെട്ടു. കുവൈറ്റിൽ വിദേശികളായ രോഗബാധിതരുടെ എണ്ണം ഏറെ കൂടുതലാണ്.

കോവിഡ് ബാധിച്ച്‌ ചികിൽസയിലായിരുന്ന മലയാളി നഴ്‌സ് ഇന്നലെ മരണപ്പെട്ടിരുന്നു. പത്തനം തിട്ട, പുതുക്കുളം മലയാളപ്പുഴ, ഏറം   ജൈസൺ വില്ലയിൽ അന്നമ്മ ചാക്കോ ആണു മരിച്ചത്. 59 വയസായിരുന്നു.‌ മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

അൽ ഷാബ്‌ മെഡിക്കൽ സെന്ററിലെ ഹെഡ്‌ നഴ്സ്‌ ആയിരുന്നു. ഭർത്താവ് പി.ടി ചാക്കോ രണ്ട് വർഷം മുൻപാണ് മരണപ്പെട്ടത്.. മക്കൾ: സാറ ടെൺസൺ, തോമസ്‌ ജേക്കബ്. പിതാവ്‌ മാവേലിക്കര വെട്ടിയാർ എം.ഓ. പത്രോസ്‌. മക്കൾ കുവൈറ്റിൽ തന്നെയാണ് ഉള്ളത്.

നിരീക്ഷണത്തിലിരിക്കെ പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടാണ് ചോലക്കര വീട്ടിൽ ബദറുൽ മുനീർ മരിച്ചത്. ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിക്കുകയായിരുന്നു. മലപ്പുറം. കൊണ്ടോട്ടി, ഐക്കരപ്പടി, സ്വദേശിയാണ്.

ബദറുൽ മുനീർ

അമ്പഴത്തിങ്കൽ കുഞ്ഞി മുഹമ്മദിന്റെയും സുലൈഖയുടെയും മകനാണ്. ഭാര്യ: ഹാജറാ ബീവി, രണ്ടു മക്കളുണ്ട്. കുവൈത്തിൽ സ്വകാര്യ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു. 

കോഴിക്കോട് പാറോപ്പടി സ്വദേശി സാദിഖ് ചെറിയ തോപ്പിൽ നിരീക്ഷണത്തിലിരിക്കെ ഞായറാഴ്ച വൈകുന്നേരമാണ് മരിച്ചത്. 49 വയസായിരുന്നു. അദാൻ  ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: സറീന.  രണ്ടു മക്കളുണ്ട്.

സാദിഖ് ചെറിയ തോപ്പിൽ

തൃശൂരിലെ  വാടാനപ്പള്ളി  കൊരട്ടിപറമ്പിൽ  ഹസ്ബുല്ല ഇസ്മായിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു. 65 വയസായിരുന്നു. അമീരി ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ടൈലർ ആയി ജോലി നോക്കുന്ന ഇദ്ദേഹം ദീർഘകാലമായി പ്രവാസിയാണ്. ഇ. ഭാര്യ ശരീഫ .

ഹസ്ബുല്ല ഇസ്മായിൽ

കുവൈറ്റിൽ ഇതുവരെ 156 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 21302 രോഗബാധിതരിൽ ആറായിരത്തിൽ കൂടുതൽ പേർ രോഗമുക്തി നേടി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa