സൗദിയിൽ ആഭ്യന്തര വിമാന സർവീസുകൾ ഞായറാഴ്ച മുതൽ പുനരാരംഭിക്കും
ജിദ്ദ: കൊറോണ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് 21 മുതൽ നിർത്തി വെച്ചിരുന്ന ആഭ്യന്തര വിമാന സർവീസുകൾ ഈ വരുന്ന ഞായറാഴ്ച-മെയ് 31 മുതൽ പുനരാരംഭിക്കുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം സൗദി ആഭ്യന്തര മന്ത്രാലയം സൂചന നൽകിയിരുന്നു. അതേ സമയം നിലവിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്കിൽ മാറ്റമില്ല.
ആദ്യ ഘട്ടത്തിൽ റിയാദ്, ജിദ്ദ, മദീന, ദമാം, അബ്ഹ, അൽ ഖസീം, ജിസാൻ, തബൂക്ക്, അൽബാഹ, ഹായിൽ, നജ്രാൻ തുടങ്ങിയ എയർപോർട്ടുകളുമായി ബന്ധിപ്പിച്ചായിരിക്കും വിമാന സർവീസുകൾ ആരംഭിക്കുക.
കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കിക്കൊണ്ടായിരിക്കും വിമാന സർവീസുകൾ നടത്തുക. ഇതിനു വിവിധ സർക്കാർ വകുപ്പുകൾ പരസ്പരം സഹകരിക്കും.
മൂന്ന് ഘട്ടങ്ങളിലായി കർഫ്യൂവിൽ ഇളവുകൾ നൽകിക്കൊണ്ട് കർഫ്യൂവിനു മുമ്പുള്ള അവസ്ഥയിലേക്ക് പൊതു ജീവിതം കൊണ്ട് വരുന്നതിനുള്ള ശ്രമത്തിലാണ് അധികൃതർ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa