Monday, November 25, 2024
Saudi ArabiaTop Stories

കൊറോണ അവസാനിച്ചിട്ടില്ല; നമ്മുടെ അലംഭാവം കൊണ്ട് ഒരാളുടെ ജീവനും നഷ്ടപ്പെടരുത്: ആരോഗ്യ മന്ത്രാലയ വാക്താവ്

ജിദ്ദ: കൊറോണ വൈറസ് നില നിൽക്കുന്നുണ്ടെന്നും നമ്മൾ അതിനെ അവഗണനയോടെയോ നിസ്സാരമായോ സമീപിക്കരുതെന്നും സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി രാജ്യത്തെ സ്വദേശികളെയും വിദേശികളെയും ഓർമ്മിപ്പിച്ചു.

നമ്മൾ കാരണമായി ഒരാൾക്കും വൈറസ് പകരാതിരിക്കുന്നതിനുള്ള ആരോഗ്യകരമായ പെരുമാറ്റമാണു ഉണ്ടാകേണ്ടത്. പ്രത്യേകിച്ച് മാതാപിതാക്കൾക്കും കുട്ടികൾക്കുമെല്ലാം നമ്മിൽ നിന്ന് വൈറസ് പകരുന്നത് സൂക്ഷിക്കണം. അശ്രദ്ധ കൊണ്ട് പ്രിയപ്പെട്ടവരെ നഷ്ടപ്പെടാതിരിക്കാൻ നാം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം സൗദിയിൽ വൈറസ് വ്യാപനത്തിനു ശേഷം ഇതാദ്യമായി ഒരു ദിവസം രോഗം ബാധിച്ചവരുടെ എണ്ണത്തിൻ്റെ ഇരട്ടിയിലധികം പേർക്ക് അസുഖം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1644 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 3531 പേർക്കാണു രോഗം ഭേദമായത്.

സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ എണ്ണം 80185 ആയി. ഇതിൽ 25,191 കേസുകൾ ആണു നിലവിൽ ചികിത്സയിൽ ഉള്ളത്. 54,553 കേസുകൾ ഇതിനകം രോഗമുക്തി നേടിക്കഴിഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 16 കൊറോണ മരണം രേഖപ്പെടുത്തി. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ എണ്ണം 441 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്