കൊറോണ: പ്രവാസി മരണങ്ങൾ വർധിക്കുന്നു; ബാച്ച്ലർ റൂമുകളിലെ പ്രവാസികൾ ഇക്കാര്യങ്ങൾ സൂക്ഷിക്കുക
ജിദ്ദ: ഇന്ന് സൗദിയിൽ നിന്നുള്ള കൊറോണ ബാധിതരുടെ റിപ്പോർട്ട് മൊത്തത്തിൽ വലിയ പ്രതീക്ഷ നൽകുന്നതായിരുന്നുവെങ്കിലും മരണ റിപ്പോർട്ടുകൾ പ്രവാസികളെ സംബന്ധിച്ചിടത്തോളം കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തുന്നതാണ്.
ഇന്ന് 1644 പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്തതെങ്കിൽ അതിലിരട്ടിയിലധികം പേർക്ക് (3531) രോഗം ഭേദമായ വാർത്ത ഏറെ ആശ്വാസം പകരുന്നുണ്ട് എന്നത് ഒരു വസ്തുതയാണെങ്കിലും മരിക്കുന്ന വിദേശികളുടെ എണ്ണത്തിലെ വർധനവ് ആശങ്ക ഉയർത്തുന്നുണ്ട്.
ഈ സന്ദർഭത്തിൽ ഭയം ക്ഷണിച്ച് വരുത്തിയോ ടെൻഷൻ കൂട്ടിയോ ആലോചനകൾ വർധിപ്പിച്ചോ ഉള്ള ആരോഗ്യം കൂടി കളയുന്നതിനു പകരം കൊറോണ പിടി പെടാതെ പരമാവധി എങ്ങനെ കഴിയും എന്ന ജാഗ്രതാ ബോധമാണു നമുക്കുണ്ടാകേണ്ടത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഏതെല്ലാം രീതികളിൽ നമ്മെ വൈറസ് ബാധിക്കാം എന്ന് മനസ്സിലാക്കി അതിനെതിരെ ജാഗ്രത പുലർത്തുകയാണു വേണ്ടത്. പ്രത്യേകിച്ച് ബാച്ച്ലർ റൂമുകളിൽ കൂടുതൽ അംഗങ്ങൾ ഉണ്ടാകുമെന്നതിനാൽ ഓരോരുത്തരും സ്വന്തം മനസ്സിൽ ഞാൻ കാരണമായി റൂമിലെ മറ്റുള്ളവർക്ക് വൈറസ് പകരരുത് എന്ന ഒരു തീരുമാനം എടുക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും വേണം.
ഇനി ഞായറാഴ്ച മുതൽ ആളുകൾ പലരും റൂമുകളിൽ നിന്ന് ജോലിക്ക് പോയിത്തുടങ്ങും. ആ സാഹചര്യത്തിൽ കൂടുതൽ കരുതലിൻ്റെ ആവശ്യകത ഉയരുന്നുണ്ട്. പലരും പല സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരായിരിക്കും എന്നതാണു കാരണം. എങ്കിലും ചില കാര്യങ്ങൾ നമ്മൾ റൂമുകളിൽ പാലിച്ചാൽ ഒരു പരിധി വരെ വൈറസിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാം.
നമ്മളിൽ പലരും തീരെ ശ്രദ്ധിക്കാത്ത ഒരു കാര്യമാണു കറൻസി നോട്ടിൻ്റെ കൈകാര്യം. കറൻസി നോട്ടുകൾ വഴി വൈറസ് വ്യാപനത്തിനുള്ള ചാൻസ് വളരെ കൂടുതലാണെങ്കിലും നമ്മളിൽ പലരും അത് ശ്രദ്ധിക്കാറില്ല എന്നതാണു സത്യം. കറൻസി നോട്ടുകൾ നിരവധിയാളുകളുടെ കൈകളിലൂടെ കടന്ന് വരുന്നതായതിനാൽ അത് വൈറസ് ബാധിതരുടെ കൈകളിലൂടെയും കൈകാര്യം ചെയ്യപ്പെടാൻ സാധ്യത കൂടുതലാണെന്ന് ഓർക്കുക.
ഈ സാഹചര്യത്തിൽ കറൻസി നോട്ടുകൾ തൊട്ടാൽ പിന്നീട് കൈകൾ കഴുകിയോ സാനിറ്റൈസർ ഉപയോഗിച്ചോ അണുമുക്തമാക്കാതെ ശരീരത്തിലെ മറ്റു ഭാഗങ്ങളിൽ സ്പർശിക്കരുത് എന്ന് പ്രത്യേകം ഓർക്കുക. റൂമിൽ എത്തിയാൽ കറൻസി നോട്ട് ഒരു പ്രത്യേക ഭാഗത്ത് വെക്കുക. അവിടെ മറ്റു പെരുമാറ്റങ്ങൾക്കായി ഒന്നും സ്പർശിക്കരുത്. അഥവാ നോട്ട് തൊടേണ്ട അവസ്ഥ വന്നാൽ കൈകൾ ശുദ്ധിയാക്കുക. നോട്ട് പോക്കറ്റിലിട്ടാണു റൂമിൽ വന്നിരുന്നതെങ്കിൽ ആ വസ്ത്രം ഉടനെ അലക്കാൻ ശ്രദ്ധിക്കുക. മറ്റു റൂം മേറ്റുകളുടെ കൈകൾ നോട്ടിലോ വസ്ത്രത്തിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
പുറത്തിറങ്ങുംബോഴെല്ലാം മാസ്ക്ക് ധരിക്കുക. മാസ്ക്കിനു മുകളിൽ കൈകൾ കൊണ്ട് സ്പർശിക്കാതിരിക്കുക. അതോടൊപ്പം പുറത്ത് പോയി വരുന്നവർ റൂമിൽ കയറിയ ഉടനെ വസ്ത്രങ്ങൾ അഴിച്ച് സോപ്പ് വെള്ളത്തിലിടുക. റൂമിലെ മറ്റുള്ളവരുമായി സംസാരവും മറ്റും ആരംഭിക്കുന്നതിനു മുംബ് തന്നെ കുളിച്ച് വൃത്തിയാകുക. നമ്മുടെ വസ്ത്രവും വിരിപ്പും എല്ലാം പൂർണ്ണമായും വൃത്തിയുള്ളതായിരിക്കണമെന്ന നിർബന്ധ ബുദ്ധി എല്ലാവർക്കും നല്ലതാണ്.
റൂമിലുള്ളവർ ഒന്നിച്ച് കൂട്ടം ചേർന്നിരുന്ന് സംസാരിക്കാതിരിക്കുക. കാരണം വൈറസ് ബാധയേറ്റയാൾക്ക് വൈറസ് ലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും അയാാളിൽ നിന്ന് മറ്റുള്ളവർക്ക് പകരാമെന്നാണു റിപ്പോർട്ടുകൾ പറയുന്നത്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് തത്ക്കാലം ഒഴിവാക്കുക. ആരുടെയെങ്കിലും കൈകൾ മൂക്കിലോ വായിലോ മറ്റൊ സ്പർശിക്കേണ്ടി വന്നാാൽ ഉടൻ സോപ്പിട്ട് കഴുകുക. റൂമിലും സാമൂഹിക അകലം പാലിക്കാൻ കഴിയുന്നതും ശ്രമിക്കുക.
പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക്ക് ധരിക്കുക. തിരിച്ച് വരുംബോൾ ആ മാസ്ക്കും നന്നായി കഴുകുക. ശേഷം മാത്രം റൂമിലെ മറ്റു പ്രവർത്തനങ്ങളിൽ ഇടപെടുക. അനാവശ്യമായ സംസാരം വെറുതെ ഒഴിവാക്കുക. രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധനക്കായി തയ്യാറായി ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കുക. .ഒരു റൂമിൽ നിന്ന് മറ്റു റൂമിലേക്ക് ഗസ്റ്റ് പോകുന്നതും സന്ദർശനം നടത്തുന്നതും എല്ലാം ഒഴിവാക്കുക.
നമസ്ക്കാരത്തിന് ഓരോരുത്തരും സ്വന്തം മുസ്വല്ല മാത്രം ഉപയോഗിക്കുക. വ്യക്തിപരമായ ആവശ്യങ്ങൾക്കൊന്നും മറ്റുള്ളവരുടെ വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക
റൂമിലേക്ക് സാധനങ്ങൾ വാങ്ങുന്നവർ കഴിയുന്നതും കുറച്ച് ദിവസങ്ങൾക്കുള്ള സാധനങ്ങൾ ഒന്നിച്ച് വാങ്ങുക. സാധനങ്ങൾ വാങ്ങുന്നവർ കടയിൽ നിന്ന് തരുന്ന കവറുകൾ ഒഴിവാക്കാൻ ശ്രമിക്കുക. അതേ സമയം മറ്റു സാധനങ്ങൾ കഴുകി മാത്രം ഉപയോഗിക്കുക. റൂമിലിരുന്ന് കൊറോണ സംസാരം മാത്രം നടത്തി വെറുത മാനസിക സംഘർഷങ്ങൾ ക്ഷണിച്ച് വരുത്താതിരിക്കുക. പോസിറ്റീവ് ചിന്തകൾ ഉണ്ടായിരിക്കുക
തുടങ്ങി വിവിധ കാര്യങ്ങൾ സൂക്ഷിക്കുക. അതോടൊപ്പം ഹാൻഡ് സാനിറ്റൈസർ റൂമിൽ ഉണ്ടെങ്കിൽ എല്ലാവർക്കും കൈകൾ വൃത്തിയായി സൂക്ഷിക്കാൻ സാധിക്കുമെന്നതിനാൽ സ്ഥിരമായി ഒന്ന് റൂമിൽ നില നിർത്താൻ ശ്രദ്ധിക്കുക. കൈകൾ പൂർണ്ണമായും അണു മുക്തമാക്കാതെ മുക്ക്, വായ, കണ്ണ് തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa