Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിലെ പള്ളികളിൽ ജമാഅത്ത് ആരംഭിക്കുന്നത് ഫജ്ർ നമസ്ക്കാരത്തോട് കൂടി

ജിദ്ദ: സൗദിയിലെ പള്ളികളിൽ ജമാഅത്ത് നമസ്ക്കാരങ്ങൾ ആരംഭിക്കുന്നത് മെയ് 31 ഞായറാഴ്ച ഫജ്ർ നമസ്ക്കാരത്തോട് കൂടിയായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കൊറോണ മുൻകരുതലിനോടനുബന്ധിച്ച് പള്ളികളിൽ ജുമുഅ ജമാഅത്ത് നമസ്ക്കാരങ്ങൾ നിർത്തലാക്കിയതിനു ശേഷം ആഴ്ചകൾക്ക് ശേഷമാണു ഈ വരുന്ന ഞായറാഴ്ച പള്ളികളിൽ വീണ്ടും ജമാഅത്ത് നമസ്ക്കരങ്ങൾ ആരംഭിക്കുന്നത്.

വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് പള്ളികൾ ആരാധനകൾക്കായി തുറന്ന് കൊടുക്കുന്നത്. പള്ളികളിൽ വരുന്നവർ പാലിക്കേണ്ട വിവിധ മുൻകരുതലുകളെക്കുറിച്ച് സൗദി മതകാര്യ വകുപ്പ് നേരത്തെ മുൻകരുതൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

മാസ്ക്ക് ധരിക്കുക, വീട്ടിൽ നിന്നു തന്നെ വുളു എടുക്കുക, മുസ്വല്ല കയ്യിൽ കരുതുക, കൈകൾ നന്നായി കഴുകുക, പള്ളികളിൽ പ്രവേശിക്കുംബോഴും പുറത്തിറങ്ങുംബോഴും തിരക്ക് കൂട്ടാതിരിക്കുക, നമസ്ക്കരിക്കുന്നവർക്കിടയിൽ രണ്ട് മീറ്റർ അകലം പാലിക്കുക, പള്ളികൾ ഭക്ഷണ, പാനീയങ്ങൾ കൊണ്ട് വരാതിരിക്കുകയും മറ്റുള്ളവർക്ക് ഒരു സാധനവും കൈമാറാതിരിക്കുകയും ചെയ്യുക, ഹസ്തദാനം ഒഴിവാക്കുക, പ്രായമേറിയവരും 15 വയസ്സിനു താഴെയുള്ളവരും മാറാ വ്യാധികളുള്ളവരും വീട്ടിൽ നിന്ന് തന്നെ നമസ്ക്കരിക്കുക തുടങ്ങി വിവിധ നിർദ്ദേശങ്ങളാണു മതകാര്യ വകുപ്പ് നൽകിയിട്ടുള്ളത്.

സാധാരണ ജമാഅത്ത് നമസ്ക്കാര സമയങ്ങൾക്ക് 15 മിനുട്ട് മുംബ് പള്ളികൾ തുറക്കും. ബാങ്കിനും ഇഖാമത്തിനുമിടയിൽ 10 മിനുട്ടാണു സമയമുണ്ടാകുക. ജമാഅത്ത് നമസ്ക്കാരം കഴിഞ്ഞ് 10 മിനുട്ട് കഴിഞ്ഞാൽ പള്ളി അടക്കുകയും ചെയ്യും. ജുമുഅക്ക് ഒന്നാം ബാങ്ക് 20 മിനുട്ട് മുംബ് വിളിക്കും. ആ സമയം തന്നെ പള്ളികൾ തുറക്കും. ഖുതുബയും ജുമുഅയും കൂടി 15 മിനുട്ട് കൊണ്ട് അവസാനിപ്പിക്കും. ജുമുഅ കഴിഞ്ഞ് 20 മിനുട്ട് കഴിയുന്നതോടെ പള്ളികൾ അടക്കുകയും ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്