കോവിഡ് ബാധിതരിൽ 70 ശതമാനവും രോഗ വിമുക്തരായെന്ന് ആരോഗ്യ മന്ത്രി; പ്രതീക്ഷയോടെ രാജ്യം
റിയാദ്: കൊറോണ വൈറസ് ബാധിച്ചവരിൽ എഴുപത് ശതമാനം പേരും രോഗ വിമുക്തരായതായി സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ.
കോവിഡ് വാക്സിൻ ലഭിക്കുകയാണെങ്കിൽ ആദ്യം കൈവശപ്പെടുത്തുന്ന രാജ്യങ്ങളിലൊന്ന് സൗദിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ വിദഗ്ധർ തയ്യാറാക്കിയ പ്രോട്ടോക്കോൾ നിയമങ്ങൾ പിന്തുടരുന്നതിലൂടെ മാത്രമാണ് രാജ്യത്തിന് പകർച്ച വ്യാധിയിൽ നിന്ന് കരകയറാൻ സാധിക്കുക.
കൃത്യമായ ഇടവേളകളിൽ കോവിഡ് കാല നിയമങ്ങൾക്ക് മാറ്റം വരുത്തുന്നുണ്ട്. മന്ത്രാലയം പുറപ്പെടുവിക്കുന്ന മുൻകരുതൽ നിയമങ്ങൾ കൃത്യമായി എല്ലാവരും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദിയിൽ ഇതുവരെ 83,384 പേർ കോവിഡ് ബാധിതരായി. ഇതിൽ 58,883 പേരും രോഗവിമുക്തരായി. 480 മരണങ്ങളാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തത്.
ഒരു സമയം 2,800 ലേറെ രോഗ ബാധിതർ ദിവസവും റിപ്പോർട്ട് ചെയ്തിരുന്നതിൽ നിന്ന് ഇപ്പോൾ 1,600 എന്ന നിലയിലേക്ക് രോഗ ബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയാൻ തന്നെയാണ് സാധ്യത.
രാജ്യത്ത് ഇതുവരെ നടന്ന 806,569 ടെസ്റ്റുകളിൽ നിലവിൽ 24,021 പേർ മാത്രമാണ് ചികിത്സയിലുള്ളത്. 384 പേർ ഗുരുതരാവസ്ഥയിലാണ്. ലോക്ഡൗണൂം കർഫ്യുവും അടക്കമുള്ള മുൻകരുതലുകൾക്ക് ഇളവ് പ്രഖ്യാപിച്ച് സൗദി അറേബ്യ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ പ്രതീക്ഷയോടെയാണ് പ്രവാസികളടക്കമുള്ളവർ അതിനെ നോക്കിക്കാണുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa