രോഗം ഭേദമായവർ 70 ശതമാനം ഉയർന്ന സാഹചര്യത്തിലും സൗദിയിൽ ഇന്ന് ഏറ്റവും കൂടുതൽ കൊറോണ മരണം റിപ്പോർട്ട് ചെയ്ത ദിനം; നിലവിലെ സാഹചര്യത്തിൽ പ്രവാസികളോട് സാമൂഹിക പ്രവർത്തകരുടെ അഭ്യർത്ഥന
ജിദ്ദ: കൊറോണ കേസുകൾ കുറയുകയും രോഗം ഭേദമായവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുമ്പോഴും കൊറോണ വ്യാപനത്തിന് ശേഷം സൗദിയിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത ദിവസമായിരുന്നു ഇന്ന്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 22 പേരാണ് സൗദിയിൽ മരണപ്പെട്ടത് ഇതോടെ സൗദിയിലെ ആകെ മരണം 480 ആയി ഉയർന്നിരിക്കുകയാണ്.സമീപ ദിനങ്ങളിൽ ദിനംപ്രതിയുള്ള മരണ സംഖ്യയിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ദിനംപ്രതി മരണസംഖ്യ ഉയരുന്ന സാഹചര്യത്തിലും നിരവധി പ്രവാസി സഹോദരങ്ങൾ മരിക്കാനിടയായ സാഹചര്യത്തിലും സൗദിയിലെ പ്രവാസികളോട് സാമൂഹികപ്രവർത്തകർ പ്രത്യേകം അഭ്യർത്ഥന നടത്തിയിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തിൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഓരോ മുൻകരുതൽ നിർദ്ദേശങ്ങളും പാലിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ജോലി സ്ഥലത്തും റൂമുകളിലും യാത്രകളിലും കടകളിലും എല്ലാം അതീവ ജാഗ്രത പുലർത്തണമെന്നും അനാവശ്യമായി റൂമുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും സാമൂഹിക ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്നവർ ആവശ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം ഭേദമായവരുടെ എണ്ണം രോഗം ബാധിച്ചവരെക്കാൾ ഉയർന്നു തന്നെയാണ് നിൽക്കുന്നത്.1618 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രേഖപ്പെടുത്തിയത്.1870 പേർക്ക് അസുഖം ഭേദമായി.
സൗദിയിൽ ഇതുവരെ 83,384 പേർക്ക് കൊറോണ ബാധിച്ചപ്പോൾ അതിൽ 58,883 പേരും സുഖം പ്രാപിച്ചു. നിലവിൽ 24,021 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ കൊറോണ ബാധിതരിൽ 70 ശതമാനം പേരും ഇതിനകം സുഖം പ്രാപിച്ച് കഴിഞ്ഞതായി സൗദി ആരോഗ്യ മന്ത്രി ഡോ:തൗഫീഖ് അൽ റബീഅ പ്രസ്താവിച്ചു.
അതേ സമയം നമ്മൾ മുൻ കരുതലുകളോടെ മടങ്ങുന്നതിൻ്റെ പ്രാഥമിക ഘട്ടത്തിലാണെന്നും എല്ലാവരുടെയും ഉത്തരവാദിത്വപരമായ സമീപനമാണു ആവശ്യമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. എല്ലാവരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa