സൗദിയിൽ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കാൻ കൊറോണ ഇല്ലാതാകുന്നത് വരെ കാത്തിരിക്കേണ്ടി വരും
ജിദ്ദ: സൗദിയിൽ ശാരീരികാകലം പാലിക്കാൻ സാധിക്കാത്ത മേഖലകളായ ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, സ്പോർട്സ് ക്ളബുകൾ തുടങ്ങിയവ തുറക്കുന്നതിനു കൊറോണ വൈറസ് ഭീഷണി ഇല്ലാതാകുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്ന് സൂചന.
സൗദി ആരോഗ്യ മന്ത്രാലായത്തിനു കീഴിലെ പ്രിവൻ്റീവ് ഹെൽത്ത് വിഭാഗം അണ്ടർ സെക്രട്ടറി ഡോ: അബ്ദുല്ല അൽ അസീരിയാണു ഇത് സംബന്ധിച്ച് സൂചന നൽകിയത്.
വൈറസിൻ്റെ സാന്നിദ്ധ്യവും വ്യാപനവും എല്ലാം തുടർച്ചയായ വിലയിരുത്തലുകൾക്ക് വിധേയമാണെന്നും സാഹചര്യങ്ങൾ അനുകൂലമാകുന്നതിനനുസരിച്ചാണു തുടർ നടപടികൾ സ്വീകരിക്കാറുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ശാരീരികാകലം പാലിക്കൽ പ്രയാസമുള്ള ചില മേഖലകൾ ആയിരിക്കും ഏറ്റവും അവസാനം തുറക്കുന്നത്. ഈ ഘട്ടത്തിനെ ഗ്രീൻ ഫേസ് എന്ന് വിശേഷിപ്പിക്കുന്നു.
ഗ്രീൻ ഫേസ് എപ്പോഴാണു ആരംഭിക്കുകയെന്ന് നേരത്തെ തന്നെ അറിയിക്കും. അത് വരെ ശാരീരികാകലം പാലിക്കാൻ സാധിക്കാത്ത മേഖലകൾക്കുള്ള വിലക്കുകൾ തുടരും. അൽ ഇഖ്ബാരിയ ചാനലുമായി നടന്ന സംഭാഷണത്തിൽ അബ്ദുല്ല അസീരി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa