തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിലെ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയ സാഹചര്യത്തിൽ സൗദിയിലുള്ളവർ ഇനി കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു

ജിദ്ദ: കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി ജിദ്ദ നഗരത്തിൽ ഇന്ന് മുതൽ വീണ്ടും കർഫ്യൂ സമയം ദീർഘിപ്പിച്ചിരിക്കുന്ന സന്ദർഭത്തിൽ ജിദ്ദയിലെയും സൗദിയുടെ മറ്റു ഭാഗങ്ങളിലേയും പ്രവാസികളും അല്ലാത്തവരും കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് തന്നെ പ്രത്യേകം ഓർമ്മിപ്പിക്കുകയും, വീണ്ടും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കാം എന്ന് സൂചന നൽകുകയും ചെയ്തിരുന്നു.

സമീപ ദിനങ്ങളിൽ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ കണക്കുകളും രോഗം ഭേദമായവരുടെ കണക്കുകളും തുലനം ചെയ്യുംബോൾ ആശ്വാസമേകുന്ന റിസൽട്ട് തന്നെയാണു ലഭിക്കുന്നതെങ്കിലും സമീപ ദിനങ്ങളിലെ മരണ സംഖ്യ ദിനം പ്രതി 30 നു മുകളിൽ ആയി കാണപ്പെടുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഇക്കാര്യങ്ങൾ വിലയിരുത്തിക്കൊണ്ട് തന്നെയായിരുന്നു ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.

ഏതായാലും ലോക്ക് ഡൗണിൽ ഇളവ് വരുത്തിയതിനു ശേഷം ജിദ്ദയിൽ പൊടുന്നനെ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയത്, ആവശ്യമെങ്കിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കാം എന്ന് തന്നെയാണ് സൂചന നൽകുന്നത്. ഈ സന്ദർഭത്തിൽ പിഴകളിൽ നിന്ന് ഒഴിവാകാനായി നിയമ നിർദ്ദേശങ്ങൾ പാലിക്കുക എന്നതിലുപരി നമ്മുടെ സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും കൂടി സംരക്ഷിക്കുക എന്ന പ്രധാനപ്പെട്ട ഉത്തരവാദിത്വം എല്ലാവരും നിർവ്വഹിക്കേണ്ടതുണ്ട്. അതിനു ആരോഗ്യ മന്ത്രാലയം നേരത്തെ നിർദ്ദേശിച്ച ആരോഗ്യ പെരുമാറ്റ രീതികൾ പൂർണ്ണാർത്ഥത്തിൽ ഓരോരുത്തരും പാലിക്കുക എന്നത് മാത്രമാണ് പരിഹാരം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്