കൊറോണ വ്യാപന റിപ്പോർട്ടുകൾ വർധിക്കുമ്പോഴും സൗദിയിൽ ഇത് വരെ ഒരു കൊറോണ മരണം പോലും റിപ്പോർട്ട് ചെയ്യാത്ത പ്രവിശ്യകളുമുണ്ട്
ജിദ്ദ: സൗദിയിലെ കൊറോണ കേസുകൾ ഓരോ ദിവസവും വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഗുരുതരാവസ്ഥയിലുള്ളവരുടെയും മരിക്കുന്നവരുടെയുമെല്ലാം എണ്ണം ദിനംപ്രതി കൂടി വരുന്നു. റിയാദിലും ജിദ്ദയിലുമെല്ലാം രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണു രേഖപ്പെടുത്തുന്നത്.
അതേ സമയം സൗദിയിലെ 13 പ്രവിശ്യകളിലും കൊറോണ വൈറസിൻ്റെ സാന്നിദ്ധ്യമുണ്ടെങ്കിലും ഇത് വരെ വൈറസ് മൂലം ഒരു മരണം പോലും സംഭവിക്കാത്ത പ്രവിശ്യകളും ഉണ്ട് എന്നതാണു വസ്തുത. മക്ക പ്രവിശ്യയിൽ മാത്രം 654 മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലും രാജ്യത്തെ 3 പ്രവിശ്യകളിൽ ഒരു മരണം പോലും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
അൽജൗഫ്, ഹായിൽ, നജ്രാൻ എന്നീ 3 പ്രവിശ്യകളിലാണു ഇത് വരെയും ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാത്തത്. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതിലുപരി ഈ പ്രവിശ്യകളിൽ നിലവിൽ ആക്റ്റീവ് ആയിട്ടുള്ള കൊറോണ കേസുകളും വളരെ കുറവാണ്.
അൽജൗഫിൽ നിലവിൽ 18 രോഗികൾ മാത്രമാണു ചികിത്സയിലുള്ളത്. ഹായിലിൽ 205 പേരും നജ്രാനിൽ 179 പേരുമാണു ചികിത്സയിലുള്ളത്. ഇതോടൊപ്പം ഒരു മരണം മാത്രം റിപ്പോർട്ട് ചെയ്ത അൽബാഹയിലും 4 മരണം മാത്രം റിപ്പോർട്ട് ചെയ്ത നോർത്തേൺ ബോഡറിലും ആക്റ്റീവ് ആയുള്ള കേസുകൾ കുറവാണ്, അൽബാഹയിൽ 63 കേസുകളും നോർത്തേൺ ബോഡറിൽ 85 കേസുകളുമാണ് ആക്റ്റീവ് ആയുള്ളത്.
ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത മക്ക പ്രവിശ്യക്ക് (654) പിറകെ കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് റിയാദിലും ഈസ്റ്റേൺ പ്രവിശ്യയിലും മദീനയിലുമാണ്. റിയാദിൽ 104 ഉം ഈസ്റ്റേൺ പ്രൊവിൻസിലും മദീനയിലും 69 വീതവുമാണ് മരണ നിരക്ക്. ഏറ്റവും കൂടുതൽ പേർ സുഖം പ്രാപിച്ചത് മക്കയിലും റിയാദിലും ഈസ്റ്റേൺ പ്രൊവിൻസിലും മദീനയിലുമാണ്. യഥാക്രമം 31,283, 20,420, 16,157, 9,946 എന്നിങ്ങനെയാണ് ഇവിടങ്ങളിൽ രോഗമുക്തി നേടിയവരുടെ ഏണ്ണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa