വിപ്ലവകരമായ മാറ്റത്തിന്റെ മൂന്ന് വർഷങ്ങൾ; ഇന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കിരീടാവകാശിയായതിന്റെ മൂന്നാം വാർഷികം.
റിയാദ്: 2017 ജൂൺ 21 നായിരുന്നു മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രാജ്യത്തിന്റെ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടത്. വിപ്ലവകരമായ മാറ്റങ്ങളുടെ മൂന്ന് വർഷങ്ങളാണ് പിന്നീട് സൗദി അറേബ്യ ദർശിച്ചത്.
രാജ്യത്തെ ഏറെ വിപ്ലവകരമായ മാറ്റങ്ങളിൽ ഒന്നായിരുന്നു സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിംഗിന് അനുവാദം നൽകിയത്. സ്ത്രീകൾക്ക് വാഹനമോടിക്കാൻ നിരോധനമുണ്ടായിരുന്ന രാജ്യത്ത് 2018 ജൂൺ മുതലായിരുന്നു അനുവാദം നൽകിക്കൊണ്ട് രാജകീയ ഉത്തരവിറങ്ങിയത്.
പ്രായപൂർത്തി ആകാത്തവർക്കുള്ള വധശിക്ഷ നിർത്തലാക്കിയതായിരുന്നു മറ്റൊരു ശ്രദ്ധേയമായ തീരുമാനം. വേൾഡ് ഹ്യൂമൻ റൈറ്റ്സ് അടക്കമുള്ള സംഘടനകളുടെ അഭിനന്ദനങ്ങൾക്ക് ഈ തീരുമാനം കാരണമായി. 2020 ഏപ്രിലിൽ ആയിരുന്നു രാജ്യത്തെ പരമോന്നത നീതിപീഢം ഈ ഉത്തരവ് നൽകിയത്. സമാനമായ മറ്റൊരു തീരുമാനമായിരുന്നു കുറ്റവാളികൾക്ക് ചാട്ടവാറ് കൊണ്ടുള്ള അടി ശിക്ഷ ഒഴിവാക്കിയതും.
സ്ത്രീകൾക്കുള്ള നിരവധി മനുഷ്യത്വപരമായ തീരുമാനങ്ങളും ഈ കാലയളവിൽ രാജ്യത്ത് നടപ്പായി. സ്വതന്ത്രമായി സ്ത്രീകൾക്ക് യാത്ര ചെയ്യാനുള്ള അനുവാദം നൽകിയ രാജകീയ ഉത്തരവ്, സ്ത്രീകൾക്കുള്ള അനാവശ്യമായ നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നതായിരുന്നു. 21 വയസോ അതിൽ കൂടുതലോ ഉള്ള സ്ത്രീകൾക്ക് സ്വതന്ത്രമായി യാത്ര ചെയ്യാൻ പുതിയ നിയമം അനുമതി നൽകി. ജൂലൈ 2019 ഇൽ ആയിരുന്നു ഈ നിയമം പ്രാബല്യത്തിൽ വന്നത്.
വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന നിരവധി മാറ്റങ്ങളും രാജ്യത്ത് നിലവിൽ വന്നു. ലോകത്തെ 49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺലൈൻ വിസകൾ അനുവദിച്ച സൗദി അറേബ്യ രാജ്യത്തെ യാഥാസ്ഥിതിക വസ്ത്ര ധാരണ രീതിയിലും ഇളവുകൾ നൽകി.
സാമ്പത്തിക മേഖലകളിലും നിരവധി പരിഷ്കാരങ്ങൾ അരങ്ങേറി. സ്ത്രീകൾക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാൻ പുരുഷ രക്ഷാധികാരിയുടെ അനുമതി ആവശ്യമില്ലെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം പ്രഖ്യാപിച്ചു. ഉംറ, ഹജ്ജ് തീർത്ഥാടകർക്കായി മക്ക, മദീന, ജിദ്ദ എന്നിവയ്ക്കിടയിൽ 450 കിലോമീറ്റർ ഹറമൈൻ അതിവേഗ റെയിൽവേ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്യുന്നു. വിഷൻ 2030 ഇൽ ഉൾപ്പെടുത്തി 2018 സെപ്റ്റംബറിലായിരുന്നു ഇത്.
സൗദി കാബിനറ്റ് പ്രിവിലേജ്ഡ് ഇക്കാമ റെസിഡൻസി പെർമിറ്റിന് അംഗീകാരം നൽകി. വളരെ പ്രഗത്ഭരായ പ്രവാസികൾക്കും മൂലധന ഫണ്ടുകളുടെ ഉടമകൾക്കും സ്പോൺസറില്ലാതെ സൗദി അറേബ്യയിൽ താമസിക്കാനും ജോലിചെയ്യാനും അനുവദിക്കുന്നതായിരുന്നു ഈ നിയമം.
സ്പോർട്സ് രംഗത്ത് വലിയ മാറ്റങ്ങൾക്കും രാജ്യം സാക്ഷ്യം വഹിച്ചു. സ്ത്രീകൾക്ക് ആദ്യമായി ഫുട്ബോൾ സ്റ്റേഡിയത്തിൽ കളികാണാൻ അവസരം നൽകിയതും WWE മത്സരങ്ങൾക്ക് രാജ്യം ആഥിതേയത്വം വഹിച്ചതും 2018 ഇൽ ആയിരുന്നു. വിവിധ ഇന്റർനാഷണൽ മത്സരങ്ങളും രാജ്യത്ത് നടന്നു. ബ്രസീലും അർജന്റീനയും എസി മിലാനും യുവന്റസുമെല്ലാം സൗദിയുടെ ഫുട്ബാൾ ചരിത്രത്തിനു മാറ്റുകൂട്ടാൻ ജിദ്ദയിലും റിയാദിലും ബൂട്ട് കെട്ടി.
35 വർഷങ്ങൾക്ക് ശേഷം രാജ്യത്ത് സിനിമാ തിയേറ്ററുകൾക്ക് അനുമതി നൽകിയത് ലോകത്തെ മുഴുവൻ മാധ്യമങ്ങളും വാർത്തയാക്കിയിരുന്നു. കാൻ ചലചിത്രമേളയിലും ആദ്യമായി 2018 ഇൽ സൗദി പങ്കെടുത്തു.
കോവിഡ് ലോകം മുഴുവൻ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ സൗദി അറേബ്യയെ മുന്നിൽ നിന്ന് നയിക്കാൻ സൽമാൻ രാജാവ് ശക്തമായിതന്നെ നിലകൊണ്ടു. മാത്രമല്ല ദുർബലരായ നിരവധി രാജ്യങ്ങൾക്ക് ബില്യൻ കണക്കിനു റിയാൽ സഹായം നൽകാനും സൽമാൻ രാജാവിന്റെ നേതൃത്വത്തിലുള്ള സർക്കാരിനായി. രാജ്യത്തെ സ്വകാര്യ മേഖലയെ കോവിഡ് കാലത്ത് താങ്ങി നിർത്തിയതും അദ്ദേഹത്തിന്റെ പുനരധിവാസ പദ്ധതികളായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa