സൗദിയിൽ നിന്നും പ്രതീക്ഷയുടെ സൂചന; വരും ദിനങ്ങളിൽ വൈറസ് ബാധയുടെ വളർച്ചാ നിരക്ക് കുറയും
ജിദ്ദ: സൗദിയിൽ നിന്നും പ്രതീക്ഷയുടെ സൂചന നൽകിക്കൊണ്ട് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലിയുടെ പ്രസ്താവന. കൊറോണ വൈറസ് ബാധയുടെ വളർച്ചാ നിരക്ക് സ്ഥിരത കൈവരിക്കാൻ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു.
വരും ദിനങ്ങളിൽ വൈറസ് ബാധയുടെ വളർച്ചാ നിരക്ക് കുറയുമെന്നാണു പ്രതീക്ഷ. രാജ്യം വൈറസ് ബാധയുടെ വിവിധ ഘട്ടങ്ങളിലൂടെയാണു കടന്ന് പോയത്. ആദ്യം ഉയർന്നും പിന്നീട് താഴ്ന്നും വീണ്ടും ഉയർന്നും വൈറസ് ബാധയുടെ ശരാശരി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ ഘട്ടങ്ങളെല്ലാം ആളുകളുടെ പ്രതിബദ്ധതക്കും മുൻകരുതലിൻ്റെ ശൈലിക്കും അനുസരിച്ചാണു മാറിയത്.
സമൂഹം എത്രമാത്രം ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കുന്നതിനുള്ള പ്രതിബദ്ധതയിൽ വീഴ്ച വരുത്തുന്നുവോ അത്രമാത്രം വൈറസ് ബാധയുടെയും വൈറസ് വ്യാപനത്തിൻ്റെയും തോത് വർദ്ധിക്കുമെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി മുന്നറിയിപ്പ് നൽകി.
അതേ സമയം റിയാദിൽ 101 വയസ്സ് പ്രായമുള്ള സൗദി വനിതക്ക് കൊറോണ ഭേദമായ വാർത്ത ശ്രദ്ധേയമായിരിക്കുകയാണ്. കിംഗ് സഊദ് മെഡിക്കൽ സിറ്റിയിലെ കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ പരിചരണത്തിനു ശേഷം അസുഖം ഭേദമായ ഇവർ വീട്ടിലേക്ക് മടങ്ങി.
യാംബുവിൽ 82 വയസ്സുകാരനായ ഒരു പ്രമേഹ രോഗി കൊറോണ ബാധയിൽ നിന്നും മുക്തനായ വാർത്ത ഇതിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. യാംബുവിൽ തന്നെ രണ്ട് വയസ്സ് പ്രായമുള്ള ഒരു കുട്ടിക്കും കഴിഞ്ഞ ദിവസം രോഗം ഭേദമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa