Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ ബാധിച്ചയാളുമായി ഇടപഴകേണ്ടി വന്നാൽ ചെയ്യേണ്ട പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ; ചില കാര്യങ്ങൾ ഉപേക്ഷിക്കാൻ മടിക്കരുത്; റിയാദിൽ നിന്നും ശുഭവാർത്ത

ജിദ്ദ: സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് കഴിഞ്ഞ ദിവസം പ്രതീക്ഷ നൽകിയ പോലെ കാര്യങ്ങൾ നീങ്ങുന്നതായി സൂചന നൽകിക്കൊണ്ട് ഇന്ന് സൗദിയിൽ രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 4045 പേർക്കാണു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി ലഭിച്ചത്.

പുതുതായി 3393 പേർക്ക് കൂടി കൊറോണ വൈറസ് ബാധിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ എണ്ണം 1,61,005 ആയിട്ടുണ്ട്. അതേ സമയം ഇതിൽ 1,05,175 പേർക്ക് ഇതിനകം രോഗം ഭേദമായി. 40 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 1307 ആയിട്ടുണ്ട്. 54,523 പേരാണു നിലവിൽ ചികിത്സയിലുള്ളത്.

ഇന്ന് റിയാദിൽ വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത് ആശ്വാസം പകരുന്ന വാർത്തയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിൽ തന്നെ രോഗബാധിതർ ഉണ്ടായിരുന്ന സ്ഥാനത്ത് 438 പേർക്കാണു പുതുതായി വൈറസ് ബാധിച്ചത്.

കർഫ്യൂ ഒഴിവാക്കിയതോടെ സംഗമങ്ങളിൽ പങ്കെടുക്കുന്നവരോട് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി പ്രത്യേകം നിർദ്ദേശം നൽകി. പ്രധാനമായും ഹസ്തദാനം ഒഴിവാക്കണമെന്നാണു അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്. അങ്ങനെ ചെയ്യാൻ ഒരു മടിയും കരുതരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രോഗലക്ഷണങ്ങളുള്ളവർ സംഗമങ്ങളിൽ പങ്കെടുക്കരുത്. മാസ്ക്ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യുന്നതോടൊപ്പം ഭക്ഷണ പാനീയങ്ങൾ പങ്ക് വെക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേ സമയം കൊറോണ ബാധിച്ച ഒരാളുമായി ഇടപഴകേണ്ടി വന്നാൽ പാലിക്കേണ്ട അഞ്ച് കാര്യങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി. 1.തത്വമ്മൻ (Tetamman) ആപ്പ് ഡൗൺലോഡ് ചെയ്യുകയും എല്ലാ ഡീറ്റേയ്ൽസും അതിൽ നൽകുകയും ചെയ്യുക. 2. 14 ദിവസം വീട്ടിൽ തന്നെ ക്വാറൻ്റൈനിൽ കഴിയുക. 3. ചുമക്കുംബോഴും തുമ്മുംബോഴും വായും മൂക്കും പൊത്തിപ്പിടിക്കുക. 4. കൈകൾ സോപ്പുപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ ഇടക്കിടെ കഴുകുക. 5. ശ്വാസ തടസ്സം, ഉയർന്ന പനി, ചുമ എന്നിവയുണ്ടാകുകയാണെങ്കിൽ 937 ൽ വിളിക്കുകയോ ആപ് ഉപയോഗിച്ച് ആരോഗ്യ മന്ത്രാലയത്തെ അറിയിക്കുകയോ ചെയ്യുക എന്നിവയാണു അഞ്ച് കാര്യങ്ങൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്