Friday, November 15, 2024
Saudi ArabiaTop Stories

ഓരോ തീർത്ഥാടകനും മുൻ വർഷത്തേക്കാൾ നാലിരട്ടി സ്ഥലം; ഹജ്ജിന് വിപുലമായ ഒരുക്കങ്ങൾ.

മക്ക: ഈ വർഷം ഓരോ തീർഥാടകർക്കും അനുവദിച്ചിരിക്കുന്ന സ്ഥലം കഴിഞ്ഞ വർഷങ്ങളിൽ അനുവദിച്ച സ്ഥലത്തേക്കാൾ നാലിരട്ടി കൂടുതലായിരിക്കുമെന്ന് മുതിർന്ന ഹജ്ജ് ഉദ്യോഗസ്ഥർ പറഞ്ഞു.

മിന, അറഫാത്ത് എന്നിവിടങ്ങളിൽ താമസിക്കുന്നവർക്കും കൂടാരങ്ങളുടെ കാര്യത്തിലും ഇത് ബാധകമാകുമെന്ന് ഹജ്ജ്, ഉംറ മന്ത്രിയുടെ ഉപദേഷ്ടാവ് ഫാതൻ ബിൻ മുഹമ്മദ് ഹുസൈൻ പറഞ്ഞു.

ജനങ്ങളെ നിയന്ത്രിക്കുന്നതിനും തീർഥാടകരുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും മന്ത്രാലയ ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവർത്തകരെയും ഈ നടപടികൾ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ധാരാളം തീർഥാടകരുടെ സാന്നിധ്യം മറ്റുള്ളവരിലേക്ക് അണുബാധ പകരുന്നത് എളുപ്പമാക്കും. എന്നാൽ തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ തീരുമാനം, സാമൂഹിക അകലം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കൽ, വ്യക്തികൾ തമ്മിൽ രണ്ട് മീറ്ററെങ്കിലും അകലം സൂക്ഷിക്കൽ തുടങ്ങിയ കാരണങ്ങളാൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനാകും.

കോവിഡ് പകർച്ചവ്യാധിയുടെ കാലത്തും എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന തരത്തിൽ ഹജ്ജ് കർമങ്ങൾ കണിശമായ സുരക്ഷയോടെ നടപ്പിലാക്കുന്ന പുതിയ നിർദ്ദേശം രാജ്യത്തിന്റെ താൽപര്യമാണ് കാണിക്കുന്നതെന്ന് മന്ത്രാലയ വാക്താവ് ഓർമ്മിപ്പിച്ചു.

പരിമിതമായ എണ്ണം തീർഥാടകരുമായി ഹജ്ജ് കർമങ്ങൾ നടപ്പിലാക്കാനുള്ള തീരുമാനം ശരിയായ ദിശയിൽ വിവേകപൂർണ്ണമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിലെ ദേശീയ പ്രതിസന്ധി, ദുരന്തനിയന്ത്രണ കേന്ദ്രം നടത്തിയ ആഴത്തിലുള്ള പഠനത്തിന് ശേഷമാണ് ഈ തീരുമാനം.

ഹജ്ജ് പെർമിറ്റുകൾ നൽകുന്നതിലും തീർഥാടകർക്കും അവരുടെ കുടുംബങ്ങൾക്കും സേവനങ്ങൾ നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ഏജൻസികൾക്കിടയിലും ഏറ്റവും ഉയർന്ന സാങ്കേതിക ബന്ധമുള്ള മികച്ച ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് മന്ത്രാലയമെന്ന് ഫാതൻ ചൂണ്ടിക്കാട്ടി.

ഹോസ്പിറ്റാലിറ്റി പ്രോഗ്രാം, ഇക്കണോമിക് പ്രോഗ്രാം 1, ഇക്കണോമിക് പ്രോഗ്രാം 2 എന്നിവയുൾപ്പെടെ ഹജ്ജ് സേവനങ്ങൾ തിരഞ്ഞെടുക്കാൻ ഹാജിമാരെ സഹായിക്കുന്ന വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളുണ്ട്. ഓരോ പ്രോഗ്രാമിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും താങ്ങാവുന്ന പ്രത്യേക നിരക്കുകളുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa