ജിദ്ദ എയർപോർട്ടിലെ സൗത്ത് ടെർമിനൽ അടച്ചു; ഇനി യാത്രകൾ പുതിയ ടെർമിനലിൽ നിന്ന്
ജിദ്ദ: ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിലെ സൗത്ത് ടെർമിനൽ പൂർണ്ണമായും അടച്ചതായി അധികൃതർ അറിയിച്ചു. സൗത്ത് ടെർമിനലിലെ മുഴുവൻ യാത്രകളും ഇനി മുതൽ പുതിയ ടെർമിനൽ 1 ൽ നിന്നായിരിക്കും നടക്കുക.
വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന സൗദികളുടെയും സൗദിയിൽ നിന്ന് ഇപ്പോൾ മടങ്ങുന്ന വിദേശികളുടെയും യാത്രാ നടപടികൾ പൂർണ്ണമായും ടെർമിനൽ 1 ലേക്ക് മാറ്റുന്നതായി രണ്ട് ദിവസം മുമ്പ് തന്നെ അറിയിച്ചിരുന്നു.
നിലവിൽ സൗത്ത് ടെർമിനലിൽ നിന്ന് സൗദി എയർലൈൻസിൻ്റെ വിമാനങ്ങളായിരുന്നു സർവീസ് നടത്തിയിരുന്നത്. അതേ സമയം മറ്റു രാജ്യങ്ങളുടെ വിമാനങ്ങൾ നോർത്ത് ടെർമിനലിൽ നിന്നാണു പ്രവർത്തിക്കുന്നത്.
കഴിഞ്ഞ വർഷമായിരുന്നു സൗദി ഭരണാധികാരി സല്മാൻ രാജാവ് പുതിയ ടെർമിനൽ 1 ൻ്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്. സൗദിയിൽ നടപ്പിലായ ഏറ്റവും വലിയ പദ്ധതികൾ ഒന്നായിരുന്നു ടെർമിനൽ 1 ൻ്റെ നിർമ്മാണം.
ലോകത്തെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിൽ ഒന്നാണു ജിദ്ദ എയർപോർട്ട് ടെർമിനൽ 1. പ്രതിവർഷം 3 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ടെർമിനലിനു 2035 ആകുമ്പോഴേക്കും പ്രതി വർഷം 8 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നാണു കണക്കുകൂട്ടൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa