കൊറോണ എത്ര കാലം നീണ്ടു നിൽക്കും; സൗദി നഗരങ്ങളിലെ വൈറസ് വ്യാപന തോത് കുറയുന്നു; അനുശോചന സംഗമത്തിൽ പങ്കെടുത്ത 5 കുടുംബങ്ങൾക്ക് കൊറോണ
ജിദ്ദ: സൗദി നഗരങ്ങളിലെ കൊറോണ വ്യാപന തോതിൽ വലിയ കുറവ് രേഖപ്പെടുത്തുന്നതായി ദൈനം ദിന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിയാദിലും ജിദ്ദയിലും മക്കയിലുമെല്ലാം 300 ൽ താഴെ ആളുകൾക്ക് മാത്രമാണു പുതുതായി വൈറസ് ബാധിച്ചിട്ടുള്ളത്. നേരത്തെ റിയാദിൽ വൈറസ് ബാധിതരുടെ എണ്ണം ആയിരത്തിനു മുകളിൽ വരെ കടന്ന സന്ദർഭം ഉണ്ടായിരുന്ന സ്ഥാനത്താണിത്.
പുതുതായി 3123 പേർക്ക് കൂടി വൈറസ് ബാധിച്ചതോടെ സൗദിയിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 1,67,267 ആയിട്ടുണ്ട്. അതേ സമയം 2912 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ സൗദിയിൽ ഇത് വരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,12,797 ആയി ഉയർന്നിട്ടുമുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41 പേർ കൂടി കൊറോണ ബാധിച്ച് മരിച്ചതോടെ ഇത് വരെയുള്ള കൊറോണ മരണ സംഖ്യ 1387 ആയി. 53,083 പേരാണു നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 2129 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
കഴിഞ്ഞ ദിവസം ഒരു അനുശോചന സംഗമത്തിൽ പങ്കെടുത്ത അഞ്ച് കുടുംബങ്ങൾക്ക് വൈറസ് ബാധയേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിൽ പലരും ഗുരുതരാവസ്ഥയിലാണുള്ളത്. ഹസ്തദാനം ചെയ്യുകയും അകലം പാലിക്കാതിരിക്കുകയും ചെയ്തതാണു ഇവരിൽ വൈറസ് ബാധയേൽക്കാൻ കാരണം.
അതേ സമയം കൊറോണ വ്യാപനം എത്ര കാലം നീണ്ടു നിൽക്കുമെന്ന ചോദ്യത്തിനു സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി മറുപടി പറഞ്ഞു. കൊറോണ വൈറസ് വ്യാപനവും അതിൻ്റെ നില നിൽപ്പും ദീർഘ കാലത്തേക്ക് തുടരുമെന്നാണു അദ്ദേഹം മറുപടി നൽകിയത്. പുതിയ പ്രതിരോധ രീതികൾക്കനുസൃതമായി വൈറസിനെ നേരിടുന്നത് തുടരുകയാണെന്നും ജാഗ്രതയോടെയുള്ള മടക്കത്തിൽ എല്ലാവരും സ്വന്തം ഉത്തരവാദിത്വം നിർവ്വഹിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa