Sunday, November 17, 2024
Saudi ArabiaTop Stories

സൗദിയിൽ നിന്ന് അവധിയിൽ പോയ ആശ്രിതരുടെ ഇഖാമകൾ പുതുക്കാം; ഇഖാമയില്ലാത്തവർക്ക് എക്സിറ്റ് ലഭിക്കുന്നതിനു വ്യവസ്ഥയുണ്ട്

ജിദ്ദ: സൗദിയിൽ നിന്ന് അവധിയിൽ പുറത്ത് പോയ ആശ്രിതരുടെ ഇഖാമകൾ അവർ സൗദിയിലേക്ക് വരാതെ പുതുക്കാൻ സാധിക്കുമെന്നും അതിനു കുടുംബനാഥൻ സൗദിക്കകത്തുണ്ടായിരിക്കണമെന്നത് നിർബന്ധമാണെന്നും സൗദി ജവാസാത്ത് അറിയിച്ചു.

സോഷ്യൽ മീഡിയയിലൂടെ ഇത് സംബന്ധിച്ച് ഒരാൾ സംശയം ഉന്നയിച്ചപ്പോഴാണു ജവാസാത്ത് ഇഖാമകൾ പുതുക്കുന്നതിനുള്ള നിബന്ധന വ്യക്തമാക്കി മറുപടി നൽകിയത്.

സൗദിയിൽ നിന്ന് അവധിയിൽ പോയ വിദേശ തൊഴിലാളികളുടെ ഇഖാമകൾ ജവാസാത്ത് നേരത്തെ 3 മാസത്തേക്ക് പുതുക്കി നൽകിയിരുന്നു. ഇഖാമകൾക്ക് പുറമെ പലരുടെയും റി എൻട്രിയും എക്സ്പയർ ആകാനിരിക്കേ അത് സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ ഉടൻ നടത്തുമെന്നും ജവാസാത്ത് അറിയിച്ചിരുന്നു.

കൊറോണ കാരണം അന്താരാഷ്ട്ര വിമാന യാത്രകൾ നിർത്തലാക്കിയതോടെ നിരവധി പ്രവാസികളാണു നാട്ടിൽ കുടുങ്ങിയിരിക്കുന്നത്. റി എൻട്രി വിസകൾ പുതുക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണു ആയിരക്കണക്കിനു പ്രവാസികൾ.

അതേ സമയം ഫൈനൽ എക്സിറ്റ് വിസ ഇഷ്യൂ ചെയ്യുന്നതിനു ഇഖാമ ആവശ്യമാണെന്ന് ജവാസാത്ത് ഓർമ്മിപ്പിച്ചു. എന്നാൽ ഒരാൾ സൗദിയിലെത്തി 90 ദിവസത്തിനുള്ളിലാണു എക്സിറ്റ് ഇഷ്യൂ ചെയ്യുന്നതെങ്കിൽ ഇഖാമ ഇല്ലെങ്കിലും അയാൾക്ക് എക്സിറ്റ് ലഭിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്