കൊറോണ ഭീതി കാരണം മടങ്ങിയെത്തിയ പ്രവാസിയെ സ്വന്തം വീട്ടിൽ കയറ്റിയില്ല; പച്ച വെള്ളം പോലും നൽകിയില്ല
എടപ്പാൾ: കൊറോണ ഭീതി കാരണം നാട്ടിലെത്തിയ യുവാവിനെ സ്വന്തം വീട്ടിൽ പോലും കയറ്റിയില്ല, കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ അതും നിരസിച്ചു. കഴിഞ്ഞ ദിവസം രാവിലെ വിദേശത്ത് നിന്നെത്തിയ എടപ്പാൾ സ്വദേശിയായ പ്രവാസിക്കാണു ഈ ദുരനുഭവം.
വിദേശത്ത് നിന്നും മടങ്ങുന്ന വിവരം നേരത്തെ തന്നെ വീട്ടുകാരെ അറിയിച്ചിരുന്നുവെന്നും ആ സമയം വീട്ടുകാർ എതിർപ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നുമാണു അറിയാൻ സാധിക്കുന്നത്. എന്നാൽ എയർപോർട്ടിൽ നിന്നും നേരെ വീട്ടിലെത്തിയ സമയത്ത് വീട്ടുകാരുടെ സമീപനം മാറുകയായിരുന്നു.
അതേ സമയം വീടിനു സമീപത്തുള്ള ഒഴിഞ്ഞ് കിടക്കുന്ന മറ്റൊരു വീട് തുറന്ന് നൽകി അവിടെ താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സഹോദരങ്ങളടക്കമുള്ള വീട്ടുകാർ അതും നിരസിക്കുകയായിരുന്നു.
ഏറെ നേരം വീടിനു മുംബിൽ സ്വന്തം സഹോദരങ്ങളടക്കമുള്ളവരുടെ ദയയും കാത്ത് യുവാവ് നിന്നെങ്കിലും ആരുടെയും മനസ്സലിഞ്ഞില്ല. തുടർന്ന് എടപ്പാൾ സി എച്ച് സി ഹെൽത്ത് ഇൻസ്പക്റ്റർ എൻ അബ്ദുൽ ജലീൽ ഇടപെട്ട് ആംബുലൻസ് എത്തിച്ചതിനു ശേഷം യുവാവിനെ നടുവട്ടത്തെ ക്വാറൻ്റൈൻ സെൻ്ററിലേക്ക് മാറ്റുകയായിരുന്നു.
കൊറോണക്കാലത്ത് ഇത് പോലുള്ള ദുരനുഭവം പ്രവാസികൾക്കിത് ആദ്യമായല്ല. നേരത്തെ മറ്റൊരു പ്രവാസിയെ നാട്ടുകാർ സ്വന്തം വീട്ടിൽ കയറാൻ അനുവദിക്കാത്ത സംഭവം വാർത്തയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa