Monday, September 23, 2024
Saudi ArabiaTop Stories

ഹജ്ജ്: ജംറയിൽ എറിയാൻ അണുവിമുക്തമാക്കിയ കല്ലുകൾ; ഹജറുൽ അസ്‌വദ് ചുംബിക്കാൻ അനുവദിക്കില്ല; പുണ്യസ്ഥലങ്ങളിൽ അനുമതിപത്രമില്ലാതെ പ്രവേശനമില്ല

ജിദ്ദ: കൊറോണ പശ്ചാത്തലത്തിൽ വളരെ കുറഞ്ഞ തീർഥാടകരെ മാത്രം പങ്കെടുപ്പിച്ച് നടക്കുന്ന ഈ വർഷത്തെ ഹജ്ജിനോടനുബന്ധിച്ചുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട ഹജ്ജ് സുരക്ഷാ നിയമങ്ങൾ താഴെ വിവരിക്കുന്നു:

1.മിനാ, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലേക്ക് ദുൽഖഅദ് 28 മുതൽ ദുൽ ഹിജ്ജ 12 വരെ അനുമതി പത്രം ഇല്ലാതെ പ്രവേശനം അനുവദിക്കില്ല.

2.തീർത്ഥാടകരിൽ ആർക്കെങ്കിലും കൊറോണ ലക്ഷണമുള്ളതായി സംശയിക്കപ്പെട്ടാൽ അവരെ മെഡിക്കൽ പരിശോധനകൾക്ക് ശേഷം ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കും. ഇവർക്കായി പ്രത്യേക താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കും.

3.പുണ്യ ഭൂമികളിലെ ടെൻ്റുകളിൽ 10 ൽ കുറവ് ആളുകൾക്കായിരിക്കും താമസ സൗകര്യം ഒരുക്കുക. ടെൻ്റുകൾക്കുള്ളിലും മറ്റു സന്ദർഭങ്ങളിലും ഓരോരുത്തരും 1.5 മീറ്റർ അകലം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തും.

4.ഹാജിമാർക്ക് മിനയിൽ കല്ലേറിനുള്ള കല്ലുകൾ നേരത്തെ അണു വിമുക്തമാക്കി കവറിൽ ആക്കിയ നിലയിൽ ആയിരിക്കും നൽകുക. ഹാജിമാർക്ക് ജംറകളിൽ പോകുന്നതിനു സമയം നിശ്ചയിക്കും.

5.മസ്ജിദുൽ ഹറാമിൽ ത്വവാഫിനു സമയം നിശ്ചയിക്കും. നമസ്ക്കാരം, സഅയ് തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം എല്ലാ പ്രതിരോധ സുരക്ഷാ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തും. കഅബ തൊടുന്നതിനും ഹജറുൽ അസ് വദ് ചുംബിക്കുന്നതിനും അനുമതിയുണ്ടാകില്ല.

6.സംസം കുടിക്കുന്ന സ്ഥലങ്ങളിൽ തിരക്കൊഴിവാക്കുന്നതിനു നടപടികൾ സ്വീകരിക്കും. മസ്ജിദുൽ ഹറാമിനുള്ളിൽ ഭക്ഷണ സാധനങ്ങൾ കൊണ്ട് വരുന്നതിനു അനുമതിയുണ്ടാകില്ല.

7.പ്രകടമായ കൊറോണ രോഗ ലക്ഷണങ്ങളുള്ളവരെ ഹജ്ജുമായി ബന്ധപ്പെട്ട ഉത്തരാവദിത്വങ്ങളിൽ ഏർപ്പെടാൻ അനുമതി നൽകില്ല. ലക്ഷണങ്ങൾ നീങ്ങിയതായി ഡോക്ടറുടെ ഉറപ്പ് ലഭിക്കുന്നത് വരെ വിലക്ക് തുടരും.

8.ഹാജിമാർക്കും ഹജ്ജുമായി ബന്ധപ്പെട്ട ഉത്തരവാദിത്വമുള്ളവർക്കും മറ്റു തൊഴിലാളികൾക്കും മുഴുവൻ സമയവും മാസ്ക്ക് ധരിക്കൽ നിർബന്ധമാണ്. ഉപയോഗിച്ച മാസ്ക്ക് ഉപേക്ഷിക്കുന്നത് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രം ആയിരിക്കണം.

9.ഹാജിമാർക്ക് ഒരുമിക്കുന്നതിനു അസംബ്ളി പോയിൻ്റുകൾ നിർബന്ധമാക്കും. ഒന്നര മീറ്റർ അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തും. ബാഗേജുകൾ കൈമാറുന്നതിനും മറ്റും എല്ലാം പ്രത്യേകം വ്യവസ്ഥകളുണ്ടായിരിക്കും.

10.വ്യക്തിഗതമായതും അല്ലാത്തതുമായ ഉപകരണങ്ങൾ തീർത്ഥാടകർക്കിടയിൽ പങ്കിടുന്നത് വിലക്കും. മൊബൈൽ, ഷേവിംഗ് സെറ്റുകൾ, വസ്ത്രങ്ങൾ തുടങ്ങിയവ എല്ലാം ഇതിൽ ഉൾപ്പെടും.

11.ലിഫ്റ്റുകൾ ഉപയോഗിക്കുന്നതിനു നിയന്ത്രണങ്ങൾ. അവ ഉപയോഗിക്കുന്ന സമയത്ത് സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. എസ്കലേറ്ററുകളിലും സ്റ്റെയർകേസുകളിലും ഒന്നര മീറ്റർ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുന്നതിനായി പ്രത്യേക അടയാളങ്ങൾ മാർക്ക് ചെയ്യും.

12.റിസപ്ഷൻ, ഇരിപ്പിടങ്ങൾ, വെയ്റ്റിംഗ് ഏരിയ, വാതിലിൻ്റെ ഹാൻഡിലുകൾ, ഡൈനിംഗ് ടേബിളുകൾ, വുളു എടുക്കുന്ന ഏരിയകൾ, ബാത്ത് റൂമുകൾ, ടോയിലറ്റുകൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ഇടക്കിടെ അണുവിമുക്തമാക്കൽ നിർബന്ധമാക്കും. ഹാൻഡ് സാനിറ്റൈസറുകൾ എല്ലായിടത്തും ലഭ്യമാക്കും.

13.ജമാഅത്ത് നമസ്ക്കാരങ്ങൾക്ക് പള്ളികളിൽ ഏർപ്പെടുത്തിയ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും ഹജ്ജിനിടയിലും പാലിക്കണം. മാസ്ക്ക് നിർബന്ധമായും ധരിച്ചിരിക്കണം.

14. തീർത്ഥാടകർ താമസിക്കുന്ന സ്ഥലങ്ങളിൽ ജീവനക്കാരും തീർത്ഥാടകരും മുഴുവൻ സന്ദർഭത്തിലും കൊറോണ പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.

15. ഹോട്ടലുകളിൽ കുടി വെള്ളവും സംസം വെള്ളവും ഒറ്റത്തവണ ഉപയോഗിക്കാനായി ബോട്ടിലുകളിൽ ലഭ്യമാക്കും. പാക്ക് ചെയ്ത ഭക്ഷണങ്ങൾ ആയിരിക്കും വിതരണം ചെയ്യുക. ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിൽ കൊറോണ പ്രതിരോധ നടപടികൾ സ്വീകരിക്കും.

16. ബസുകളിൽ ഓരോ ഹാജിക്കും പ്രത്യേക നംബർ നൽകി സീറ്റുകൾ നിശ്ചയപ്പെടുത്തിയിരിക്കും. യാത്രക്കാരും ഡ്രൈവർമാരും എല്ലാ സമയത്തും കൊറോണ പ്രതിരോധാ നടപടികൾ സ്വീകരിച്ചിരിക്കണം. ബാർബർ ഷോപ്പുകളിലും വൈറസ് പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിരിക്കണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്