Friday, November 29, 2024
GCCTop Stories

ഗൾഫ് രാജ്യങ്ങൾ സാധാരണ ജീവിതത്തിലേക്ക് നീങ്ങുമ്പോൾ സൗദിയിൽ നിന്നും ഖത്തറിൽ നിന്നും ആശ്വാസ വാർത്ത; ഒമാനിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്

കൊറോണ വൈറസിനിടയിൽ ഗൾഫ് ജീവിതം സാധാരണ നിലയിലേക്ക് മാറുമ്പോൾ സൗദി അറേബ്യ കഴിഞ്ഞ ചില ദിവസങ്ങളിലായി കൊറോണ ബാധിതരുടെ എണ്ണത്തിൽ കുറവ് കാണിക്കുന്നുണ്ട്. ഒരുവേള അയ്യായിരത്തോളം രോഗ ബാധിതരേ ഒരു ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നത് നിലവിൽ രണ്ടായിരത്തി അഞ്ഞൂറ് എന്ന നിലയിലേക്ക് താഴ്ന്നിട്ടുണ്ട്.

രോഗം സുഖപ്പെടുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് രാജ്യത്തുള്ളത്. ഇന്നലെയും ഇന്നും 3,000 ത്തിനു മുകളിൽ പേർ രോഗവിമുക്തരായി. രണ്ട് ലക്ഷത്തോളം പേരാണ് ഇതുവരെ സൗദിയിൽ രോഗ വിമുക്തരായത്. മാത്രമല്ല, ഓരോ ദിവസവും അറുപതിനായിരത്തിലേറെ കോവിഡ് ടെസ്റ്റുകൾ രാജ്യത്ത് നടക്കുന്നുണ്ട്.

രണ്ടര ലക്ഷത്തോളം രോഗ ബാധിതരിൽ നിലവിൽ ചികിത്സയിലുള്ളത് അൻപതിനായിരം രോഗികൾ മാത്രമാണ് എന്നത് രാജ്യം കൊറോണയെ നേരിടുന്നതിൽ ശക്തമായി മുന്നോട്ട് പോയിട്ടുണ്ട് എന്നതിന്റെ തെളിവാണ്. 2,486 മരണങ്ങളാണ് രാജ്യം ഇതുവരെ റിപ്പോർട്ട് ചെയ്തത്.

ഏറെ ചെറിയ രാജ്യമായ ഖത്തറിൽ ഇടക്കാലത്ത് ഒറ്റ ദിവസം ആയിരത്തി അഞ്ഞൂറിനു മുകളിൽ രോഗ ബാധിതരെ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും നിലവിൽ നാനൂറിനു താഴെയാണ് രോഗ ബാധാനിരക്ക്. ഖത്തറിൽ ഒരു ലക്ഷത്തി ആറായിരത്തിനു മുകളിൽ രോഗ ബാധിതർ ഉണ്ടായിട്ടുണ്ട്.

എന്നാൽ രോഗം സുഖപ്പെടുന്നവരുടെ എണ്ണത്തിലും വലിയ ഉയർച്ചയാണ് രാജ്യം രേഖപ്പെടുത്തിയത്. നിലവിൽ മുവായിരത്തോളം ആളുകൾ മാത്രമാണ് ചികിത്സയിലുള്ളത്. 157 പേർ മരണപ്പെട്ടപ്പോൾ 128 പേർ മാത്രമാണ് തീവ്ര പരിചരണ വിഭാഗത്തിൽ ഉള്ളത്. നാലര ലക്ഷത്തോളം ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടന്നത്.

ഒമാനിൽ നിന്ന് വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല എന്നു തന്നെ പറയാം. മറ്റു ഗൾഫ് രാജ്യങ്ങൾ കോവിഡ് കേസുകൾ ആയിരങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന സമയത്ത് നൂറിനു താഴെ മാത്രം കേസുകൾ സ്ഥിരീകരിച്ചിരുന്ന രാജ്യമായിരുന്നു ഒമാൻ. എന്നാൽ നിലവിൽ ആയിരത്തിനു മുകളിലാണ് ദിനംപ്രതിയുള്ള വൈറസ് രോഗബാധ.

ഇന്നലെ മാത്രം 1600 നു മുകളിലായിരുന്ന വൈറസ് ബാധിതരുടെ എണ്ണം ഇന്നും 1157 എന്ന നിലയിലാണ്. രാജ്യത്ത് കോവിഡ് പിടിപെട്ടവരിൽ അറുപത്തി ഏഴായിരത്തോളം പേരിൽ ഇനിയും ഇരുപത്തി രണ്ടായിരത്തിനു മുകളിൽ ആളുകൾ ചികിത്സയിലാണ്. മുന്നൂറിനു മുകളിൽ മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശക്തമായ മുൻകരുതൽ നടപടികളുമായി രാജ്യം കർശന നിയന്ത്രണങ്ങളോടെയാണ് മുന്നോട്ട് പോകുന്നത്.

ഏറ്റവും കൂടുതൽ മലയാളികൾ മരണപ്പെട്ട യുഎഇ യിൽ നിലവിൽ സ്ഥിതികൾ നിയന്ത്രണവിധേയമായതാണ് വിലയിരുത്തലുകൾ. കർശനമായ നിയന്ത്രണങ്ങൾക്കൊടുവിൽ രാജ്യം സാധാരണ നിലയിലായിട്ടുണ്ട്. 57000 ത്തോളം പേരാണ് രാജ്യത്ത് രോഗബാധിതരായത്. ഇതിൽ അൻപതിനായിരത്തിനടുത്ത് രോഗ വിമുക്തരായിരുന്നു.

ഇന്ന് ഇരുനൂറോളം പേർ മാത്രമാണ് രോഗ ബാധിതരായിട്ടുള്ളത്. മാത്രമല്ല അഞ്ഞൂറോളം ആളുകൾ രോഗ വിമുക്തരായി. 339 മരണങ്ങൾ സംഭവിച്ച രാജ്യത്ത് നിലവിൽ ഒരാൾ മാത്രമാണ് ക്രിട്ടിക്കൽ സ്റ്റേജിൽ ഉള്ളത്.

കുവൈറ്റിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാണെങ്കിലും ഇന്നലെയും അഞ്ഞൂറിനു മുകളിലാണ് രോഗബാധിതർ. എന്നാൽ ഇന്ന് 300 പേർക്ക് മാത്രമാണ് രോഗം ബാധിച്ചത് എന്നത് പ്രതീക്ഷയേകുന്നു. രാജ്യത്ത് അറുപതിനായിരത്തോളം പേർ കൊറോണ വൈറസ് ബാധിതരായപ്പോൾ ഇതിൽ 408 പേർ മരണപ്പെട്ടു. തുടക്കത്തിൽ പ്രവാസികൾക്കായിരുന്നു ഏറ്റവും കൂടുതൽ രോഗം ബാധിച്ചിരുന്നത്. ഇത് രാജ്യത്ത് പ്രവാസികൾക്കെതിരെ പരസ്യപ്രസ്ഥാവനക്ക് വരെ കാരണമായിരുന്നു.

ബഹറൈനിൽ നിന്നാണ് ഏറ്റവും കുറവ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 36000ത്തോളം പേർ രോഗബാധിതരായവരിൽ 124 മരണങ്ങൾ. രോഗം സുഖപ്പെടുന്നവരുടെ എണ്ണത്തിലും ബഹറൈൻ വലിയ മാർജിൻ രേഖപ്പെടുത്തുന്നുണ്ട്. നിലവിൽ രാജ്യത്ത് 4115 ആക്ടീവ് കേസുകളാണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa