ഭീതിയൊഴിയുന്നു; സൗദി അതി വേഗം സാധാരണ ജീവതത്തിലേക്ക്
ജിദ്ദ: ഭീതി മാറി കരുതലോടെ സൗദി അറേബ്യ അതി വേഗം സാധാരണ ജീവിതത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണു സമീപ ദിവസങ്ങളിലെ കൊറോണ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
തുടക്കത്തിൽ ആളുകളിലുണ്ടായിരുന്ന വലിയ ആശങ്കകളും മറ്റും ലോക്ക് ഡൗൺ പൂർണ്ണമായും ഒഴിവാക്കുകയും വാണിജ്യ മേഖലകളും തൊഴിൽ മേഖലകളുമെല്ലാം വീണ്ടും ഉണരുകയും ചെയ്തതോടെ തന്നെ മാറിത്തുടങ്ങിയിട്ടുണ്ടെന്നതാണു വസ്തുത.
കൊറോണ ബാധിച്ച നിരവധിയാളുകൾക്ക് കുറച്ച് ദിവസം കൊണ്ട് തന്നെ രോഗമുക്തി നേടാൻ കഴിയുന്നുണ്ടെന്ന അനുഭവ സാക്ഷ്യങ്ങളും നിരവധിയാളുകളെ ഇനി വൈറസ് പിടി പെട്ടാൽ തന്നെ നേരിടാമെന്ന മാനസികാവസ്ഥയിലേക്ക് മാറ്റിയിട്ടുണ്ട്. സൗദിയിൽ ഇത് വരെ രോഗം ബാധിച്ചവരിൽ 85.4 ശതമാനം പേർക്കും അസുഖം ഭേദമായിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം സൗദിയിൽ കൊറോണ ഭേദമായവരുടെ എണ്ണം 4460 ആണെന്നത് രാജ്യം അതി വേഗം തിരിച്ചു വരവിലേക്കാണെന്നതിൻ്റെ പ്രകടമായ സൂചനയാണെന്ന് തന്നെ പറയാം. അതേ സമയം പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1686 മാത്രമാണു താനും. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കുള്ളിൽ ഇതാദ്യമായി റിയാദിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100 ൽ താഴെ ആയതും ഇന്നത്തെ റിപ്പോർട്ടിൽ എടുത്ത് പറയേണ്ടതാണ്.
മരണ സംഖ്യയിലും വലിയ കുറവാണു സമീപ ദിനങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24 പേർ മാത്രമാണു മരണപ്പെട്ടത് .ഏതാനും ദിവസങ്ങൾക്ക് മുംബ് വരെ ശരാശരി 40 നും 55 നും ഇടയിൽ പ്രതിദിന മരണ നിരക്ക് രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണിതെന്നോർക്കണം. ഏതായാലും വരും ദിനങ്ങളിൽ കൂടുതൽ ശുഭ വാർത്തകൾക്കായി നമുക്ക് കാത്തിരിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa