Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിൽ ബിനാമികളെ ഒതുക്കാനായി പ്രത്യേക കമ്മിറ്റി; ഫ്രീ വിസകളെല്ലാം ഇനി ശക്തമായ നിരീക്ഷണത്തിനു വിധേയമാകും

റിയാദ്: ബിനാമി ബിസിനസുകളെ നേരിടുന്നതിനുള്ള ദേശീയ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നതിനും ബിനാമി സിസ്റ്റം ഇല്ലാതാക്കുന്നതിനുള്ള പരിഹാരങ്ങളും സംരംഭങ്ങളും നിർദ്ദേശിക്കുന്നതിനുമായി ഒരു മന്ത്രി തല കമ്മിറ്റി രൂപീകരിച്ചു.

Riyadh

സൗദി ഭരണ നേതൃത്വത്തിൻ്റെ ഉത്തരവ് പ്രകാരം രൂപീകരിച്ച കമ്മിറ്റി സൗദി പൗരന്മാരുടെ പേരിൽ വിദേശികൾ വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നത് പോലുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കും.

ഇതോടനുബന്ധിച്ച് ബിസിനസ് ലൈസൻസുകളും മാൻ‌പവർ വിസകളും നൽകുന്ന അധികാരികൾക്കിടയിൽ വിപുലമായ ഏകോപനമുണ്ടാകും. ഇത് നിലവിലുള്ള ഫ്രീ വിസ സംസ്ക്കാരത്തെ തടയിടുന്നതിനു കൂടി ആക്കം കൂട്ടിയേക്കും.

വാണിജ്യ, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയങ്ങൾ, സൗദി അറേബ്യൻ മോണിറ്ററി ഏജൻസി (സാമ), ജനറൽ അതോറിറ്റി ഫോർ സകാത്ത് ആൻ്റ് ഇൻ‌കം, സൂപ്പർവൈസറി കമ്മിറ്റി നിയോഗിച്ചിട്ടുള്ള മറ്റേതെങ്കിലും ഏജൻസി എന്നിവയെല്ലാം ബിനാമിക്കെതിരെയുള്ള നീക്കത്തിൽ പങ്കാളികളാകും.

സൗദിയിൽ നിന്നും പണം പുറത്ത് പോകുന്നത് കുറയ്ക്കുന്നതിനും സ്വകാര്യമേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സൗദികളെ ആകർഷിക്കുന്ന ഒരു മത്സര അന്തരീക്ഷം സൃഷ്ടിക്കുന്നതിനും എല്ലാം ബിനാമിക്കെതിരെയുള്ള ദേശീയ പദ്ധതി ലക്ഷ്യമാക്കുന്നുണ്ട്. പുതിയ കമ്മിറ്റിയുടെ പ്രവർത്തനം ശക്തമാകുന്നതോടെ ബിനാമികൾക്ക് മുന്നോട്ടുള്ള നീക്കം കൂടുതൽ ദുഷ്ക്കരമാകുമെന്ന് കരുതേണ്ടിയിരിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്