സൗദി പ്രവാസികൾക്ക് പ്രതീക്ഷയേകിക്കൊണ്ട് മടങ്ങി വരുന്നവർക്കുള്ള നിർദ്ദേശങ്ങൾ സൗദി സിവിൽ ഏവിയേഷൻ പുറത്തിറക്കി
ജിദ്ദ: സൗദിയിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്ക് പ്രതീക്ഷയേകി സൗദി സിവിൽ സിവിൽ ഏവിയേഷൻ്റെ സർക്കുലർ പുറത്തിറങ്ങി. മടങ്ങി വരുന്ന സമയത്ത് പാലിക്കേണ്ട നിബന്ധനകളാണു സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മടങ്ങി വരുന്നവർ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ച സത്യവാങ്മൂലം പൂരിപ്പിക്കുകയും നിർദ്ദേശങ്ങൾ അനുസരിക്കുകയും വേണം.
തനിക്ക് കൊറോണ ലക്ഷണങ്ങൾ ഇല്ലെന്ന സത്യവാങ് മൂലം പൂരിപ്പിച്ച് നൽകുകയും അതോടൊപ്പം സൗദിയിലെത്തിയയുടൻ 7 ദിവസം ക്വാറൻ്റൈനിൽ പ്രവേശിക്കുമെന്ന ഉറപ്പും നൽകിയിരിക്കണം. സൗദിയിലെത്തിയയുടൻ തത്മൻ അപ്ളിക്കേഷൻ വഴി ലൊക്കേഷൻ രേഖപ്പെടുത്തണം. ഇത് ആദ്യത്തെ 8 മണിക്കൂറിനുള്ളിൽ ചെയ്തിരിക്കണം.
ക്വാറൻ്റൈനിൽ കഴിയുന്നവർ മെഡിക്കൽ ആവശ്യത്തിനല്ലാതെ റൂമിൽ നിന്ന് പുറത്ത് പോകാൻ പാടില്ല. മറ്റുള്ളവരുമായി ബന്ധപ്പെടാതെ ഐസൊലേഷനിൽ ആയിരിക്കണം കഴിയേണ്ടത്. എന്തെങ്കിലും ആവശ്യത്തിനു റൂമിൽ നിന്ന് പുറത്തിറങ്ങേണ്ടി വരികയാണെങ്കിൽ ഫെയ്സ് മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യണം. അതോടൊപ്പം മറ്റു ക്വാറൻ്റൈൻ നിബന്ധനകളും പൂർത്തീകരിക്കണം.
തത്മൻ, തവക്കൽന ആപുകളിൽ രെജിസ്റ്റർ ചെയ്യുകയും ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശങ്ങൾ പാലിക്കുകയും വേണം. ഏതെങ്കിലും തരത്തിൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ രണ്ട് വർഷം തടവോ 5 ലക്ഷം റിയാൽ പിഴയോ രണ്ട് ശിക്ഷയും കൂടി ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.
സൗദി സിവിൽ ഏവിയേഷൻ്റെ ഈ നിർദ്ദേശങ്ങൾ നാട്ടിലുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാണു നൽകാൻ പോകുന്നത്. ഇനി ജവാസാത്തിൻ്റെ പ്രഖ്യാപനം കൂടി വന്നാൽ മടക്കയാത്രക്കുള്ള ഒരുക്കങ്ങൾ നടത്തുകയാണു ബാക്കി ചെയ്യാനുള്ളത്. അതേ സമയം നാട്ടിലെ ചില ട്രാവൽ ഏജൻസികൾ ജിദ്ദയിലേക്കുള്ള ചാർട്ടേഡ് ഫ്ളൈറ്റിനു അവധിയിൽ പോയവരുടെ ഡാറ്റകൾ ശേഖരിച്ച് തുടങ്ങിയതായി ജിദ്ദയിലെ ട്രാവൽ ഏജൻ്റ് വി പി റസാഖ് ഞങ്ങളെ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa