Thursday, November 28, 2024
Saudi ArabiaTop Stories

മായം കലർന്ന ഭക്ഷണം വിറ്റാൽ ദശലക്ഷം റിയാൽ വരെ പിഴയും തടവും

റിയാദ്: ഭക്ഷണം, കാലിത്തീറ്റ, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലെ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് പരമാവധി 10 വർഷം തടവും10 ദശലക്ഷം റിയാൽ പിഴയും ലഭിക്കുമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) മുന്നറിയിപ്പ് നൽകി. 

മായം കലർന്ന ഭക്ഷണം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും സ്ഥാപനം കണ്ടെത്തിയാൽ അവർക്ക് 100,000 റിയാൽ മുതൽ 1 മില്ല്യൺ റിയാൽ വരെ പിഴ ലഭിക്കും. മനഃപൂർവ്വം കുറ്റകൃത്യം ആവർത്തിച്ചാൽ, ഭക്ഷ്യ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരം ശിക്ഷ 10 വർഷം വരെ തടവോ അല്ലെങ്കിൽ 10 മില്യൺ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

കാലിത്തീറ്റയിൽ വിഷവസ്തുക്കളോ മൃഗങ്ങളുടെ ആരോഗ്യത്തിനോ പൊതുജനാരോഗ്യത്തിനോ ഹാനികരമായ വസ്തുക്കളോ അടങ്ങിയ വിറ്റാൽ 200,000 റിയാൽ മുതൽ പിഴ ഈടാക്കും. ഇത്തരം കാലിത്തീറ്റ കൾ പരിപൂർണമായി നശിപ്പിക്കുകയും ചെയ്യും.സൗന്ദര്യവർദ്ധക ഉൽ‌പ്പന്നങ്ങൾ പരസ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്, പരസ്യത്തിന്റെ നിയന്ത്രണങ്ങളും വ്യവസ്ഥകളും ലംഘിക്കുന്നവർക്ക് 5 ദശലക്ഷം റിയാൽ വരെ പിഴയിടുമെന്നും നിയമം അനുശാസിക്കുന്നു.

പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം എസ്‌എഫ്‌ഡി‌എ വ്യക്തമാക്കി. ഭക്ഷണം, മരുന്ന്, മെഡിക്കൽ, ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുകയോ പ്രാദേശികമായി നിർമ്മിക്കുകയോ ചെയ്താൽ അവയ്ക്ക് സ്റ്റാൻഡേർഡ് സവിശേഷതകൾ നിർബന്ധമാണെന്നും അതോറിറ്റി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa