തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി പ്രവാസികളുടെ അബ്ഷിറിന് ഇനി മുതൽ ഒരു കഫീലിന്റെ സ്ഥാനം; ഒരു പ്രവാസിയും ഇനി സൗദിയിൽ പ്രയാസപ്പെടേണ്ടി വരില്ല

ജിദ്ദ: ഇത് വരെ വിദേശ തൊഴിലാളിൾക്ക് ഇഖാമ കാലാവധിയോ പിഴയോ മറ്റു അപ്ഡേഷനുകളോ പരിശോധിക്കാനും ചില സേവനങ്ങൾ പുതുക്കാനുമുള്ള ഒരു അപ്ളിക്കേഷൻ മാത്രമായിരുന്നു അബ്ഷിറെങ്കിൽ 2021 മാർച്ച് 14 മുതൽ വിദേശ തൊഴിലാളികളുടെ അബ്ഷിർ ഒരു കഫീലിൻ്റെ സ്ഥാനമാണു കൈകാര്യം ചെയ്യാൻ പോകുന്നത്.

തൊഴിലുടമയുടെ അനുമതിയില്ലാതെ സൗദിയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കുമെന്ന സ്വാതന്ത്ര്യം പ്രഫഷൻ ഉള്ള ഓരോ വിദേശ തൊഴിലാളിക്കും മാർച്ച് 14 മുതൽ ലഭ്യമാകുന്നുവെന്നതാണു അബ്ഷിറിൻ്റെ പ്രാധാന്യം ഉയരാൻ കാരണം.

ചില ഗൾഫ് രാജ്യങ്ങളിൽ നേരത്തെ തന്നെ നടപ്പിലായിരുന്ന സംവിധാനമായിട്ടും സൗദിയിൽ ഇത് വരെ തൊഴിലുടമയുടെ അനുമതിയില്ലാതെ രാജ്യം വിടാൻ അനുമതി ലഭിച്ചിരുന്നില്ല.

എന്നാൽ പുതുക്കിയ തൊഴിൽ പരിഷ്ക്കരണ പ്രകാരം മാർച്ച് 14 മുതൽ ഒരു തൊഴിലാളിക്ക് രാജ്യത്ത് നിന്ന് പുറത്ത് പോകണമെങ്കിൽ റി എൻട്രി വിസയുടെ ഫീസ് അടച്ച് സ്വന്തം അബ്ഷിറിൽ നിന്ന് റി എൻട്രി വിസ ഇഷ്യു ചെയ്യാൻ സാധിക്കുമെന്നത് പതിറ്റാണ്ടുകളായി സൗദി പ്രവാസികൾ സ്വപ്നം കാണുക മാത്രം ചെയ്തിരുന്ന ഒരു കാര്യമായിരുന്നു.

ഇഷ്യു ചെയ്ത റി എൻട്രി വിസ കാൻസൽ ചെയ്യാൻ പോലും തൊഴിലുടമക്ക് അധികാരമില്ലെന്നത് പുതിയ സംവിധാനം ഒരു കഫീലിൻ്റെ സ്ഥാനത്താണു നിൽക്കുന്നത് എന്നതിൻ്റെ സൂചനയാണെന്ന് പറയാതെ വയ്യ.

അത് കൊണ്ട് തന്നെ ഓരോ സൗദി പ്രവാസിയും സ്വന്തമായി അബ്ഷിർ അക്കൗണ്ട് തുറന്നിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് ഇപ്പോൾ നിർബന്ധമായിരിക്കുകയാണ്.

അതോടൊപ്പം പ്രധാനപ്പെട്ട മറ്റൊരു സ്വാതന്ത്ര്യമാണു സൗദിയിലെത്തി ഒരു വർഷം കഴിഞ്ഞാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ കരാർ തീർന്നില്ലെങ്കിൽ പോലും മറ്റൊരു തൊഴിലുടമയുമായി കരാറിൽ ഏർപ്പെടാം എന്നത്.

അതേ സമയം തൊഴിൽ കരാർ അവസാനിക്കാതെയാണു തൊഴിൽ മാറ്റം നടക്കുന്നതെങ്കിൽ തൊഴിലുടമക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ തൊഴിലാളി നൽകേണ്ടി വരുമെന്ന് മാത്രം. ഇത് മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ ഖിവ ആപ്ളിക്കേഷൻ വഴിയാണു സാധ്യമാകുക.

ഇഖാമ, വർക്ക് പെർമിറ്റ്, തൊഴിൽ കരാർ കാലാവധികൾ കഴിഞ്ഞാലും തുടർച്ചയായ മൂന്ന് മാസം വേതനം നൽകാതിരുന്നാലും, കഫീലുമായുള്ള ബന്ധം മുറിഞ്ഞാലും (കഫീലിൻ്റെ യാത്ര, മരണം, ജയിൽ എന്നിവ കാരണം), തൊഴിലുടമയുടെ ബിനാമി ഇടപാട് റിപ്പോർട്ട് ചെയ്താലും, തൊഴിലാളിയുമായുള്ള കേസിൽ തൊഴിലുടമ രണ്ട് സിറ്റിംഗുകളിൽ ഹാജരാകാതിരുന്നാലും തൊഴിലാളിക്ക് യാതൊരു ഉപാധിയുമില്ലാതെ തൊഴിൽ മാറ്റം സാധ്യമാകുമെന്നത് ഒരു പ്രവാസിയും ഇനി സൗദിയിൽ പ്രയാസപ്പെടേണ്ടി വരില്ലെന്നതിനുള്ള ഉറപ്പാണു നൽകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്