തൊഴിൽ മാറ്റത്തിനു പുതിയ തൊഴിൽ പരിഷ്ക്കരണത്തിൽ 3 ഭേദഗതികളുമായി സൗദി മാനവ വിഭവശേഷി മന്ത്രാലയം
ജിദ്ദ: മാർച്ച് 14 മുതൽ നിലവിൽ വരാൻ പോകുന്ന പുതിയ തൊഴിൽ പരിഷ്ക്കരണ നടപടികളോടനുബന്ധിച്ചുള്ള ചില ഭേദഗതികൾ സൗദി സാമൂഹിക ക്ഷേമ മന്ത്രാലയം വെളിപ്പെടുത്തി.
നിലവിലുള്ള തൊഴിലുടമ സമ്മതിച്ചാൽ ഒരു നിശ്ചിത സമയ പരിധി ഇല്ലാതെ തന്നെ തൊഴിലാളിക്ക് മറ്റൊരു തൊഴിലുടമയിലേക്ക് ജോലി മാറാൻ സാധിക്കുമെന്നതാണു ഭേദഗതിയിൽ ഒന്ന്. സ്വദേശിവത്ക്കരണവുമായി ബന്ധപ്പെട്ട നിബന്ധനകൾ ഇല്ലെങ്കിലായിരിക്കും ഇങ്ങനെ മാറാൻ സാധിക്കുക.
നിയമ പ്രകാരമുള്ള തൊഴിൽ കരാറിൻ്റെ കാലാവധി അവസാനിക്കുന്നതോടെ നിലവിലുള്ള തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ തൊഴിൽ മാറ്റം സാധ്യമാകുമെന്നും ഭേദഗതിയിൽ രണ്ടാമതായി വെളിപ്പെടുത്തുന്നു.
സൗദിയിൽ പ്രവേശിച്ച് 12 മാസം കഴിഞ്ഞാൽ നിലവിലെ തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിൽ മാറ്റം സാധ്യമാകുന്നതിനുള്ള നിബന്ധനകളിലുള്ള ഭേദഗതിയും മന്ത്രാലയം വ്യക്തമാക്കി.
സൗദിയിലെത്തി 12 മാസത്തിനു ശേഷം തൊഴിൽ മാറ്റത്തിനു രണ്ടു കക്ഷികളും തമ്മിൽ യോജിച്ചില്ലെങ്കിൽ കരാർ ബന്ധം അവസാനിപ്പിക്കുന്നതിൻ്റെ 90 ദിവസം മുംബ് തന്നെ തൊഴിലാളി തൊഴിലുടമക്ക് സൂചന നൽകിയിരിക്കണം. ( ഇങ്ങനെ കരാർ അവസാനിപ്പിക്കും മുംബ് തൊഴിൽ ബന്ധം അവസാനിപ്പിക്കുന്നതിനുള്ള സമയത്തുണ്ടാകുന്ന നഷ്ടങ്ങൾക്ക് തൊഴിലാളി പരിഹാരം കാണേണ്ടി വരുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിട്ടുണ്ട്).
തൊഴിൽ കരാർ അവസാനിക്കുന്നതോടെയും അതിനു മുംബുമെല്ലാം തൊഴിലുടമയെ മാറ്റാൻ അനുമതി ലഭിക്കുന്നത് നിരവധി പ്രവാസികൾക്ക് വലിയ അനുഗ്രഹമായിത്തീരും.
അതോടൊപ്പം തൊഴിലാളികൾക്ക് ഏത് സമയവും ഇഷ്ടമുള്ള മേഖല കണ്ടെത്തി മാറാൻ സാധിക്കുമെന്നതിനാൽ നിലവിലുള്ള തൊഴിലാളികളോടുള്ള ചില തൊഴിലുടമകളുടെ മോശം സമീപനങ്ങളിലും പരിഗണനകളിലും വലിയ മാറ്റം വരുമെന്നും പ്രതീക്ഷിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa