പ്രവാസ ജീവിതം അവസാനിപ്പിച്ച പലരും എന്ത് കൊണ്ടാണു വീണ്ടും ഗൾഫിലേക്ക് തന്നെ മടങ്ങാൻ ആഗ്രഹിക്കുന്നത് ?
ജിദ്ദ: പരിചയക്കാരനായ ഒരു സൗദിക്ക് ഒരു മലയാളിയായ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോഴാണു നാട്ടിലെ ചില സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ആരെങ്കിലുമുണ്ടോ എന്നന്വേഷിച്ചത്. വിസ നൽകുമെന്നും മാന്യമായ സാലറി ലഭിക്കുമെന്നും പറഞ്ഞപ്പോൾ ആളെ അന്വേഷിക്കാമെന്ന് സുഹൃത്തുക്കൾ അറിയിക്കുകയും ചെയ്തു.
എന്നാൽ മണിക്കൂറുകൾക്കകം സൗദിയിൽ നിന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ച് പോയ നിരവധി മലയാളി സഹോദരങ്ങളാണ് അവരുടെ സൗദി ലൈസൻസ് കോപിയും ഇഖാമ കോപിയുമെല്ലാം വാട്സപിലൂടെ അയച്ച് തന്നത്. കിട്ടിയ കോപ്പികളെല്ലാം സൗദി സുഹൃത്തിന് അയച്ച് കൊടുക്കുകയും അവൻ യോജിച്ച ഒരാളെ കണ്ടെത്തുകയും തിരഞ്ഞെടുക്കപ്പെട്ട മലയാളി സുഹൃത്ത് ഇന്നും സന്തോഷത്തോടെ സൗദിയിൽ ജോലി ചെയ്യുകയും ചെയ്യുന്നു.
ആ വിസയുടെ വിവരങ്ങൾ അന്വേഷിച്ച് നേരിട്ട് ബന്ധപ്പെട്ട മുൻ സൗദി പ്രവാസികളെല്ലാവരും നാട്ടിൽ പ്രതിദിനം ശരാശരി 1000 രൂപയോളം സ്ഥിരവരുമാനമുള്ള ജോലികളോ മറ്റു ഏർപ്പാടുകളോ ഉള്ളവരായിരുന്നു എന്നതാണു ഒരു വസ്തുത.
ഹൗസ് ഡ്രൈവർ വിസക്ക് സാധാരണ ലഭിക്കുന്ന സാലറിയും പ്രവാസ ജീവിതവുമായി ബന്ധപ്പെട്ട മറ്റു പ്രയാസങ്ങളും ഓർക്കുംബോൾ നാട്ടിൽ 1000 രൂപയോളം ലഭിക്കുന്നവനു സൗദിയിലേക്ക് വരേണ്ട ഒരു ആവശ്യമില്ലല്ലോ എന്ന നമുക്ക് തോന്നാമെങ്കിലും പലരും നൽകിയ മറുപടി ചിന്തിക്കേണ്ടത് തന്നെയായിരുന്നു.
നേരത്തെ ഗൾഫിൽ നിന്ന് കൊണ്ട് ഒരു നിശ്ചിത സംഖ്യ മാത്രം നാട്ടിലേക്ക് അയക്കുകയും ഒരു ചെറിയ തുക ബാങ്ക് അക്കൗണ്ടിലോ കുറികളിലോ മറ്റോ ആയി നിക്ഷേപിക്കുകയും ചെയ്യുന്നവരായിരുന്നു വീണ്ടും ഗൾഫിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ഭൂരിപക്ഷം മുൻ പ്രവാസികളും.
എന്നാൽ ഗൾഫ് ഒഴിവാക്കി നാട്ടിൽ വന്നപ്പോൾ എത്ര പണമുണ്ടാക്കിയാലും അത് തികയാതെ വരുന്ന ഒരു സ്ഥിതിയാണു പലർക്കും ഉണ്ടായിട്ടുള്ളത്. നേരത്തെ മാസം പതിനായിരം രൂപ മാത്രം അയച്ച് കൊടുത്താൽ എല്ലാ ചിലവുകളും അത് കൊണ്ട് പൂർത്തീകരിച്ചിരുന്ന പ്രവാസിയുടെ കുടുംബത്തിനു ഇപ്പോൾ പ്രവാസി നാട്ടിലായതോടു കൂടി ചിലവ് ഇരട്ടിയിലധികമായി മാറിയെന്നാണു പലരും അനുഭവം പങ്ക് വെച്ചത്.
പ്രവാസി നാട്ടിലാകുന്ന സമയത്ത് ചിലവ് കൂടുന്നതോടൊപ്പം പല ദിനങ്ങളിലും നാട്ടിലേയും കുടുംബത്തിലേയും വിവിധ പരിപാടികളിൽ ഭാഗമാകേണ്ടി വരുന്നതിനാൽ സ്ഥിരമായി ജോലിക്ക് പോകാനും സാധ്യമാകാതെ വരുന്നുണ്ടെന്നതും ഒരു വസ്തുതയാണ്.
കൂടാതെ നാട്ടിലുള്ള സമയം ഉണ്ടാകുന്ന ചിലവുകൾക്ക് ഒരു നിശ്ചിത പരിധി കണക്കാക്കാനും പലരും പ്രയാസപ്പെടുന്നുണ്ട്. ആർഭാട ജീവിതം നയിക്കാതിരുന്നിട്ട് പോലും ചില്ലറ ചിലവുകളെല്ലാം കണക്ക് കൂട്ടുംബോൾ ഒരു അണു കുടുംബത്തിനു വരെ വലിയ തുക പ്രതിമാസം ചെലവ് വരുന്നുണ്ടെന്നതും ഒരു യാഥാർത്ഥ്യമാണ്.
ഗൾഫിലാണെങ്കിൽ അത്യാവശ്യമായി എന്തെങ്കിലും സാഹചര്യം ഉണ്ടായാൽ വലിയ തുകളും ചെറിയ തുകകളും നൽകി പരസ്പരം സഹായിക്കാൻ പ്രവാസികൾ കാണിക്കുന്ന ഉദാര മനസ്കത പലപ്പോഴും നാട്ടിൽ കാണാൻ പ്രയാസവുമാണ്. കുറികളിലും മറ്റും ഭാഗമാകുന്നവർക്ക് കുറിയടിക്കുന്ന സാഹചര്യത്തിൽ അത്യവാശ്യമില്ലാത്തവർ പലരും ആ തുക സുഹൃത്തുക്കൾക്ക് കടം നൽകുന്നതും ഗൾഫിലെ ഒരു പതിവ് കാഴ്ചയാണ്. എന്നാൽ നാട്ടിൽ അങ്ങനെ പണം അത്യാവശ്യമില്ലാത്തവരെ കാണാൻ തന്നെ പാടാണ്.
ചുരുക്കത്തിൽ നാട്ടിലെ നിലവിലെ വിവിധ ചിലവുകളും എത്ര കിട്ടിയാലും ഒരു രൂപ പോലും ബാക്കിയാക്കാൻ സാധിക്കുന്നില്ലെന്ന അവസ്ഥയും അടിയന്തിര ആവശ്യങ്ങൾ ഉണ്ടാകുംബോൾ വൻ ചിലവുകൾ താങ്ങാൻ പ്രയാസപ്പെടുന്ന സ്ഥിതിയുമെല്ലാമാണു പല മുൻ പ്രവാസികളേയും വീണ്ടും ഗൾഫിലേക്ക് തന്നെ പറക്കാൻ നിർബന്ധിതരാക്കുന്നത് എന്ന് തന്നെ പറയാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa