Thursday, May 1, 2025
Saudi ArabiaTop Stories

സൗദി പ്രവാസികൾ സൂക്ഷിക്കുക; ഇ പേ വഴിയും മറ്റും പണം സ്വീകരിച്ച മലയാളികൾ കുരുക്കിൽ

ജിദ്ദ: പണമിടപാടുകൾ മൊബൈലിൽ നിന്ന് തന്നെ എളുപ്പത്തിൽ നടത്താൻ ഉപയോഗിക്കുന്ന വിവിധ ബാങ്കുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും ഇ വാലറ്റുകളിൽലൂടെയും മറ്റും വിവിധയാളുകളിൽ നിന്ന് പണം സ്വീകരിച്ചതിനു പത്ത് മലയാളികൾ സൗദിയിലെ ദമാമിൽ കുരുക്കിലായതായി റിപ്പോർട്ട്.

സൗദി നിയമ പ്രകാരം ചാരിറ്റികൾക്കും മറ്റും പണം സ്വരൂപിക്കുന്നതിനു അംഗീകൃത സ്ഥാപനങ്ങൾ തന്നെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് കൂടുതൽ പേരിൽ നിന്ന് പണമെത്തുന്നത് കർശന നിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ടെന്നാണു ഇത് സൂചിപ്പിക്കുന്നതെന്നാണു സാമൂഹിക പ്രവർത്തകർ സൂചിപ്പിക്കുന്നത്.

മാസക്കുറി, റൂം മെസ്സ്, ബാച്ചിലേഴ്സ് റൂം വാടക, നാട്ടിലെ മഹല്ലുകളിലോ മറ്റോ ഏതെങ്കിലും ആവശ്യത്തിനുള്ള പണം തുടങ്ങി പ്രതിമാസമോ വാരങ്ങളിലോ സ്വരൂപിക്കേണ്ട പല തുകകളും വിവിധയാളുകളിൽ നിന്ന് ഒരാളുടെ അക്കൗണ്ടിലേക്ക് ആവർത്തിച്ച് അയക്കുന്നതാണു പ്രശ്നം സൃഷ്ടിക്കുന്നത് എന്നാണു മനസ്സിലാക്കാൻ സാധിക്കുന്നത്.

ഒരു റൂമിലെ മെസ്സ് മുഴുവൻ ഒരാൾ നടത്തുകയാണെങ്കിൽ റൂമിലുള്ള മറ്റുള്ള അംഗങ്ങൾ എല്ലാവരും അയാളുടെ അക്കൗണ്ടിലേക്ക് നിശ്ചിത തീയതിയിൽ ഒരേ തുക അയക്കുന്നത്, മാസക്കുറിയുടെ തവണകൾ കുറി നടത്തുന്നയാളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം അയക്കുന്നത്, നാട്ടിൽ കല്യാണത്തിനോ മറ്റൊ ഒരു പിരിവ് ഉണ്ടായാൽ മഹല്ലിലെ ഓരോ വ്യക്തിയും ഇ വാലറ്റുകൾ വഴിയും മറ്റും പണം പിരിക്കുന്നയാളുടെ അക്കൗണ്ടിലേക്ക് നിശ്ചിത സമയത്ത് പണമയക്കുന്നത് തുടങ്ങി എല്ലാ ഇടപാടുകളും നിരീക്ഷണത്തിനു വിധേയമാകുന്നുണ്ടെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

ക്ളബുകളിലും ടർഫുകളിലും മറ്റും സ്ഥിരമായി ഗ്രൂപ്പായി പോകുന്നവർ റെൻ്റിനായി പണം പിരിക്കുന്ന സന്ദർഭത്തിൽ ഒരാളുടെ അക്കൗണ്ടിലേക്ക് നിരവധിയാളുകൾ നിശ്ചിത തുക അയക്കുംബോൾ അതും നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് പ്രവാസികൾ ഓർക്കുക.

അനധികൃത ചാരിറ്റി എന്നതിനു പുറമെ പല രീതിയിലും ബ്ളാക്ക് മണി വെളുപ്പിക്കാൻ ഭീകരരും അനധികൃത സ്വത്ത് സമ്പാദകരുമെല്ലാം ശ്രമിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഒരുപാട് പേരിൽ നിന്ന് ഒരാളുടെ അക്കൗണ്ടിലേക്ക് പണം വരുന്നത് തീർച്ചയായും നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി സൗദിയിൽ ശക്തമായ അഴിമതി വേട്ട നടക്കുന്നതിനാൽ ധനമിടപാടുകൾ സമീപകാലത്ത് ശക്തമായ നിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ടെന്നതും ഇതോടൊപ്പം കൂട്ടി വായിക്കുക.

ഏതായാലും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ റൂം മെസ്സിനും മറ്റു കാര്യങ്ങൾക്കുമുള്ള ഇടപാടുകൾക്ക് ഇ വാലറ്റുകൾ വഴിയും മറ്റുമുള്ള പണം കൈമാറൽ പരമാവധി ഒഴിവാക്കുന്നതാണു നമ്മുടെ സുരക്ഷക്ക് നല്ലത്. ഇതോടൊപ്പം നമ്മുടെ നിശ്ചിത സാലറിക്ക് പുറമെയുള്ള പണമിടപാടുകൾ അക്കൗണ്ടിലൂടെ നടത്തുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കുക.

ഇത്തരം കേസുകളിൽ പിടിക്കപ്പെട്ടാൽ പിന്നീട് പണമിടപാടിൻ്റെ മുഴുവൻ കാര്യ കാരണങ്ങളും അധികൃതരെ ബോധ്യപ്പെടുത്തേണ്ടി വരും. അതിനു സാധിച്ചില്ലെങ്കിൽ നിയമ പ്രകാരമുള്ള ശിക്ഷക്ക് പുറമെ സൗദിയിലേക്ക് ആജീവാനന്ത പ്രവേശന വിലക്കും നേരിടേണ്ടി വരുമെന്നതും ഓർക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം 👇
https://chat.whatsapp.com/CU6KCj7MfNk64UEiHXJ7ve

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്