ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കാനുള്ള അനുമതി പ്രവാസികൾക്കും തൊഴിലുടമകൾക്കും ഒരു പോലെ ഗുണം ചെയ്യും
ജിദ്ദ: വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റും ഇഖാമയും ചുരുങ്ങിയത് മൂന്ന് മാസത്തേക്ക് പുതുക്കാനുള്ള അനുമതി സൗദി മന്ത്രി സഭ നൽകിയതോടെ പ്രസ്തുത പദ്ധതി സൗദിയിലെ വിദേശ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരു പോലെ ഗുണം ചെയ്യുമെന്ന് വിലയിരുത്തൽ.
മാർച്ച് 14 മുതൽ സൗദിയിലെ വിദേശ തൊഴിലാളികൾക്ക് സ്പോൺസറുടെ അനുമതിയില്ലാതെത്തന്നെ സൗദി വിടാനും സ്പോൺസർഷിപ്പ് മാറാനുമുള്ള അനുമതി പ്രാബല്യത്തിൽ വരുന്നതോടെയായിരിക്കും ഇഖാമ ചുരുങ്ങിയ കാലത്തേക്ക് പുതുക്കുന്നതിനുള്ള പദ്ധതി കൂടുതൽ പ്രസക്തമാകുക.
സ്പോൺസർ ഒരു വർഷത്തെ ലെവി അടച്ച് ഇഖാമ പുതുക്കിയ ഉടൻ ഒരു വിദേശ തൊഴിലാളി സ്പോൺസർഷിപ്പ് മാറുകയോ എക്സിറ്റ് ആവശ്യപ്പെടുകയോ ചെയ്താൽ അത് തൊഴിലുടമക്ക് വലിയ നഷ്ടം വരുത്തി വെക്കും. എന്നാൽ മൂന്ന് മാസത്തേക്കാണു ലെവി അടച്ച് ഇഖാമ പുതുക്കുന്നതെങ്കിൽ സ്പോൺസർക്ക് അത് വലിയ ഭാരം ഉണ്ടാക്കുന്നില്ല.
അതോടൊപ്പം തൊഴിലാളിക്കും ഈ സംവിധാനം വലിയ ഉപകാരം ചെയ്യും. ഒരു സ്പോൺസർ ഒരു വർഷത്തേക്ക് മുഴുവൻ തുകയും ലെവി അടച്ച് ഇഖാമ പുതുക്കിയ ഉടനെ തൊഴിലാളിക്ക് എക്സിറ്റോ സ്പോൺസർഷിപ്പോ ആവശ്യമായി വന്നാൽ കരാർ പ്രകാരമുള്ള നഷ്ടപരിഹാരം തൊഴിലാളി നൽകേണ്ടി വരും. സ്വാഭാവികമായും ഒരു വർഷത്തെ ലെവി തുക തന്നെ തൊഴിലാളി നൽകേണ്ട സ്ഥിതിയായിരിക്കും ഉണ്ടാകുക. എന്നാൽ ഇഖാമ മൂന്ന് മാസത്തേക്കാണു പുതുക്കിയതെങ്കിൽ മൂന്ന് മാസത്തെയോ അതിനു താഴെയോ ഉള്ള കാലാവധിക്കുള്ള ലെവിക്ക് സമാനമായ നഷ്ടപരിഹാരത്തെക്കുറിച്ച് ചിന്തിച്ചാൽ മതിയാകും.
ഇവക്കെല്ലാം പുറമെ നിലവിൽ കൊറോണ പ്രതിസന്ധിയിൽ കുടുങ്ങി ഇഖാമ കാലാവധി കഴിഞ്ഞ് നാട്ടിൽ നിൽക്കുന്ന പല പ്രവാസികൾക്കും പുതിയ നിയമം ഉപകാരം ചെയ്യുമെന്നാണു കരുതപ്പെടുന്നത്. നാട്ടിലുള്ള പലർക്കും സൗദിയിലുള്ള കഫീലിനു വലിയ തുക ലെവി നൽകാൻ സാധിക്കാത്തതിനാൽ ഇഖാമ പുതുക്കാനും റി എൻട്രി കാലാവധി നീട്ടാനും സാധിച്ചിരുന്നില്ല. എന്നാൽ മൂന്ന് മാസത്തേക്ക് ലെവി അടക്കാനുള്ള സൗകര്യം നിലവിൽ വന്നതോടെ തുക കുറഞ്ഞതിനാൽ പലർക്കും സൗദിയിലുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തെക്കോ ആറു മാസത്തേക്കോ ഇഖാമ പുതുക്കാൻ സ്പോൺസറോട് ആവശ്യപ്പെടാനുള്ള ഒരു അവസരം ഒരുങ്ങിയിരിക്കുകയാണ്.
മാർച്ച് 14 മുതൽ സ്വതന്ത്രമായി സ്പോൺസർഷിപ്പ് മാറാനും രാജ്യം വിടാനും അനുമതി നൽകുന്ന നിയമത്തെക്കുറിച്ച് പ്രഖ്യാപിച്ച വേളയിൽ തങ്ങൾക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് സൗദി തൊഴിലുടമകൾ ആശങ്കകൾ അറിയിച്ചിരുന്നു. പുതിയ സിസ്റ്റം അതിനെല്ലാം ഒരു പരിഹാരമായി മാറുമെന്ന് പ്രതീക്ഷിക്കാം. ഇഖാമ നാലു തവണയായി പുതുക്കുന്നതിനുള്ള മാനവ വിഭവ ശേഷി മന്ത്രാലയത്തിൻ്റെ നിർദ്ദേശം അംഗീകരിച്ച രാജാവിനു മന്ത്രി എഞ്ചിനീയർ അഹമദ് അൽ റാജ്ഹി പ്രത്യേകം നന്ദി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa