Sunday, November 24, 2024
Saudi ArabiaTop Stories

അത്താഴം വിളമ്പാനായി ഉറക്കമിളച്ച് ഹോട്ടൽ ജീവനക്കാർ; പള്ളിയിൽ ഇഫ്താർ കിറ്റ് : നേപാളിലെ ഹൃദ്യമായ നോമ്പനുഭവങ്ങൾ സൗദി പ്രവാസികൾക്ക് ആവേശമാകുന്നു

നേരത്തെ നേപാളിലെ റമദാൻ രാവിനെക്കുറിച്ചും മറ്റനുഭവങ്ങളെക്കുറിച്ചും മനോഹരമായ ഭാഷയിൽ പങ്ക് വെച്ച സൗദി പ്രവാസി ഫൈസൽ മാലിക് എ ആർ നഗർ നേപാളിലെ ആദ്യ നോമ്പ് തുറയുടെ അനുഭവങ്ങൾ പങ്ക് വെച്ചതും ഇതിനകം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിക്കഴിഞ്ഞു. ഫൈസൽ മാലിക് ഇങ്ങനെ എഴുതുന്നു:

“നോമ്പെടുക്കുന്നവർക്ക് വേണ്ടി പ്രവാസി മലയാളികൾ താമസിക്കുന്ന ഹോട്ടലുകളിലെ ഭക്ഷണ സമയത്തിൽ ചില ക്രമീകരണങ്ങൾ വരുത്തുമെന്ന് ടൂർ റെപ്രസെന്റേറ്റീവർമാർ അറിയിച്ചിരുന്നു. 20ലധികം ഹോട്ടലുകളിൽ സൗദിയിലേക്കുള്ള ഊഴം കാത്ത് കഴിയുന്നവർ ഉണ്ടെന്നാണ് അറിവ്. ഞങ്ങളുടെ ഹോട്ടലിൽ മാത്രം 40 പേരുണ്ട്. ഹോട്ടൽ അധികൃതർ ആവശ്യപ്പെട്ടതു പ്രകാരം അത്താഴവും ഇഫ്താറും വേണ്ടവരുടെ ലിസ്റ്റ് നേരത്തെ നൽകിയിരുന്നു. പുലർച്ചെ മൂന്നര മണിക്കാണ് അത്താഴസമയം. നാലേകാലിനാണ് സുബ്ഹി ബാങ്ക്. യുറോപ്പ് അടക്കം വിദേശ രാജ്യങ്ങളിൽ നിന്നും നേപ്പാളിൽ നിന്ന് തന്നെയും ഇഷ്ടം പോലെ ടൂറിസ്റ്റുകൾ താമസിക്കുന്ന ഹോട്ടലാണ്. വലിയ ഒച്ചയും ബഹളവുമുണ്ടാക്കാതെ അത്താഴം കഴിച്ച് പോകണം. പാവം ഹോട്ടൽ ജീവനക്കാർ, രണ്ടുമൂന്ന് പേർ ആ സമയത്ത് ഉറക്കമൊഴിച്ച് ഞങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ്. മറ്റ് താമസക്കാർക്ക് വേണ്ടി രാവിലെയും ഉച്ചക്കും സേവനം ചെയ്യുന്നതും ഇവർ തന്നെ. ഇത്രയും ദിവസം കൊണ്ട് അവരുമായി ഞങ്ങൾ വലിയ ഫ്രണ്ട്ലി ആയിട്ടുണ്ട്. അതാണല്ലോ മലയാളികളെ മറ്റ് സമൂഹങ്ങളിൽ നിന്ന് വേർതിരിക്കുന്നതും.

അത്താഴം കഴിച്ച ശേഷം അവരോടായി ഞാൻ ചോദിച്ചു. ഞങ്ങളുടെ നോമ്പിനെ കുറിച്ച് നിങ്ങൾക്ക് ഇതിന് മുമ്പ് അറിയുമൊ? അതെ, അറിയാം. ഒരാൾ മുമ്പ് മലേഷ്യയിൽ ജോലി ചെയ്തിട്ടുണ്ടത്രെ. മലേഷ്യയിൽ ജോലി ചെയ്ത ആളോട് നോമ്പിനെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ. മറ്റെയാൾ ലാംജുൻഗ് ജില്ലയിൽ നിന്നുള്ള ചെറുപ്പക്കാരനാണ്. അവരുടെ നാട്ടിൽ ധാരാളം ഇസ്‌ലാംമത വിശ്വാസികളുണ്ട്. നമസ്കാരവും നോമ്പും പെരുന്നാളും ഒക്കെ സുപരിചിതം. കുശുനിയിൽ നിൽക്കുന്നയാൾക്ക് ഇതാെക്കെ ആദ്യത്തെ അനുഭമാണ്. ഈ സമയം മുതൽ വൈകുന്നേരം വരെ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ കഴിയണമെന്ന് പറഞ്ഞപ്പോൾ ആ മുഖത്തെ കൗതുകം ഒന്ന് കാണേണ്ടത് തന്നെ.

സുബ്ഹി എന്നല്ല ഒരു ബാങ്കും ഇവിടെ കേൾക്കില്ല. എന്നാലും ഗൂഗിളിൽ എല്ലാം കൃത്യമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഒരു മാസത്തെ മഗ്‌രിബിന്റേയും സുബ്ഹിയുടേയും സമയപട്ടിക പള്ളിയിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത നാട്ടിൽ ഒരു നോമ്പിന് തുടക്കമാവുകയാണ്. കബ്സ പോലെയുള്ള ഒരു ചോറും സാദാ പച്ചരിച്ചോറും കറിയും കൂട്ടാനും അച്ചാറും സാലഡുമൊക്കെയായി സമൃദ്ധമായിരുന്നു അത്താഴം. സുബ്ഹിക്ക് ശേഷം കിടന്നുറങ്ങി. ളുഹറും അസറും റൂമിൽ വെച്ച് തന്നെ. പുറത്തിറങ്ങി നടക്കുന്നത് അത്ര നല്ലതല്ല. നോമ്പ് കല്ലത്താക്കുന്ന കാഴ്ചകളാണ് മുമ്പിലൂടെ കടന്ന് പോകുന്നതിലധികവും. ഇന്നലത്തെ പോലെ അഞ്ചരയോടെ തമൽ മസ്ജിദിലേക്ക് പോയി. ഇന്ന് പക്ഷെ ഒറ്റക്കല്ല കൂടെ ഖുർമയിലേക്ക് പോരാനുള്ള അസീസും ഫാരിസും ആബിദും ഉണ്ട്. നമുക്ക് റമദാൻ ഒന്ന് ആണെങ്കിൽ നേപ്പാളിൽ ഇന്ന് അവരുടെ 2078th പുതുവത്സര ദിനമാണ്.

രസകരമായ പുതുവർഷ ചടങ്ങുകൾ ഉള്ള നാടാണ് നേപ്പാൾ. ലൂണാർ കലണ്ടർ അനുസരിച്ചാണ് പരമ്പരാഗത നേപ്പാളികൾ പുതുവർഷം ആഘോഷിക്കുന്നത്. ഇംഗ്ലീഷ് കലണ്ടർ പ്രകാരം ഇത്  ഏപ്രിൽ മാസത്തിലാണ് വരിക. പല ബാർ ഹോട്ടലുകൾക്ക് മുമ്പിലും ന്യൂഇയർ സ്പെഷ്യൽ ബോർഡുകൾ കാണുന്നുണ്ട്. ആഘോഷങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാട്ടിൽ ആഘോഷങ്ങളുടെ പൊടിപൂരമാവും ഇന്ന്. അതിന് മുമ്പേ റൂമിലെത്തണം.

തമൽ മസ്ജിദ് ഗല്ലിയിൽ എത്തിയപ്പോൾ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാഴ്ചയാണ് ഞങ്ങളെ വരവേറ്റത്. അവിടെ നോമ്പ് തുറപ്പിക്കാനുള്ള സൽക്കാരമാണ്. ഇഫ്താർ കിറ്റുകൾ നിരനിരയായി വെച്ചിരിക്കുന്നു. വിളിച്ച് വരുത്തി നൽകുകയാണ്. ധാരാളം വിഭവങ്ങളൊന്നുമില്ല. ഒരു ഈത്തപ്പഴം, ഒരു ലിറ്ററിന്റെ കുപ്പിവെള്ളം, രണ്ട് കഷ്ണം ബത്തക്ക, ഒരു കഷ്ണം സബർജൽ, ഒരു വലിയ ചപ്പാത്തി അത് കഴിക്കാനാവശ്യമായ മട്ടൻ കറിയും ചെറിയ രണ്ട് മട്ടൻപീസും. ആത്മാർഥതയോടെയുള്ള ക്ഷണം നിരസിക്കുന്നത് അവരിൽ അനിഷ്ടം സൃഷ്ടിക്കും. ഓരോ പൊതി ഞങ്ങളും വാങ്ങി. പക്ഷെ ഒരു നിബന്ധന മാത്രം. കിറ്റും പിടിച്ച് അവിടെ നിൽക്കാൻ പാടില്ല. കൂട്ടംകൂടി നിൽക്കുന്നത് നിയമപരമായി വല്ല പ്രയാസവും സൃഷ്ടിക്കും എന്നതുകൊണ്ടോ വീണ്ടും പൊതി വാങ്ങും എന്നതുകൊണ്ടോ എന്താണെന്നറിയില്ല കിറ്റ് വാങ്ങിയാൽ അവിടെ നിന്ന് പോകണം. ഞങ്ങൾ നിസ്കരിക്കാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ എങ്കിൽ പള്ളിയിൽ കയറി ഇരിക്കാമല്ലോ എന്നായിരുന്നു മറുപടി.

ബാങ്ക് വിളിക്കാൻ ഇനിയും മുക്കാൽ മണിക്കൂർ സമയമുണ്ട്. വുളു എടുത്ത് തമൽ മസ്ജിന്റെ മുകളിലെ നിലയിലേക്ക് കയറി. അസറ് നമസ്കരിക്കുന്നവരും ഖുർആൻ പാരായണം ചെയ്യുന്നവരായി കുറച്ചധികം പേർ അവിടെയുണ്ട്. ഒന്നാം നിലയേക്കാൾ സൗകര്യമുണ്ട് രണ്ടാം നിലയിൽ എന്ന് തോന്നി. ചിലർ കിറ്റ് അവിടെ വെച്ച് പുറത്തിറങ്ങി. അൽപ സമയം ഖുർആൻ ഓതിയപ്പോഴേക്കും മഗ്‌രിബിനുള്ള സമയമായി. ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നേപ്പാളിലെ ആദ്യ നോമ്പ് തുറക്ക് വേണ്ടി.
അല്ലാഹു അക്ബർ,
അല്ലാഹു അക്ബർ.
ഒരു പുതിയ അനുഭവത്തിന് കൂടി സാക്ഷ്യം വഹിക്കുകയാണ്. എല്ലാവരും നോമ്പ് തുറന്ന് ചപ്പാത്തിയും കഴിച്ച് നിസ്കരിക്കാനായി താഴത്തെ നിലയിലേക്കിറങ്ങി.

മഗ്‌രിബ് നമസ്കാര ശേഷം ഗല്ലിയിലേക്കിറങ്ങി. നേരത്തേ നിശ്ചയിച്ചത് പ്രകാരം ഏറ്റവും അടുത്ത് കണ്ട ഹോട്ടലിൽ തന്നെ കയറി. നാലാൾക്ക് രണ്ട് പ്ലേറ്റ് മട്ടൻ കടായിക്ക് ഓർഡർ കൊടുത്ത് കാത്തിരുന്നു. ഭക്ഷണം കഴിക്കാനെത്തിയവരുടെ നല്ല തിരക്കാണവിടെ. കൂടുതൽ ആളുകളും ബിരിയാണിയാണ് കഴിക്കുന്നത്. ഒരു പ്ലേറ്റ് ബിരിയാണിക്ക് 260 റുപീയാണത്രെ. അതിനിടയിൽ ചില മലയാളികൾ പാർസൽ വാങ്ങി പോകുന്നതും കണ്ടു. ഫുട്ബാൾ കളിക്കാരുടെ വേഷത്തിൽ ഒരു ഇംഗ്ലീഷുകാരി അവിടെ ഇരുന്ന് ബിരിയാണി തട്ടുന്നുണ്ട്. കാത്തിരിപ്പിനൊടുവിൽ ആവി പാറുന്ന മട്ടൻ കടായിയും തന്തൂരി റൊട്ടിയും മുൻപിലെത്തി. ഒരു പ്ലേറ്റിൽ നാല് വലിയ കഷ്ണം മട്ടനുണ്ട്. നല്ല രുചികരമായ വിഭവം. 1200 നേപ്പാളി റുപീ (750inr) കൊടുത്താലെന്താ വയറ് നിറഞ്ഞല്ലോ. ആബിദും അസീസും അടുത്തുള്ള ചായക്കടയിൽ നിന്ന് ഓരോ ചായയും വാങ്ങി റൂമിലുള്ള ജിബിന് വാങ്ങിയ ചിക്കൻ കടായിയുമായി ഹോട്ടലിലേക്ക് മടങ്ങി.

ഹോട്ടലിൽ തറാവീഹ് സംഘടിപ്പിക്കുന്നതിനെ കുറിച്ച് നേരത്തെ ചില ആലോചനകൾ നടന്നിരുന്നു. റൂമിലേക്ക് പോകാനായി ലിഫ്റ്റിൽ കയറിയപ്പോഴാണറിയുന്നത് മുകൾ നിലയിൽ നമസ്ക്കാരം നടക്കുന്നുണ്ടെന്ന്. റൂമിൽ പോയി വുളു എടുത്ത് അങ്ങോട്ട് പോയി ഇശാ നിസ്കരിച്ച് തറാവീഹിലും പങ്കെടുത്തു. നാട്ടിലെ തറാവീഹിൽ പങ്കെടുത്ത അതേ പ്രതീതി. നിസ്കാരത്തിന് നേതൃത്വം നൽകിയ ഉസ്താദ് നാളെ രാവിലെ സൗദിയിലേക്ക് പോകുകയാണ്. നാളെ മറ്റൊരാളായിരിക്കും ഇമാം. 15 ദിവസം തികച്ചവർ സൗദിയിലേക്ക് പോകുമ്പോൾ മലയാളികളടക്കം ഇന്ത്യയിൽ നിന്ന് പുതിയ ആളുകൾ വന്നുകൊണ്ടിരിക്കുന്നു. നൂൽപാലത്തിൻ മേൽ നിൽക്കുന്നത് പോലെയാണ് ഈ 15 ദിവസത്തെ താമസം. എപ്പോഴാണിത് സ്‌റ്റോപ്പാവുന്നത് എന്നറിയില്ല. നേപ്പാളും സൗദിയും വിലക്കാത്തിടത്തോളം ഈ പ്രയാണം തുടരും. എവിടെയെങ്കിലും ഒരിടത്ത് ലോക്ക് വീണാൽ ഈ വഴിയും അടയും.

✍️ഫൈസൽ മാലിക് .എ ആർ നഗർ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്