Sunday, April 20, 2025
GCCTop Stories

നിലവിലെ സാഹചര്യത്തിൽ പ്രവാസികൾ അവധിക്ക് നാട്ടിലേക്ക് പോകുന്നത് പുലിവാലാകുമോ

ജിദ്ദ: ഇന്ത്യയിലെ കൊറോണ സാഹചര്യം വളരെ മോശമായ അവസ്ഥയിലൂടെ കടന്ന് പോകുന്ന ഈ സന്ദർഭത്തിൽ പ്രവാസികൾ നാട്ടിലേക്ക് അവധിക്ക് പോകുന്നത് ഉചിതമാകുമോ എന്ന സംശയം പലർക്കുമുണ്ട്.

നാട്ടിൽ അവധിയിലെത്തി ഉദ്ദേശിച്ച ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രവാസ ലോകത്തേക്ക് മടങ്ങാനാകുമോ എന്നതിനെക്കുറിച്ചാണു പ്രവാസികൾ ഈ സാഹചര്യത്തിൽ കൂടുതൽ ആശങ്കപ്പെടുന്നത്.

മറ്റു പല ഗൾഫ് രാജ്യങ്ങളും അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്ന സാഹചര്യത്തിലും ഇന്ത്യയിൽ നിന്നുള്ള സർവീസുകൾക്ക് വിലക്കേർപ്പെടുത്താതിരുന്ന യു എ ഇ വരെ ഇപ്പോൾ വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യമാണിതെന്ന് ഓരോ പ്രവാസിയും പ്രത്യേകം ഓർക്കേണ്ടതുണ്ട്.

നിലവിൽ ബഹ്രൈൻ മാത്രമാണു പ്രവാസികൾക്ക് നേരിട്ട് പോകാൻ സാധിക്കുന്ന ഏക ഗൾഫ് രാജ്യം. മറ്റു ഗൾഫ് രാജ്യങ്ങളിൽ പ്രവേശിക്കണമെങ്കിൽ ഇപ്പോൾ ബഹ്രൈനിലോ അല്ലെങ്കിൽ മാലിദ്വീപ് പോലുള്ള രാജ്യങ്ങളിലോ 14 ദിവസം ക്വാറൻ്റൈനിൽ കഴിയേണ്ട സ്ഥിതിയാണുള്ളത്.

സൗദി അറേബ്യ മെയ് 17 മുതൽ തങ്ങളുടെ പൗരന്മാർക്ക് പുറത്തേക്ക് പോകുന്നതിനുള്ള അനുമതി നൽകുന്നതോടെ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുമെങ്കിലും ഇന്ത്യയിലെ കൊറോണ സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് സൗദിയിലെക്ക് നേരിട്ടുള്ള പ്രവേശനം അനുവദിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണു വിലയിരുത്തപ്പെടുന്നത്.

ഇവക്കെല്ലാം പുറമെ നേരത്തെ പ്രവാസികൾ സുരക്ഷിതമെന്ന് കരുതിയിരുന്ന കേരളത്തിലെ ടെസ്റ്റ് പോസിറ്റിവി നിരക്ക് എന്നും 20 നും 30 നും ഇടയിലാണെന്നത് പ്രത്യേകം ഓർക്കുക. അതായത് പത്തിൽ രണ്ടോ മൂന്നോ ആളുകൾക്ക് നാട്ടിൽ കൊറോണയുണ്ടെന്ന് സാരം. നിലവിൽ ഏറ്റവും സുരക്ഷിതമായ സാഹചര്യമുള്ളത് ഗൾഫ് രാജ്യങ്ങളിലാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അതോടൊപ്പം ഈ സന്ദർഭത്തിൽ നാട്ടിലെത്തിയാൽ നാട്ടിലെ കർശന നിയന്ത്രണങ്ങൾക്കിടയിൽ അവധി ആഘോഷിക്കാനോ ആശ്വാസത്തോടെ പുറത്തിറങ്ങാനോ പ്രവാസികൾക്ക് സാധിക്കില്ലെന്നതും ഉറപ്പായ കാര്യമാണ്. അത് കൊണ്ട് തന്നെ ചുരുങ്ങിയ അവധികൾ ലഭിക്കുന്ന കംബനി ജീവനക്കാർ ഒരു പരീക്ഷണത്തിനു മുതിരാതെ വെക്കേഷൻ കുറച്ച് ദിവസങ്ങൾ കൂടി വൈകിക്കലായിരിക്കും നല്ലത് എന്നാണു പലരും അഭിപ്രായപ്പെടുന്നത്.

അതേ സമയം ആറു മാസമോ അധിലധികമോ എല്ലാം നാട്ടിൽ നിൽക്കാൻ പ്രയാസമില്ലാത്തവർക്ക് ഈ സാഹചര്യത്തിലും നാട്ടിലേക്ക് വരുന്നതിനു വലിയ പ്രയാസം ഉണ്ടാകാനിടയില്ല. എങ്കിലും നാട്ടിൽ വാണിജ്യ, നിർമ്മാണ മേഖലകളെല്ലാം ഒരു പ്രത്യേക സ്തംഭനാവസ്ഥയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ നീണ്ട അവധിയിൽ എത്ര കാലം നാട്ടിൽ തുടരാൻ സാധിക്കുമെന്നതും ആലോചിക്കേണ്ടതുണ്ട്.

നിലവിൽ പരിക്ഷണാർഥം ലോക്ക് ഡൗണുകൾ കേരളമടക്കം പല സംസ്ഥാനങ്ങളിലും നിലവിൽ വന്ന് കഴിഞ്ഞു. കൊറോണ കേസുകൾ കുറഞ്ഞില്ലെങ്കിൽ ലോക്ക് ഡൗണുകൾ ഇനിയും ഉണ്ടാകാനാണു സാധ്യത. അതോടൊപ്പാം ഗൾഫിലേക്കുള്ള മടക്കത്തിനുള്ള ബാക്കിയുള്ള മാർഗങ്ങൾ കൂടി അടഞ്ഞാൽ അത് അവധിയിലെത്തുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടിയായേക്കാനും സാധ്യതയുണ്ട്.

ലോകത്തെ മറ്റു പല രാജ്യങ്ങളിലും കണ്ടത് പോലെ ഇന്ത്യയിലേയും ഇപ്പോഴത്തെ കൊറോണ കേസുകളുടെ എണ്ണം വൈകാതെ കുറഞ്ഞേക്കാം. അതോടെ അന്താരാഷ്ട്ര വിമാന സർവീസുകളും പുനരാരംഭിക്കുകയും പ്രവാസികൾക്ക് പഴയ പോലെ അവധിക്ക് നാട്ടിലേക്ക് വരാൻ സാധിക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യും എന്ന് തന്നെ പ്രതീക്ഷിക്കാം. അത് കൊണ്ട് തന്നെ അത്യാവശ്യമായി നാട്ടിൽ വരേണ്ട സ്ഥിതി ഇല്ലാത്തവർക്ക് വെക്കേഷൻ കുറച്ച് ആഴ്‌ചകൾ കൂടി വൈകിക്കുന്നതായിരിക്കും ഉത്തമം .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്