സൗദിയിലേക്ക് ഖത്തർ വഴി ചുരുങ്ങിയ നിരക്കിൽ പറക്കാൻ ഒരുങ്ങി പ്രവാസികൾ; യാത്രാ ചിലവ് ചുരുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
കരിപ്പൂർ: ഖത്തറിലേക്ക് ഓൺ അറൈവൽ വിസ അനുവദിക്കാൻ തുടങ്ങിയതോടെ സൗദിയിലേക്ക് മടങ്ങാനുള്ള ഇന്ത്യക്കാർ ദോഹ വഴി സൗദിയിലേക്ക് പറക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
കഴിഞ്ഞ ദിവസങ്ങളിൽ പല പ്രവാസികളും ഖത്തറിൽ ചെന്നിറങ്ങിയിട്ടുണ്ട്. പലരും സമീപ ദിനങ്ങളിൽ സ്വന്തം നിലയിലും ട്രാവൽസുകൾ മുഖേനയും യാത്ര ചെയ്യാനുള്ള ഒരുക്കത്തിലുമാണുള്ളത്.
ഈ സാഹചര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രവാസികൾക്ക് ഖത്തർ വഴി സൗദിയിലേക്കുള്ള യാത്ര ചിലവ് ചുരുങ്ങിയ രീതിയിലാക്കാൻ സാധിക്കുമെന്ന് സ്വന്തം നിലയിൽ ഖത്തറിലേക്ക് പോകാനൊരുങ്ങുന്ന വണ്ടൂർ സ്വദേശി ബഷീർ അറേബ്യൻ മലയാളിയോട് പറഞ്ഞു.
ആദ്യമായി ബഷീർ ഇതിനായി ഖത്തറിലേക്കുള്ള എയർ ടിക്കറ്റും ഖത്തറിലെത്തി 14 ദിവസത്തിനു ശേഷം സൗദിയിലേക്ക് പറക്കാനുള്ള എയർ ടിക്കറ്റും ആദ്യം തന്നെ പർച്ചേസ് ചെയ്യുകയായിരുന്നു ചെയ്തത്. അതോടൊപ്പം ടൂറിസ്റ്റുകൾക്ക് റിട്ടേൺ ടിക്കറ്റ് നിർബന്ധമുള്ളതിനാൽ പിന്നീട് കാൻസൽ ചെയ്യാൻ പറ്റുന്ന ഒരു റിട്ടേൺ ടിക്കറ്റും എടുത്തു.
ഇനി അടുത്ത ഘട്ടം ഖത്തറിലെ താമസത്തിനായുള്ള ഹോട്ടൽ ബുക്കിംഗ് ആണ്. രണ്ട് പേർക്ക് താമസിക്കാവുന്ന റൂം ബുക്ക് ചെയ്യുകയാണു താമസച്ചിലവ് കുറക്കാൻ ഏറ്റവും നല്ല മാർഗമെന്നും താനും സുഹൃത്തുക്കളും ഇതിനായി ഖത്തറിലുള്ള സുഹൃത്തുക്കൾ വഴിയോ ട്രാവൽസുകൾ വഴിയോ മറ്റോ ബുക്കിംഗ് നടത്തിക്കുകയോ ചെയ്യാനാണു ശ്രമമെന്നും ബഷീർ പറഞ്ഞു. നാട്ടിലുള്ള ട്രാവൽസുകൾ വഴിയും ടിക്കറ്റ് ഒഴികെയുള്ള പാക്കേജുകൾ ലഭ്യമാകുന്നുണ്ട് എന്നതും താമസത്തിനും മറ്റും സഹയകരമാകും.
ഇത്തരത്തിൽ യാത്ര ചെയ്ത് സൗദിയിലെത്തുന്നതിനു ഖത്തറിലെ ഭക്ഷണച്ചിലവുകളും ഖത്തറിൽ നിന്നെടുക്കേണ്ട രണ്ട് പി സി ആർ ടെസ്റ്റുകളും അടക്കം തനിക്ക് 75,000 ഇന്ത്യൻ രൂപയിൽ താഴെ മാത്രമേ ചിലവ് വരികയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
എറ്റവും അടുത്ത ഡേറ്റുകളിൽ യാത്ര ചെയ്യാനായി ടിക്കറ്റ് പർച്ചേസ് ചെയ്യുന്ന സമയം ഉയർന്ന നിരക്ക് കൊടുക്കേണ്ടി വരും. കുറച്ച് ദിവസം കഴിഞ്ഞാണു യാത്ര ചെയ്യുന്നതെങ്കിൽ നിരക്ക് കുറയും. അതേ സമയം ചില ദിവസങ്ങളിൽ അടുത്ത ഡേറ്റുകളാണെങ്കിൽ പോലും ടിക്കറ്റ് നിരക്കിൽ കുറവ് കാണാറുമുണ്ട്. പല വിമാനക്കംബനികളുടെ നിരക്കിലും വലിയ ഏറ്റക്കുറച്ചിലുകൾ കാണാനുണ്ട്.
ഖത്തറിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റാണു താൻ എടുത്തതെന്നും മറ്റുള്ളവയെ അപേക്ഷിച്ച് നിരക്ക് കുറവും റീഫണ്ട് ചെയ്യേണ്ടി വന്നാൽ കുറഞ്ഞ കാൻസലേഷൻ ചാർജ്ജും എയർ ഇന്ത്യ എക്സ്പ്രസിനാണെന്നുമാണു അന്വേഷണത്തിൽ വ്യക്തമായതെന്നും ബഷീർ പറയുന്നു.
ഈ സാഹചര്യത്തിൽ പ്രവാസികൾ തങ്ങളുമായി ബന്ധമുള്ള ട്രാവൽ ഏജൻസികളെ സമീപിച്ച് റീഫണ്ടബിൾ ആയ ടിക്കറ്റുകൾ നേരത്തെ ഇഷ്യു ചെയ്താൽ യാത്രാ ചിലവ് വലിയ തോതിൽ കുറക്കാൻ സാധിച്ചേക്കുമെന്നാണു മനസ്സിലാകുന്നത്.
അതേ സമയം സ്വന്തം നിലയിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ദിവസങ്ങളിൽ മുടക്കേണ്ട തുകയിൽ നിന്ന് അല്പം കൂടുതൽ മാത്രമേ ട്രാവൽ ഏജൻസികൾ വഴിയുള്ള പാക്കേജുകൾക്ക് ചിലവ് വരികയുള്ളൂ എങ്കിൽ ട്രാവൽ ഏജൻസികൾ വഴി പോകുന്നതായിരിക്കും ഉചിതം. കാരണം ട്രാവൽ ഏജൻസികൾക്ക് ചെറിയ സർവീസ് ചാർജ്ജ് നൽകിയാലും മറ്റു ഉത്തരവാദിത്വങ്ങളോ ടെൻഷനോ ഇല്ലാതെ യാത്ര ചെയ്യാൻ അത് യാത്രക്കാരെ സഹായിക്കും.
ഖത്തറിലേക്ക് പോകുന്നതിനു12 മണിക്കൂർ മുംബ് പി സി ആറും റിട്ടേൺ ടിക്കറ്റും വാക്സിൻ സർട്ടിഫിക്കറ്റും ഹോട്ടൽ ബുക്കിംഗ് വൗച്ചറുമെല്ലാം ഇഹ്തിറാസ് പോർട്ടലിൽ അപ് ലോഡ് ചെയ്ത് രെജിസ്റ്റർ ചെയ്യേണ്ടതുണ്ട് ഈ അവസരത്തിൽ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa